വാഷിങ്ടൺ: ടെക്സാസിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 50 കടന്നു. 51 പേർ പ്രളയത്തിൽ മരിച്ചുവെന്നാണ് റിപ്പോർട്ട്. മേഖലയിൽ കാണാതായവർക്കായി വലിയ തിരച്ചിലാണ് നടക്കുന്നത്. മരിച്ചവരിൽ 15 പേർ കുട്ടികളാണെന്നാണ് വിവരം.
15 ഇഞ്ച് മഴയാണ് മേഖലയിൽ പെയ്തിറങ്ങിയത്. ഇതോടെ വലിയ രീതിയിൽ ജലം ഗുഡാലുപെ നദിയിലേക്ക് ഒഴുകയെത്തുകയായിരുന്നു. നദിയിലെ ജലനിരപ്പ് 29 അടി വരെ ഉയർന്നിരുന്നു. കനത്ത മഴ സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകുന്നതിൽ കാലാവസ്ഥ വകുപ്പ് പരാജയപ്പെട്ടുവെന്ന് യു.എസ് ഹോംലാൻഡ് സെക്രട്ടറി ക്രിസ്റ്റി നോം. മുന്നറിയിപ്പ് സംവിധാനം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രളയത്തിൽപ്പെട്ട 850 പേരെ ഇതുവരെ രക്ഷിച്ചുവെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് അറിയിച്ചു. നിരവധി പേർ ഇപ്പോഴും കാണാമറയത്താണ്. മിസ്റ്റിക് സമ്മർ ക്യാമ്പിനായി എത്തിയവരും കാണാതായവരിൽ ഉൾപ്പെടുന്നു. അതേസമയം, ട്രംപിന്റെ കൂട്ടപിരിച്ചുവിടലിന്റെ ഭാഗമായി ആളുകളുടെ കുറവുണ്ടായതിനെ തുടർന്നാണ് പ്രളയം പ്രവചിക്കുന്നതിൽ വീഴ്ചയുണ്ടായതെന്നാണ് റിപ്പോർട്ട്.
വീടുകളും വാഹനങ്ങളും മരങ്ങളും വെള്ളത്തിൽ ഒഴുകിപ്പോകുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പലയിടത്തും വൈദ്യുതി മുടങ്ങിയിട്ടുണ്ട്.മുന്നറിയിപ്പൊന്നും ലഭിക്കാതെ രണ്ട് മണിക്കൂർ ഇടവേളയിലാണ് എല്ലാം സംഭവിച്ചതെന്ന് കെർവില്ലെ സിറ്റി മാനേജർ ഡാൾട്ടൺ റൈസ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.