വാഷിങ്ടൺ: പ്രസിഡന്റ് പദവിയിലെ രണ്ടാംടേമിൽ ഡോണൾഡ് ട്രംപിന് സുപ്രധാനം നേട്ടം നൽകി ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസായി. ജനപ്രതിനിധിസഭയിൽ 214നെതിരെ 218 വോട്ടുകൾക്കാണ് ബില്ല് പാസായത്. വെള്ളിയാഴ്ച ട്രംപ് ബില്ലിൽ ഒപ്പുവെക്കും.
അനധികൃത കുടിയേറ്റം തടയുന്നതിന് വേണ്ടി പണം കണ്ടെത്തൽ, 2017 നികുതി ഇളവുകൾ സ്ഥിരമാക്കൽ, 2024ൽ വാഗ്ദാനം ചെയ്ത പുതിയ നികുതി നിരക്കുകൾ എന്നിവ നടപ്പാക്കുകയാണ് ബില്ലിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്. വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസായത് ചരിത്രനേട്ടമാണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ഇളവ്, തെക്കൻ അതിർത്തിയിൽ സുരക്ഷ എന്നിവയെല്ലാം ബിൽ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
നാടകീയതകൾക്കൊടുവിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബില്ലി’ന് യു.എസ് സെനറ്റ് അംഗീകാരം നൽകിയത്. 24 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചക്കുശേഷം നടന്ന വോട്ടെടുപ്പിൽ 51-50 വോട്ടിനാണ് ബിൽ പാസായത്.വോട്ട് തുല്യമായതോടെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ കാസ്റ്റിങ് വോട്ടാണ് കാര്യങ്ങൾ ട്രംപിന് അനുകൂലമാക്കിയത്.
സാമൂഹികക്ഷേമ പദ്ധതികൾ വെട്ടിക്കുറച്ച് ദേശീയ കടത്തിൽ മൂന്ന് ട്രില്യൻ ഡോളർ കൂട്ടിച്ചേർക്കാൻ ലക്ഷ്യമിടുന്നതാണ് ബിൽ. കുറഞ്ഞ വരുമാനമുള്ള ലക്ഷക്കണക്കിന് വരുന്ന അമേരിക്കക്കാരുടെ ആരോഗ്യ പരിരക്ഷ ഇല്ലാതാക്കുന്ന ബില്ലിന് ഏറെ എതിർപ്പുകളുണ്ടായിരുന്നു.
നേരത്തെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുൾ ബിൽ' പാസാക്കിയാൽ പുതിയ പാർട്ടിയുണ്ടാക്കുമെന്ന് ഇലോൺ മസ്ക് വ്യക്തമാക്കിയിരുന്നു. എങ്കിൽ ടെസ്‍ലയുടെ സബ്സിഡികൾ നിർത്തലാക്കുമെന്നും മസ്കിന് കടപൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുപോകേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.