ലോകത്തെ ഏറ്റവും സന്തുഷ്ടർ ഈ രാജ്യക്കാർ; പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 100ന്​ പുറത്ത്​

ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യമായി തുടർച്ചയായി അഞ്ചാം വട്ടവും ഫിൻലൻഡ്​ തെരഞ്ഞെടുക്കപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ സ്​പോൺസർഷിപ്പിൽ നടത്തിയ സര്‍വേയിൽ അഫ്​ഗാനിസ്താനാണ്​ പട്ടികയിൽ ഏറ്റവും പിന്നിൽ​. ലെബനാനാണ്​ അഫ്​ഗാന്​ തൊട്ടുപിറകിലുള്ളത്​.

ഇന്ത്യ ഉൾപ്പടെ 146 രാജ്യങ്ങളിലായാണ് വേൾഡ്​ ഹാപ്പിനസ്​ റിപ്പോർട്ട്​ തയാറാക്കാനായി അഭിപ്രായ സർവേ നടത്തിയത്. ഇത്​ 10ാം തവണയാണ്​ റിപ്പോർട്ട്​ പ്രസിദ്ധീകരിക്കുന്നത്​. പട്ടികയിൽ 136ാം സ്ഥാനത്താണ്​ ഇന്ത്യ. ബംഗ്ലാദേശ്​ (94) പാകിസ്താൻ (121), ശ്രീലങ്ക (127), മ്യാൻമർ (126) എന്നിങ്ങനെയാണ്​​ ഇന്ത്യയുടെ അയൽരാജ്യങ്ങളുടെ സ്ഥാനം.

ഇത്തവണയും യൂറോപ്യന്‍ രാജ്യങ്ങളാണ് പട്ടികയിൽ മുന്നില്‍ നിൽക്കുന്നത്​. ഡെന്‍മാര്‍ക്കാണ്​ ഫിൻലൻഡിന്​ പിന്നിൽ രണ്ടാം സ്ഥാനത്ത്. ഐസ്​ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതർലന്‍ഡ്‌സ്, ലക്സംബർഗ്​, സ്വീഡൻ, നോർവേ, ഇസ്രയേൽ, ന്യൂസിലൻഡ്​ എന്നീ രാജ്യങ്ങളാണ്​ ആദ്യ പത്തിൽ ഇടം പിടിച്ചത്​​. 


അമേരിക്ക മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് 16-ാം സ്ഥാനത്തെത്തി. ബ്രിട്ടൻ 17ാം സ്ഥാനത്താണ്​. ഫ്രാൻസ് 20-ാം സ്ഥാനത്തേക്ക് ഉയർന്നു. ആളുകളോട് അവരുടെ സന്തോഷത്തെ കുറിച്ചാണ് സര്‍വേയില്‍ ചോദിച്ചത്. രാജ്യത്തിന്റെ ജി.ഡി.പി, സാമൂഹിക പിന്തുണ, വ്യക്തി സ്വാതന്ത്ര്യം, അഴിമതിയുടെ തോത് എന്നീ മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് ഹാപിനസ് റാങ്കിങ് നല്‍കിയിരിക്കുന്നത്.

സെർബിയ, ബൾഗേറിയ, റുമേനിയ എന്നീ രാജ്യങ്ങൾ പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്തിയപ്പോൾ ലെബനാൻ, വെനിസ്വേല, അഫ്​ഗാൻ എന്നീ രാജ്യങ്ങൾ പിന്നാക്കം ​പോയി. യുദ്ധത്തിൽ തകർന്ന അഫ്ഗാനിൽ കഴിഞ്ഞ ആഗസ്റ്റിൽ താലിബാൻ വീണ്ടും അധികാരമേറ്റ ശേഷം പ്രതിസന്ധി രൂക്ഷമായിരുന്നു. സഹായം എത്തിച്ചില്ലെങ്കിൽ ഈ ശൈത്യകാലത്ത് അഞ്ച് വയസ്സിന് താഴെയുള്ള പത്ത് ലക്ഷം കുട്ടികൾ പട്ടിണി മൂലം മരിക്കുമെന്ന് യു.എൻ ഏജൻസിയായ യുനിസെഫ് കണക്കാക്കുന്നു. 

Tags:    
News Summary - This Country Is World's Happiest Nation indias position is this

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.