യു.എസിന്‍റെ കുടിയേറ്റ നയത്തിലെ പരിഷ്കാരങ്ങൾ എച്ച് വൺ ബി വിസയിലുള്ളവർക്ക് തിരിച്ചടി ആയിരിക്കുകയാണ്.ഇന്ത്യയിൽ നിന്നുള്ള ഐ.ടി ജീവനക്കാരുടെ ഭാവി ചോദ്യ ചിഹ്നമാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഐ.ടി കമ്പനികളെ ഇത് പ്രതിസന്ധിയിലാക്കുന്ന അവസ്ഥയാണ് നിലവിലുളളത്.
ഫെഡറൽ ഡാറ്റ പ്രകാരം ആമസോൺ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എച്ച് വൺ ബി വിസ ഹോൾഡർമാരുള്ളത് ടി.സി.എസ് കമ്പനിക്കാണ്. 5000നു മുകളിൽ വരുമിത്. യു.എസ് സിറ്റിസൺഷിപ്പ് ആന്‍റ് ഇമിഗ്രേഷൻ സർവീസ് നൽകുന്ന റിപ്പോർട്ട് പ്രകാരം 2025ൽ ആമസോണിന് 10,044 എച്ച് വൺ ബി വിസ ഹോൾഡർമാരുണ്ട്.
മൈക്രോസോഫ്റ്റ്(5189), മെറ്റ(5123), ആപ്പിൾ(4202), ഗൂഗ്ൾ(4181), ഡെലോയിറ്റ്(2353), ഇൻഫോസിസ്(2004), വിപ്രോ(1523), ടെക് മഹീന്ദ്ര അമേരിക്കാസ്(951) എന്നിവയാണ് മറ്റു കമ്പനികൾ. ഇനി മുതൽ എച്ച് വൺ ബി വിസക്ക് ഒരു ലക്ഷം ഡോളർ കമ്പനികൾ നൽകേണ്ടി വരുമെന്നാണ് കഴിഞ്ഞ ദിവസത്തെ യു.എസ് പ്രഖ്യാപനം. കമ്പനിയാണ് ജീവനക്കാരുടെ വിസാ ചെലവുകൾ വഹിക്കുന്നത്. നിലവിൽ 1700 മുതൽ 4500 ഡോളർ വരെ ചെലവേറിയതാണ് വിസാ പ്രക്രിയ.
സെപ്റ്റംബർ 21 മുതലാണ് വിസാ നടപടികളിൽ നിയന്ത്രണങ്ങൾ ഉണ്ടാകുന്നത്. ഐ.ടി മേഖലയിലേക്ക് വിദഗ്ദ തൊഴിൽ ശക്തിയെ തിരഞ്ഞെടുക്കുന്നതിൽ കമ്പനികൾക്ക് അധിക ബാധ്യത ഉണ്ടാക്കുന്നതാണ് ട്രംപിന്‍റെ തീരുമാനം. ഐ.ടി കമ്പനികൾക്കായിരുന്നു എച്ച് വൺ ബി വിസയിൽ ആധിപത്യം ഉണ്ടായിരുന്നത്. 2003ൽ 32 ശതമാനത്തിൽ തുടങ്ങിയ ഈ ആധിപത്യം പിന്നീടുള്ള വർഷങ്ങളിൽ 65 ശതമാനമായി വളർന്നു. പിന്നീട് മിക്കവാറും ഐ.ടി സ്ഥാപനങ്ങൾ അമേരിക്കക്കാരായ ജീവനക്കാരെ മാറ്റി പകരം എച്ച് വൺ ബി വിസയിലൂടെ വിദേശ തൊഴിലാളികളെ നിയമിക്കാൻ തുടങ്ങി.
എച്ച് വൺ ബി വിസ ഐ.ടി പോലുള്ള സാങ്കേതിക മേഖലകളിൽ യു.എസ് പൗരൻമാരുടെ തൊഴിലവസരങ്ങൾ തകർത്തുവെന്നാണ് ആരോപണം. യു.എസ് പൗരൻമാരെ പിരിച്ചു വിടുന്നതിനൊപ്പം വിദേശ തൊഴിലാളികളെ പരിശീലിപ്പിക്കാനും അതീവ രഹസ്യമായ കരാറുകളിൽ ഒപ്പുവെപ്പിച്ചുവെന്നും ആരോപണത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.