ഇറാനെ ശ്വാസം മുട്ടിച്ച് അമേരിക്ക; ചൈനീസ് റിഫൈനറിക്കും 40 കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്തി ട്രംപ്

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക്. ഇറാന്റെ സാമ്പത്തിക നട്ടെല്ലായ എണ്ണ വ്യാപാരം പൂർണ്ണമായും തകർക്കുക എന്ന ലക്ഷ്യത്തോടെ ചൈനയിലെ വൻകിട റിഫൈനറികൾക്കും കപ്പലുകൾക്കുമെതിരെ അമേരിക്ക കടുത്ത ഉപരോധം ഏർപ്പെടുത്തി. ഹുർമുസ് കടടുടുക്കിൽ അമേരിക്കൻ നാവികസേന ഏർപ്പെടുത്തിയ ഉപരോധത്തിന് പിന്നാലെയാണ് ഈ നീക്കം.

ഇറാന് മേൽ പരമാവധി സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമായി നിർണ്ണായക നീക്കങ്ങളുമായി അമേരിക്ക. ഇറാന്റെ എണ്ണ കയറ്റുമതി തടയുന്നതിനായി ചൈനയിലെ കൂറ്റൻ റിഫൈനറികൾക്കും ഇറാന്റെ 40 കപ്പലുകൾക്കും എതിരെ ട്രംപ് ഭരണകൂടം പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. ഇറാന്റെ സൈന്യത്തിന് കോടിക്കണക്കിന് ഡോളർ ലഭിക്കുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ചൈനയിലെ ഡാലിയൻ തുറമുഖത്തുള്ള ഹെംഗ്ലി പെട്രോകെമിക്കൽ (Hengli Petrochemical) എന്ന സ്ഥാപനമാണ് ഉപരോധത്തിന്റെ പ്രധാന ലക്ഷ്യം. പ്രതിദിനം 4 ലക്ഷം ബാരൽ എണ്ണ സംസ്കരിക്കാൻ ശേഷിയുള്ള ഈ റിഫൈനറി, 2023 മുതൽ ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിൽ സംസ്കരിക്കുകയും അതുവഴി ഇറാന്റെ സൈന്യത്തിന് വൻതോതിൽ പണമെത്തിക്കുകയും ചെയ്യുന്നുവെന്നാണ് യു.എസ് ട്രഷറിയുടെ കണ്ടെത്തൽ. ട്രംപ്-ഷീ ജിൻപിങ് കൂടിക്കാഴ്ചക്ക് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് ഈ നടപടിയെന്നത് ശ്രദ്ധേയമാണ്.

ഇറാന്റെ എണ്ണ കടത്താൻ സഹായിക്കുന്ന ടാങ്കറുകളെയും ഷിപ്പിങ് കമ്പനികളെയും കരിമ്പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്. ഇറാനുമായി ഇടപാട് നടത്തുന്ന ഏതൊരു വിദേശ ബാങ്കിനെയും സ്ഥാപനത്തെയും അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് പുറത്താക്കും. ഇറാന്റെ എണ്ണയുടെ 80-90 ശതമാനവും വാങ്ങുന്നത് ചൈനയാണ്. ഇത് തടഞ്ഞാൽ ഇറാന്റെ സമ്പദ്‌വ്യവസ്ഥ പൂർണ്ണമായും തകരും.

സാമ്പത്തിക ഉപരോധത്തിനൊപ്പം തന്നെ ഹുർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന ശാരീരികമായ ഉപരോധവും ഏർപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഇവിടെ നിയന്ത്രണങ്ങൾ വന്നതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്.

അമേരിക്കയുടെ ഏകപക്ഷീയമായ നടപടി രാജ്യാന്തര വ്യാപാര നിയമങ്ങളുടെ ലംഘനമാണെന്ന് ചൈന കുറ്റപ്പെടുത്തി. എന്നാൽ ഡോളർ അധിഷ്ഠിത ആഗോള വിപണിയിൽ നിന്ന് പുറത്താക്കപ്പെടുമെന്ന പേടിയിൽ പല ചൈനീസ് ബാങ്കുകളും അമേരിക്കൻ നിർദേശങ്ങൾ പാലിക്കാൻ നിർബന്ധിതരാകുകയാണ്. ഉപരോധങ്ങൾ നീക്കാതെ ചർച്ചക്കില്ലെന്ന കർക്കശ നിലപാടിലാണ് ഇറാൻ. അതേസമയം, പശ്ചിമ മേഖലയിലെ സംഘർഷം ആഗോള ഊർജ്ജ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. ഹുർമുസ് കടലിടുക്കിലെ ഉപരോധം നീങ്ങുന്നില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇന്ധനവില ഇനിയും ഉയരാൻ സാധ്യതയുണ്ട്.

Tags:    
News Summary - Trump Administration Slaps Sanctions on Major Chinese Refinery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.