ആപ്പിൾ സി.ഇ.ഒ സ്ഥാനമൊഴിഞ്ഞ് ടിം കുക്ക്; പുതിയ അമരക്കാരനായി ജോൺ ടെർനസ്
ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ആപ്പിളിന്റെ സി.ഇ.ഒ സ്ഥാനത്തുനിന്ന് 15 വർഷത്തെ സേവനത്തിന് ശേഷം ടിം കുക്ക് പടിയിറങ്ങി. കമ്പനിയുടെ ഹാർഡ്‌വെയർ എൻജിനീയറിങ് വിഭാഗം മേധാവിയായിരുന്ന ജോൺ ടെർനസ് പുതിയ സി.ഇ.ഒ ആയി സെപ്റ്റംബർ ഒന്നിന് ഔദ്യോഗികമായി ചുമതലയേറ്റു. മുൻകൂട്ടി നിശ്ചയിച്ചിരുന്ന ഭരണമാറ്റ പ്രക്രിയയുടെ ഭാഗമായാണ് പുതിയ നിയമനം.
സി.ഇ.ഒ എന്ന നിലയിലുള്ള തന്റെ അവസാന ദിനമായ ആഗസ്റ്റ് 31-ന് എക്സ് പ്ലാറ്റ്‌ഫോമിലൂടെ അദ്ദേഹം ആപ്പിൾ ഉപഭോക്താക്കൾക്ക് വികാരനിർഭരമായ ഒരു യാത്രാമൊഴി നൽകി. "നാളെ എന്റെ പദവി മാറിയേക്കാം, എന്നാൽ ആപ്പിൾ സമൂഹത്തോടുള്ള എന്റെ സ്നേഹം ഒരിക്കലും മാറില്ല" എന്ന് അദ്ദേഹം കുറിച്ചു.
ടെസ്‌ല മേധാവി ഇലോൺ മസ്‌ക് ഉൾപ്പെടെ നിരവധിയാളുകളാണ് അദ്ദേഹത്തിന് ആശംസകളുമായി രംഗത്തെത്തിയത്. 'ഐതിഹാസികമായ കരിയറിന് അഭിനന്ദനങ്ങൾ' എന്നാണ് മസ്‌ക് എക്സിൽ കുറിച്ചത്. കമ്പനിയുടെ മൂല്യം കുത്തനെ ഉയർത്തിയതിൽ പലരും അദ്ദേഹത്തെ പ്രശംസിച്ചപ്പോൾ, ഐഫോൺ ബോക്സുകളിൽ നിന്ന് ചാർജർ ഒഴിവാക്കിയതുൾപ്പെടെയുള്ള നടപടികളെ വിമർശിച്ചും ചില ഉപഭോക്താക്കൾ രംഗത്തെത്തി.
2011-ൽ സ്റ്റീവ് ജോബ്സിന്റെ പിൻഗാമിയായാണ് ടിം കുക്ക് ആപ്പിളിന്റെ തലപ്പത്തെത്തുന്നത്. അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ ആപ്പിൾ വാച്ച്, എയർപോഡ്സ്, വിഷൻ പ്രോ തുടങ്ങിയ നൂതന ഉൽപ്പന്നങ്ങളും ആപ്പിൾ മ്യൂസിക് പോലുള്ള സേവനങ്ങളും വിപണിയിലെത്തി. കമ്പനിയുടെ മൂല്യം ഏകദേശം 4 ട്രില്യൺ ഡോളറിന് മുകളിലെത്തിച്ചതും കുക്കിന്റെ മികച്ച നേതൃപാടവമാണ്. സി.ഇ.ഒ സ്ഥാനം ഒഴിഞ്ഞാലും എക്സിക്യൂട്ടീവ് ചെയർമാനായി അദ്ദേഹം കമ്പനിയിൽ തുടരും. ആഗോള ബന്ധങ്ങൾ, പങ്കാളിത്തങ്ങൾ, അമേരിക്കയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ നയതന്ത്ര-നയരൂപീകരണ വിഷയങ്ങൾ എന്നിവയിലായിരിക്കും അദ്ദേഹം ഇനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.
2001-ൽ പ്രൊഡക്ട് ഡിസൈൻ വിഭാഗത്തിലാണ് ജോൺ ടെർനസ് ആപ്പിളിൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഹാർഡ്‌വെയർ എൻജിനീയറിങ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റായി ഉയർന്ന അദ്ദേഹം, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഐഫോൺ, ഐപാഡ്, ആപ്പിൾ വാച്ച്, മാക് കമ്പ്യൂട്ടറുകൾ എന്നിവയുടെ രൂപകല്പനയിലും വികസനത്തിലും മുൻനിരയിലുണ്ടായിരുന്നു. ഈ മാസം നടക്കാനിരിക്കുന്ന ആപ്പിളിന്റെ പുതിയ ഉൽപ്പന്നങ്ങളുടെ ലോഞ്ചിങ് ഇവന്റിന് നേതൃത്വം നൽകുക പുതിയ സി.ഇ.ഒ ആയ ജോൺ ടെർനസ് ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.