വാഷിങ്ടൻ: ഇറാൻ യുദ്ധത്തിൽ വെടിനിർത്തൽ നടപ്പാക്കുന്നതിനുള്ള ചര്‍ച്ചകൾ ഇസ് ലാമാബാദിൽ നടക്കാനിരിക്കെ ഹൊർമുസ് കടലിടുക്ക് തുറക്കുന്നതിൽ നിലപാട് വ്യക്താമക്കി ട്രംപ്. ഇറാന്റെ സഹായത്തോടെയോ അല്ലാതെയോ ഹുർമുസ് കടലിടുക്ക് "വളരെ വേഗം" വീണ്ടും തുറക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു,
ഇറാനുമായി കരാർ ഉണ്ടായാലും ഇല്ലെങ്കിലും ഹുർമുസ് കടലിടുക്ക് തുറക്കും. യു.എസ് ഗൾഫ് തുറക്കുമെന്നും മറ്റ് രാജ്യങ്ങൾ സഹായിക്കാ തയ്യാറാണെന്നും പറഞ്ഞു. "ഇത് എളുപ്പമായിരിക്കില്ല," "ഞാൻ ഇത് പറയും, ഞങ്ങൾ അത് വളരെ വേഗം തുറക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ സൈന്യം പരാജയപ്പെട്ടെന്നും ചർച്ചകളുടെ ഫലം എന്തായാലും തന്ത്രപ്രധാനമായ ഹോർമുസ് ജലപാത തുറക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. യു.എസ് സംഘത്തെ നയിക്കുന്നത് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസാണ്. യു.എസ് സംഘത്തിന് ആശംസകൾ നേരുന്നതായി ട്രംപ് പറഞ്ഞു. ‘‘വാൻസിന് വലിയൊരു ദൗത്യമാണുള്ളത്. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ വിലയിരുത്തും. ഇറാൻ സൈനികമായി പരാജയപ്പെട്ടുകഴിഞ്ഞു. ഞങ്ങൾ ഹോർമുസ് തുറക്കാൻ പോകുകയാണ്. യു.എസ് അവിടെയുണ്ടാകും’’– ട്രംപ് പറഞ്ഞു.
ഇക്കാര്യത്തിൽ വളരെ വേഗത്തിൽ നടപടിയെടുക്കുമെന്നും വൈകുകയാണെങ്കിൽ നിർണായകമായ തീരുമാനങ്ങൾ സ്വീകരിക്കാനുള്ള സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ നാവികസേനയും വ്യോമസേനയും വ്യോമ പ്രതിരോധ സംവിധാനങ്ങളും നേതാക്കളും എല്ലാം ഇല്ലാതായെന്നും അതിനാൽ ചർച്ചകളുടെ ഫലം എന്താകുമെന്ന് കാണാമെന്നും ട്രംപ് പറഞ്ഞു.
ഹുർമുസ് എങ്ങനെ തുറക്കുമെന്ന് വിശദീകരിക്കാത്ത ട്രംപ്, കടലിടുക്കിൽ ഇറാൻ ടോൾ ബൂത്ത് സംവിധാനം ഏർപ്പെടുത്തുന്നത് അംഗീകരിക്കില്ലെന്നും പറഞ്ഞു. യു.എസുമായി യുദ്ധം അവസാനിപ്പിക്കാൻ കരാറിൽ എത്തിയാൽ പോലും ഹുർമുസിൽ കപ്പലുകൾക്ക് ഫീസ് ഈടാക്കാൻ ഉദ്ദേശിക്കുന്നതായി ടെഹ്‌റാൻ സൂചിപ്പിച്ചു.
എന്നാൽ അത് അംഗീകരിക്കില്ലെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഏതൊരു കരാറിലും ഇറാന്റെ കൈവശം ആണവായുധങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുന്നത് മുൻഗണനയാണെന്നും കടലിടുക്ക് "യാന്ത്രികമായി" തുറക്കുമെന്നും ട്രംപ് പറഞ്ഞു.
ലബനാനിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണമെന്നും രാജ്യത്തിന്‍റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണമെന്നുമാണ് സമാധാന ചര്‍ച്ചക്ക് ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് മുന്നോട്ടു വെച്ച പ്രധാന ഉപാധി. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഇതേ നിലപാട് ആവർത്തിച്ചിരുന്നു.
ലബനാനിൽ ഇസ്രായേലിന്റെ വ്യോമാക്രമണം തുടരുകയാണ്. വെള്ളിയാഴ്ച ബൈറൂത്തിന്റെ വിവിധ മേഖലകളിലുണ്ടായ ആക്രമണത്തിൽ 20ഓളം പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ ലക്ഷ്യമാക്കി ഹിസ്ബുല്ലയുടെ പ്രത്യാക്രമണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലബനാൻ-ഇസ്രായേൽ ചർച്ചക്ക് വഴിയൊരുക്കുമെന്ന് റിപ്പോർട്ടുണ്ട്. അതിനിടെ, ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ച് മറ്റു ചില നയതന്ത്ര നീക്കങ്ങളും പുരോഗമിക്കുന്നുണ്ട്.
അതേസമയം, ചർച്ചകൾക്കായി യു.എസിന്റെയും ഇറാെൻയും പ്രതിനിധികൾ പാക് തലസ്ഥാനത്തെത്തി. വെള്ളിയാഴ്ച വൈകീട്ട്, ഇസ്‍ലാബാദിലെ സറീന ഹോട്ടലിൽ ചർച്ചക്ക് തുടക്കമായെങ്കിലും, ശനിയാഴ്ച യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഉൾപ്പെടെയുള്ളവർകൂടി ചേരുന്നതോടെയാകും നിർണായക വിഷയങ്ങൾ ഉന്നയിക്കപ്പെടുക. രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ലബനാനിൽ ഇസ്രായേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ചർച്ചയുടെ ഫലശ്രുതി സംബന്ധിച്ച് ആശങ്ക നിഴലിക്കുന്നുവെങ്കിലും മാധ്യസ്ഥ്യശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന പാകിസ്താൻ, തുർക്കിയ, ഈജിപ്ത് പ്രതിനിധികൾ തികഞ്ഞ പ്രതീക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.