ബ്രിട്ടനിൽ ആദ്യമായി ഗർഭപാത്രം മാറ്റിവെച്ച് ഡോക്ടർമാർ; 34കാരിക്ക് ഗർഭപാത്രം നൽകിയത് 40കാരിയായ സഹോദരി

ലണ്ടൻ: ബ്രിട്ടനിൽ ആദ്യമായി ഗർഭപാത്രം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം. കുഞ്ഞുങ്ങളില്ലാത്തആയിരക്കണക്കിന് സ്ത്രീകൾക്ക് ശുഭാപ്തി വിശ്വാസം പകരുന്ന വാർത്തയാണിത്. ബ്രിട്ടനിൽ പതിനയ്യായിരത്തിലധികം യുവതികളാണ് ഗർഭപാത്രത്തിന്റെ തകരാറുകൾ മൂലമോ അഭാവം മൂലമോ കുഞ്ഞുങ്ങളില്ലാതെ കഴിയുന്നത്. ശസ്ത്രക്രിയ നടത്തിയ 34 കാരിയായ യുവതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഓക്സ്ഫെഡിലെ ചർച്ചിൽ ഹോസ്പിറ്റലിലായിരുന്നു ഇരുപതംഗ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘമാണ് ചരിത്ര നേട്ടത്തിന്റെ സൂത്രധാരർ. 25 വർഷത്തിലധികമായി ഗർഭപാത്രം മാറ്റിവയ്ക്കുന്നതിൽ ഗവേഷണം നടത്തുന്ന ഗൈനക്കോളജിക്കൽ സർജൻ പ്രഫ. റിച്ചാർഡ് സ്മിത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.

ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരുടെ സംഘം

 

യുവതിയുടെ 40 വയസുള്ള സഹോദരിയാണ് ഗർഭപാത്രം ദാനം ചെയ്തത്. ഒമ്പതു മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കു ശേഷമാണ് സഹോദരിയുടെ ഗർഭപാത്രം യുവതിയുടെ ശരീരത്തിൽ തുന്നിച്ചേർത്തത്. രണ്ടു കുട്ടികളുടെ അമ്മയാണ് യുവതിയുടെ സഹോദരി. ഐ.വി.എഫ് വഴി ഇരട്ടക്കുട്ടികളുടെ അമ്മയാകാനാണ് യുവതിയുടെ തീരുമാനം. ശസ്ത്രക്രിയക്കു മുമ്പേ തന്നെ യുവതിയുടെയും അണ്ഡവും ബീജവും ചേർന്ന ഭ്രൂണം സൂക്ഷിച്ചുവെച്ചിരുന്നു.

ജൻമനാ തന്നെ പൂർണമായി വികസിക്കാത്ത ഗർഭപാത്രമായിരുന്നു യുവതിക്ക്. എന്നാൽ അണ്ഡാശയങ്ങൾക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. അതിനാൽ ശസ്ത്രക്രിയയ്ക്കു മുമ്പ് ഫെർട്ടിലിറ്റി ചികിൽസയിലൂടെ എട്ട് ഭ്രൂണങ്ങളാണ് യുവതിയും ഭർത്താവും സൂക്ഷിച്ചിരിക്കുന്നത്.

മാറ്റിവെച്ച ഗർഭപാത്രം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും ഓരോ ദിവസവും യുവതിയുടെ ആരോഗ്യനില കൃത്യമായി പരിശോധിക്കുന്നുണ്ടെന്നും ഡോക്ടമാരുടെ സംഘം അറിയിച്ചു. സ്റ്റിറോയിഡുകളുടെ പിൻബലത്തോടെയാണ് ടിഷ്യൂ റിജക്ഷൻ ഉൾപ്പെടെയുള്ള അപകടസാധ്യതകളെ അതി ജീവിക്കുന്നത്. അതിനാൽ തന്നെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഒന്നോ രണ്ടോ കുഞ്ഞുങ്ങൾ ഉണ്ടായശേഷം ഇങ്ങനെ മാറ്റിവയ്ക്കുന്ന ഗർഭപാത്രം നീക്കം ചെയ്യും.

25,000 പൗണ്ടാണ് (ഏകദേശം 25 ലക്ഷം രൂപ) ശസ്ത്രക്രിയയ്ക്ക് ചെലവായ തുക. ഇംഗ്ലണ്ടിലെ ഹ്യൂമൻ ടിഷ്യൂ അതോറിറ്റിയുടെ അനുമതിയോടെ നടത്തിയ ശസ്ത്രക്രിയയ്ക്ക് ചെലവായ തുക എൻ.എച്ച്.എസ് ആശുപത്രിക്ക് 'വൂംബ് ട്രാൻസ്പ്ലാന്റ് –യുകെ' എന്ന ചാരിറ്റിയാകും നൽകുക. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ പ്രഫ. റിച്ചാർഡ് സ്മിത്ത് തന്നെയാണ് ഈ ചാരിറ്റിയുടെ ചെയർമാൻ. ഇതിനകം തന്നെ മറ്റു 15 ട്രാൻസ്പ്ലാന്റുകൾക്കു കൂടി ഡോക്ടർമാരുടെ സംഘത്തെ ചുമതലപ്പെടുത്തി കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

2014ൽ സ്വീഡനിലാണ് ലോകത്ത് ആദ്യമായി മാറ്റിവയ്ക്കപ്പെട്ട ഗർഭപാത്രത്തിലൂടെ യുവതി കുഞ്ഞിന് ജന്മം നൽകിയത്. അതിനുശേഷം ലോകത്താകമാനം സമാനമായ നൂറോളം ശസ്ത്രക്രിയകൾ നടന്നു. അമ്പതോളം കുഞ്ഞുങ്ങൾ ഇങ്ങനെ ഭൂമിയിലുണ്ടാായി. അതിലേറെയും അമേരിക്കയിലും സ്വീഡനിലുമായിരുന്നു. ടർക്കി, ഇന്ത്യ, ബ്രിസീൽ, ചൈന, ചെക്ക്- റിപ്പബ്ലിക്, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലും ഇതിനു മുമ്പ് സമാനമായ ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി നടന്നിട്ടുണ്ട്. 2015ൽ മാത്രമാണ് ബ്രിട്ടീഷ് സർക്കാർ ഇതിന് അനുമതി നൽകിയത്. വർഷങ്ങൾക്കു മുമ്പേ ഗവേഷണങ്ങൾ പൂർത്തിയാക്കി ഡോക്ടർമാർ ശസ്ത്രക്രിയകൾക്ക് തയാറായിരുന്നു എങ്കിലും കോവിഡ് പദ്ധതികൾക്ക് തടസ്സമായി.

Tags:    
News Summary - Surgeons have performed the first womb transplant on a woman in the UK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.