സെലൻസ്കിയുടെ ജന്മനാട്ടിൽ റഷ്യയുടെ മിസൈൽ ആക്രമണം; ആരോഗ്യപ്രവർത്തകയും ഏഴ് വയസുകാരനും കൊല്ലപ്പെട്ടു

 

കിയവ്: വ്ലാദിമിർ സെലൻസ്കിയുടെ ജന്മനാടായ മധ്യ യുക്രെയ്നിലെ ക്രിവി റിഹിൽ റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഏഴുവയസ്സുകാരനും ആരോഗ്യപ്രവർത്തകയും കൊല്ലപ്പെട്ടു. ആക്രമണത്തിൽ 60 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് നഗരമധ്യത്തിൽ റഷ്യ ആക്രമണം നടത്തിയത്. നഗരത്തിലെ തിരക്കേറിയ പ്രദേശത്തുള്ള റസ്റ്ററന്റിന്റെ പാർക്കിങ് മേഖലയിലാണ് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പതിച്ചതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ ആശുപത്രിയും സ്കൂളുകളുമടക്കം നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തെ തുടർന്ന് നാലിടങ്ങളിൽ തീപിടിത്തമുണ്ടായി.

അടിയന്തര വൈദ്യസഹായ വിഭാഗത്തിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകയാണ് കൊല്ലപ്പെട്ട 20കാരി. പരിക്കേറ്റ ഏഴുവയസ്സുകാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിൽ പരിക്കേറ്റവരിൽ ആറു കുട്ടികളുമുണ്ട്. രക്ഷാപ്രവർത്തനത്തിനിടെയും ഡ്രോൺ ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ഒരു ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്.

അതേസമയം, ഖാർകിവ് മേഖലയിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് കുട്ടികളടക്കം 11 പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ കിയവിൽ നടന്ന ആക്രമണത്തിലും ഒരാൾക്ക് പരിക്കേറ്റതായി യുക്രെയ്ൻ സ്റ്റേറ്റ് എമർജൻസി സർവിസ് അറിയിച്ചു.

റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷം പുതിയ സാഹചര്യങ്ങളിലേക്ക് നീങ്ങുന്നതിനിടെയാണ് ആക്രമണം. ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെർച്ച് പാലത്തിന് നേരെ ഈ ആഴ്ച യുക്രെയ്ൻ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ റഷ്യ ശക്തമായ തിരിച്ചടി നൽകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെ മധ്യസ്ഥതയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.

 
Tags:    
News Summary - Deadly Russian Attack Hits Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.