വാഷിങ്ടൺ: ഇറാൻ-യു.എസ് യുദ്ധത്തിൽ സമാധാന ചർച്ചയിൽ ഇറാൻ മുന്നോട്ടുവെച്ച പുതിയ നിർദ്ദേശത്തിൽ അതൃപ്തി പ്രകടിപ്പിച്ചു യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കില്ലെന്നും ട്രംപ് ഭീഷണിപ്പെടുത്തി. തനിക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് അവർ ആവശ്യപ്പെടുന്നത്. മൂന്ന് വർഷത്തിനുള്ളിൽ ഇതുപോലുള്ള ഒരു പ്രശ്നം ഉണ്ടാകുമോ എന്നും ട്രംപ് ചോദിച്ചു. ഇറാന്റെ സൈന്യത്തെ അമേരിക്ക നശിപ്പിച്ചുവെന്നും ട്രംപ് വെള്ളിയാഴ്ച അവകാശപ്പെട്ടു. ചർച്ചകൾ വീണ്ടും അനിശ്ചിതത്വത്തിലാണെന്ന് തോന്നുന്നുവെന്ന് പറഞ്ഞ ട്രംപ്, ഇറാനുമായി ഒരു കരാറിൽ എത്തിയില്ലെങ്കിൽ അമേരിക്കക്ക് മെച്ചമായിരിക്കുമെന്നും കൂട്ടിച്ചേർത്തു. ഇറാൻ വിഷയത്തിൽ തന്റെ മുന്നിലുള്ള മാർഗം "പോയി ബോംബിട്ട് അവരെ തകർത്ത് എന്നെന്നേക്കുമായി അവസാനിപ്പിക്കുക" മാത്രമാണെന്ന് പ്രസിഡന്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. "അതോ നമ്മൾ ഒരു കരാർ ഉണ്ടാക്കാൻ ശ്രമിക്കണോ?" അദ്ദേഹം ചോദിച്ചു.
'സത്യം പറഞ്ഞാൽ, ഒരു കരാറിൽ ഏർപ്പെടാതിരിക്കുന്നതാണ് നമുക്ക് നല്ലത്. നിങ്ങൾക്ക് സത്യം അറിയണോ? കാരണം ഇത് തുടരാൻ ഞങ്ങൾക്ക് കഴിയില്ല' ട്രംപ് പറഞ്ഞു.സമാധാന ചർച്ചക്ക് ഇറാൻ പാകിസ്താൻ മുഖേന കൈമാറിയ നിർദേശങ്ങളാണ് അമേരിക്ക തള്ളിയത്.
'ഒരു കരാറിലെത്തണമെന്നാണ് ഇറാൻ ആഗ്രഹിക്കുന്നത്. അത് തനിക്കറിയാം. എങ്കിലും, അവർ മുന്നോട്ടുവെക്കുന്ന നിർദേശങ്ങളിൽ അത്ര തൃപ്തനല്ല ഞാൻ. ഇറാനിൽ ആകെ കുഴപ്പങ്ങളും നേതാക്കൾ തമ്മിലുള്ള ഭിന്നതയുമാണ്. അതുപോലുള്ള വിവരങ്ങളാണ് അവിടെ നിന്ന് വരുന്നത്. നിലവിൽ, ഇറാൻ നൽകിയ നിർദേശം സ്വീകാര്യമല്ല. അവരതിൽ മാറ്റം വരുത്തി പുതിയത് കൈമാറട്ടെ. ഇറാൻ അൽപം ആശയക്കുഴപ്പത്തിലാണെന്നറിയാം. എങ്കിലും ചർച്ചകൾ തുടരട്ടെ'. ട്രംപ് പറഞ്ഞു.
ഇറാൻ ആണവ നിരായുധീകരണത്തിന് തയ്യാറാവണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോൾ ചർച്ച വേണ്ടെന്നും ഇത് അടുത്ത ഘട്ടത്തിൽ ചർച്ച ചെയ്യാമെന്നുമാണ് ഇറാന്റെ നിലപാട്.ഇരുകൂട്ടരും തമ്മിൽ നേരത്തെയും സമാധാന ചർച്ചകൾ നടന്നിരുന്നെങ്കിലും അലസിപ്പിരിയുകയായിരുന്നു. ഫെബ്രുവരി 28ന് ആരംഭിച്ച യു.എസ്-ഇസ്രായേൽ ആക്രമണത്തിന് പിന്നാലെയുണ്ടായ യുദ്ധം രണ്ടുമാസം പിന്നിട്ടിരിക്കുകയാണ്. അതേസമയം യുദ്ധത്തിന് യു.എസ് കോൺഗ്രസിന്റെ അനുമതി തേടാനുള്ള 60 ദിവസത്തെ സമയപരിധി അവസാനിക്കവേ, ഇറാനുമായുള്ള ശത്രുത അവസാനിച്ചു എന്നും ഇനി അനുമതി തേടേണ്ട ആവശ്യമില്ലെന്നുമാണ് ട്രംപിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ട്രംപ് കോൺഗ്രസിന് കത്ത് കൈമാറുകയും ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.