മാർക്കോ റൂബിയോ

ഇന്ത്യയടക്കം ‘ക്വാഡ്’ രാജ്യങ്ങളെ പ്രശംസിച്ച് മാർക്കോ റൂബിയോ

വാഷിങ്ടൺ: ഇന്ത്യ, അമേരിക്ക, ആസ്‌ട്രേലിയ, ജപ്പാൻ എന്നീ ക്വാഡ് (ക്വാഡിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്) അംഗരാജ്യങ്ങൾ ശക്തമായ സമ്പദ്‌വ്യവസ്ഥകളാണെന്നും ഇവയുടെ കൂട്ടായ പ്രവർത്തനം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നാല് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് പുതിയ വിപണികൾ തുറക്കാനും വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ നേട്ടമുണ്ടാക്കാനും സഹായിക്കുമെന്ന് റൂബിയോ പറഞ്ഞു. ഈ കൂട്ടായ്മ രൂപപ്പെടുത്തുന്നതിനായി അമേരിക്ക ഏറെ സമയം ചെലവഴിച്ചിട്ടുണ്ടെന്നും സഹകരണത്തിനുള്ള പ്രധാന വേദിയായാണ് ക്വാഡിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2027ന്റെ തുടക്കത്തിൽ മുംബൈയിൽ ആദ്യ ക്വാഡ് ബിസിനസ് ലീഡേഴ്‌സ് ഫോറം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. നവംബർ 17ന് മനിലയിൽ ചേർന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസ്, ജാപ്പനീസ് പ്രധാനമന്ത്രി സനയെ തകായിച്ചി എന്നിവർ ഉച്ചകോടിയിൽ പങ്കെടുത്തു. ഫോറത്തിന്റെ ആദ്യ സമ്മേളനം മുംബൈയിൽ നടക്കുമെന്ന് ഉച്ചകോടിക്കു ശേഷം മോദി അറിയിച്ചിരുന്നു.

നാല് രാജ്യങ്ങളിലെയും പ്രമുഖ വ്യവസായികൾ, സർക്കാർ ഉദ്യോഗസ്ഥർ, നയരൂപീകരണ വിദഗ്ധർ എന്നിവർ മുംബൈ സമ്മേളനത്തിൽ പങ്കെടുക്കും. വ്യാപാരബന്ധങ്ങൾ ശക്തിപ്പെടുത്താനും പുതിയ പങ്കാളിത്തങ്ങൾ വളർത്താനും സമ്മേളനം സഹായിക്കുമെന്നാണ് പ്രതീക്ഷ. പുതിയ കരാറുകളും വ്യാപാര അവസരങ്ങളും ചർച്ച ചെയ്യുന്നതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും റൂബിയോ വ്യക്തമാക്കി.

വ്യാപാരത്തിനു പുറമെ വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കാനും മനില ഉച്ചകോടിയിൽ നേതാക്കൾ തീരുമാനിച്ചു. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ, സമുദ്ര നിരീക്ഷണം, കേബിൾ കണക്റ്റിവിറ്റി, സൈബർ സുരക്ഷ എന്നിവയിലാകും പ്രധാനമായും സഹകരണം. ഇൻഡോ-പസഫിക് സമുദ്ര നിരീക്ഷണ സഹകരണം, കേബിൾ കണക്റ്റിവിറ്റി സുരക്ഷാ പദ്ധതി, സൈബർ സുരക്ഷാ സംരംഭങ്ങൾ എന്നിവയും ഇതിന്റെ ഭാഗമായി നടപ്പാക്കും.

ഇൻഡോ-പസഫിക് മേഖലയിൽ വിശ്വസനീയമായ നിർമിതബുദ്ധി സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിനും സാങ്കേതിക സഹായം നൽകുന്നതിനുമായി ‘ക്വാഡ് സൂപ്പർ ഇന്റലിജൻസ് ആക്സിലറേറ്റർ’ പദ്ധതിക്ക് നേതാക്കൾ പിന്തുണച്ചു. സാമ്പത്തിക സുരക്ഷ ഉറപ്പാക്കൽ, നിർണായക സാങ്കേതികവിദ്യകളുടെ വികസനം, മേഖലയിൽ സമാധാനം നിലനിർത്തൽ എന്നിവക്കണ് ഉച്ചകോടി ഊന്നൽ നൽകിയത്.

Tags:    
News Summary - Marco Rubio Praises Quad Countries, Including India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.