ഇന്ത്യാന: അമേരിക്കയിലെ ഇന്ത്യാനയിൽ മനസാക്ഷിയെ നടുക്കുന്ന ക്രൂരത. മതിയായ ആഹാരമോ വെള്ളമോ ലഭിക്കാതെ വിശപ്പടക്കാൻ ഡയപ്പറിന്റെ കഷ്ണങ്ങളും ഭിത്തിയിലെ സിമന്റ് പാളികളും ഭക്ഷിച്ച രണ്ട് വയസ്സുകാരൻ ദാരുണമായി മരണപ്പെട്ടു. എറിക് റിച്ചാർഡ് എന്ന രണ്ട് വയസ്സുകാരനാണ് മാതാപിതാക്കളുടെ അവഗണനയെത്തുടർന്ന് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളായ ട്രെവർ റിച്ചാർഡ് ഹെയ്‌സ് (39), കാതറിൻ കാർട്ടർ (31) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലപാതകം, ശിശു പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
മരിക്കുമ്പോൾ വെറും 6.8 കിലോ മാത്രമായിരുന്നു കുട്ടിയുടെ ഭാരം. ഈ പ്രായത്തിലുള്ള ഒരു കുട്ടിക്ക് ഉണ്ടാകേണ്ട ഭാരത്തിന്റെ പകുതി പോലും എറിക്കിന് ഉണ്ടായിരുന്നില്ലെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഠിനമായ പോഷകാഹാരക്കുറവും നിർജ്ജലീകരണവുമാണ് മരണകാരണം. കുട്ടിയുടെ ശരീരമാസകലം പ്രാണികൾ കടിച്ച പാടുകളും മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.
മാർച്ച് 31-നാണ് കുട്ടി ശ്വസിക്കുന്നില്ലെന്ന് കാണിച്ച് പിതാവ് 911-ൽ വിളിക്കുന്നത്. എന്നാൽ, പൊലീസ് എത്തുമ്പോൾ കുട്ടി മണിക്കൂറുകൾക്ക് മുമ്പേ മരിച്ചിരുന്നു. തലേദിവസം രാത്രി 11 മണിക്ക് കുട്ടിയെ ജീവനോടെ കണ്ടിരുന്നുവെന്നാണ് മാതാപിതാക്കൾ മൊഴി നൽകിയത്. എന്നാൽ, ഏകദേശം 14 മണിക്കൂറിന് ശേഷമാണ് ഇവർ വിവരം പുറത്തറിയിച്ചത്. രക്ഷാപ്രവർത്തകർ എത്തി സി.പി.ആർ നൽകാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികളെ അധികൃതർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇതിൽ ഒരു കുട്ടി ഗുരുതര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. മനപൂർവമായ പീഡനത്തിലൂടെയും അവഗണനയിലൂടെയും കുട്ടിയുടെ മരണത്തിന് കാരണക്കാരായ മാതാപിതാക്കൾക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കുട്ടികൾ കഴിഞ്ഞിരുന്ന മുറികൾ അങ്ങേയറ്റം വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തറയിൽ മലമൂത്രവിസർജ്യം നിറഞ്ഞ നിലയിലായിരുന്നു. അതേസമയം, പ്രതികളായ മാതാപിതാക്കൾ താമസിച്ചിരുന്ന മുറി എല്ലാ സൗകര്യങ്ങളോടും കൂടി അങ്ങേയറ്റം വൃത്തിയായി പരിപാലിച്ചിരുന്നു. സ്വന്തം സുഖസൗകര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച മാതാപിതാക്കൾ ബോധപൂർവം കുട്ടിയെ അവഗണിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.