ഡോണൾഡ് ട്രംപ്
ഫ്രാൻസ് കത്തുകയാണെന്ന് ട്രംപ്; പ്രതിഷേധങ്ങൾക്ക് പിന്നിൽ കുടിയേറ്റമെന്ന് വിമർശനം
ജോർജിയ: കുടിയേറ്റ നയങ്ങളുടെ പൂർണ പരാജയമാണ് ഫ്രാൻസ് ഇപ്പോൾ കത്തിക്കൊണ്ടിരിക്കാൻ കാരണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രാജ്യത്തെ വെറുക്കുന്നവർക്കായി അതിർത്തികൾ തുറന്നു കൊടുത്തതാണ് ഈ അവസ്ഥക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജോർജിയയിലെ പെറിയിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രാൻസിൽ പൊലീസ് സംവിധാനം ഉണ്ടെങ്കിലും അവർക്ക് സ്വതന്ത്രമായി ജോലി ചെയ്യാൻ അനുവാദമില്ലെന്നും അതുകൊണ്ടാണ് രാജ്യം കത്തുന്നതെന്നും ട്രംപ് പറഞ്ഞു. ഫ്രാൻസിനെയും ഫ്രാൻസിലെ ജനങ്ങളെയും വെറുക്കുന്നവരാണ് രാജ്യത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രാൻസിൽ നടക്കുന്ന പ്രതിഷേധങ്ങൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതാണെന്ന വാദം ട്രംപ് തള്ളിക്കളഞ്ഞു. ഇത് കുടിയേറ്റ നയങ്ങളുടെ പൂർണ പരാജയമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഫ്രാൻസിലെ നിലവിലെ സാഹചര്യം അമേരിക്കക്ക് ഒരു മുന്നറിയിപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനിടെ കുടിയേറ്റത്തിൽ കർശന നടപടികളുമായി മുന്നോട്ടുപോകുകയാണ് ട്രംപ് ഭരണകൂടം. ട്രംപ് വീണ്ടും അധികാരത്തിൽ എത്തിയ ശേഷം മൂന്നു ലക്ഷത്തിലധികം വിസകൾ റദ്ദാക്കിയതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ് ഉൾപ്പെടെ എട്ട് കമ്പനികളുടെ ഗ്രീൻ കാർഡ് നടപടികൾ മരവിപ്പിക്കുകയും അമേരിക്കൻ തൊഴിൽ നഷ്ടവും തട്ടിപ്പും ചൂണ്ടിക്കാട്ടി ഒമ്പത് പ്രമുഖ സർവകലാശാലകളിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
ഫ്രാൻസിൽ ജീവിതച്ചെലവ് വർധിക്കുന്നതിലും വിദ്യാഭ്യാസ മേഖലക്ക് ഫണ്ട് കുറഞ്ഞതിലും പ്രതിഷേധിച്ചാണ് വലിയ പ്രക്ഷോഭങ്ങൾ നടക്കുന്നത്. തുടക്കത്തിൽ സമാധാനപരമായിരുന്ന പ്രതിഷേധം ശനിയാഴ്ച വൈകിട്ടോടെ പാരീസിൽ സംഘർഷഭരിതമായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പൊലീസ് പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലിയോൺ, ലില്ലെ, മാഴ്സെയ്, മോണ്ട്പെല്ലിയർ, നാന്റസ്, ടൂളൂസ് നഗരങ്ങളിലേക്കും സംഘർഷം വ്യാപിച്ചിട്ടുണ്ട്. രാജ്യത്താകെ നാല് ലക്ഷത്തി പതിനായിരം പേർ മാർച്ച് നടത്തിയതായി സർക്കാർ പറയുമ്പോൾ എട്ട് ലക്ഷത്തോളം പേർ പങ്കെടുത്തതായി സംഘാടകരും പറയുന്നു. നൂറോളം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.