കിയവ്: റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ഒരാഴ്ച പിന്നിടുമ്പോൾ രാജ്യം വലിയ മാനുഷിക പ്രതിസന്ധിയുടെ വക്കിൽ. ഏഴുദിവസം കൊണ്ട് പത്തുലക്ഷത്തിലേറെ യുക്രെയ്ൻ സ്വദേശികളാണ് വീടുവിട്ടത്. ഇത്രയും കുറഞ്ഞദിവസം കൊണ്ട് ഇത്ര വലിയ അഭയാർഥി പ്രവാഹം ഈ നൂറ്റാണ്ടിൽ ഉണ്ടായിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭ നിരീക്ഷിച്ചു.
യുക്രെയ്നിലെ ആകെ ജനസംഖ്യയുടെ രണ്ടുശതമാനത്തിനാണ് ഈ ദിവസങ്ങളിൽ വീടുവിടേണ്ടിവന്നത്. നഗരങ്ങൾക്കും കെട്ടിടങ്ങൾക്കും മേൽ ഇടതടവില്ലാതെ റഷ്യൻ ആക്രമണം തുടരവേ, ജീവനും കൊണ്ട് എങ്ങോട്ടെന്നില്ലാതെ പലായനം ചെയ്യുകയാണ് നാട്ടുകാർ.
അതേസമയം, സൈനിക നടപടി തുടരുമെന്നും ഏറ്റവും മോശമായത് ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൺ മക്രോണുമായി നടത്തിയ ഒന്നരമണിക്കൂർ ഫോൺ സംഭാഷണത്തിലാണ് പുടിൻ ഇക്കാര്യമറിയിച്ചത്.
വ്യാഴാഴ്ചയും കൊടിയ ആക്രമണമാണ് റഷ്യ യുക്രെയ്ൻ പട്ടണങ്ങൾക്കുമേൽ അഴിച്ചുവിട്ടത്. തെക്കൻ നഗരമായ ഖെർസോൺ റഷ്യൻ സൈന്യം പൂർണമായും കീഴടക്കി. റഷ്യൻ നിയന്ത്രണത്തിലാകുന്ന ആദ്യ പ്രമുഖ പട്ടണമാണ് ഖെർസോൺ. ഇതോടെ തെക്കൻ കടൽതീര മേഖലക്ക് മേൽ യുക്രെയ്ൻ സൈന്യത്തിന്റെ നിയന്ത്രണം പൂർണമായും നഷ്ടമാകുന്ന സ്ഥിതിയാണ്.
വിവിധ രാജ്യങ്ങളുടെ സഹായം കടൽവഴി എത്തുന്നത് ഇതോടെ അവസാനിക്കും. റഷ്യൻ അതിർത്തിയോട് അടുത്ത മരിയുപോളിൽ രാപകലില്ലാതെ ഷെല്ലിങ് തുടരുകയാണ്. നാലുഭാഗവും റഷ്യൻ സൈന്യം വളഞ്ഞു. ഇവിടെ വൈദ്യുതിബന്ധം വിഛേദിക്കപ്പെട്ടു. കൊടിയ തണുപ്പിൽ ഹീറ്ററുകൾ പ്രവർത്തിപ്പിക്കാൻ വൈദ്യുതിയില്ലാതെ ജനം കഷ്ടപ്പെടുകയാണ്.
യുക്രെയ്ൻ സൈന്യത്തിന്റെ നിയന്ത്രണത്തിൽ തുടരുകയാണെങ്കിലും തലസ്ഥാനമായ കിയവ് അപകട മുനമ്പിലാണ്. കിയവിന്റെ പടിവാതിൽക്കലെത്തിയ റഷ്യൻ സൈന്യം രണ്ടുദിവസമായി മുന്നേറ്റം നിർത്തിവെച്ചിരിക്കുകയാണ്. പുനർവിന്യാസമാണ് നടക്കുന്നതെന്നും ഏതുനിമിഷവും ആക്രമണം ആരംഭിച്ചേക്കാമെന്നും നിരീക്ഷകർ പറയുന്നു.
ഖാർകിവിലാകട്ടെ, ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും ഷെല്ലാക്രമണം ഉണ്ടായി. 24 മണിക്കൂറിനിടെ ഇവിടെ 34 സിവിലിയൻമാർ കൊല്ലപ്പെട്ടതായി ഭരണകൂടം അറിയിച്ചു. ചെർണിവിൽ 22 പേരും കൊല്ലപ്പെട്ടു. രണ്ട് സ്കൂളുകളും തകർന്നു.
റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് വീണ്ടും പരോക്ഷമായി ആണവായുധ ഭീഷണി മുഴക്കി. 7000 റഷ്യൻ സൈനികരെ വധിച്ചുവെന്ന് യുക്രെയ്ൻ അവകാശപ്പെട്ടപ്പോൾ തങ്ങളുടെ 498 സൈനികർ മാത്രമേ മരിച്ചിട്ടുള്ളുവെന്ന് റഷ്യ പ്രതികരിച്ചു. മോസ്കോയിലെ യുക്രെയ്ൻ എംബസിക്ക് മുന്നിൽ യുദ്ധവിരുദ്ധ പ്രകടനം നടത്തിയവരെ റഷ്യൻ പൊലീസ് പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.