491 ദിവസം ഒറ്റപ്പെട്ട്, ഇരുകാലുകളും നഷ്ടപ്പെട്ടു; യുക്രൈൻ സൈനികനെ ഭീമൻ ഡ്രോണിൽ രക്ഷപ്പെടുത്തി

കിയവ്: റഷ്യൻ യുക്രൈൻ യുദ്ധമുഖത്തുനിന്ന് അവിശ്വസനീയമായ അതിജീവനത്തിന്റെയും രക്ഷാപ്രവർത്തനത്തിന്റെയും വാർത്ത പുറത്ത്. യുദ്ധക്കളത്തിൽ ഇരുപാദങ്ങളും നഷ്ടപ്പെട്ട് 491 ദിവസത്തോളം ഒറ്റപ്പെട്ടുപോയ യുക്രൈൻ സൈനികനെ കൂറ്റൻ ഡ്രോൺ ഉപയോഗിച്ച് വ്യോമമാർഗം സുരക്ഷിതകേന്ദ്രത്തിലെത്തിച്ചു. യുക്രൈനിലെ 30-ാം മെക്കനൈസ്ഡ് ബ്രിഗേഡിലെ അംഗമായ കൊൻസ്റ്റാന്റിൻ വ്ലാസെങ്കോ (49) ആണ് ഈ അദ്ഭുതകരമായ ദൗത്യത്തിലൂടെ ജീവൻ തിരിച്ചുകിട്ടിയത്.

തകർന്ന ഒരു സ്‌കൂളിലെ ബോയിലറിനടിയിൽ 80x60 സെന്റീമീറ്റർ മാത്രം വീതിയുള്ള ചെറിയൊരു കുഴിയിലായിരുന്നു എട്ടു മാസത്തോളമായി ഇദ്ദേഹം അഭയം പ്രാപിച്ചിരുന്നത്. റഷ്യൻ ഡ്രോൺ ആക്രമണത്തിൽ ഇദ്ദേഹത്തിന്റ ഇടതുകാൽ നഷ്ടപ്പെട്ടിരുന്നു. സാരമായി പരിക്കേറ്റ വലതുകാൽ അതിജീവിക്കാനായി കത്തി ഉപയോഗിച്ച് ഇഷ്ടികയിൽ വെച്ച് ഇദ്ദേഹം സ്വയം മുറിച്ചുമാറ്റുകയായിരുന്നു.

പ്രദേശം പൂർണ്ണമായും റഷ്യൻ ഡ്രോണുകളുടെ നിരീക്ഷണത്തിലായിരുന്നതിനാൽ കരമാർഗമുള്ള രക്ഷാപ്രവർത്തനം അസാധ്യമായിരുന്നു. ഇദ്ദേഹത്തെ രക്ഷപ്പെടുത്താനായി അയച്ച രണ്ട് ഗ്രൗണ്ട് റോബോട്ടുകൾ ആക്രമണത്തിൽ തകരുകയും ചെയ്തു.

തുടർന്ന്, ഒക്ടോബർ ആദ്യം ഡ്രോൺ വഴി അയച്ച സാധനങ്ങൾക്കൊപ്പം ഒരു പ്രത്യേക ഹാർനെസും നിർദേശങ്ങളടങ്ങിയ ഫോണും വ്ലാസെങ്കോയ്ക്ക് എത്തിച്ചു നൽകി. ഒക്ടോബർ നാലിന് എത്തിയ ആറ് പ്രൊപ്പല്ലറുകളുള്ള ഭീമൻ ഡ്രോണിൽ ഘടിപ്പിച്ച വിഞ്ചിൽ സ്വയം കൊളുത്തിയിട്ട വ്ലാസെങ്കോയെ, ഏകദേശം 70 മീറ്റർ ഉയരത്തിൽ ഉയർത്തി 15 കിലോമീറ്റർ അകലെയുള്ള സുരക്ഷിത സ്ഥാനത്തേക്ക് ഡ്രോൺ വിജയകരമായി എത്തിക്കുകയായിരുന്നു. യുദ്ധരംഗത്തുനിന്ന് ഡ്രോൺ ഉപയോഗിച്ച് സൈനികനെ രക്ഷപ്പെടുത്തുന്ന ആദ്യ സംഭവങ്ങളിലൊന്നാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    
News Summary - 491 Days Isolated, Lost Both Legs: Ukrainian Soldier Rescued Using Heavy Drone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.