കരോലിന് ലെവിറ്റ്
മുസ്ലിം ജനസംഖ്യ ക്രൈസ്തവരെ മറികടക്കുമെന്ന് പഠനം; അമേരിക്കയിൽ ജനനനിരക്ക് കൂട്ടണമെന്ന ആഹ്വാനവുമായി മുന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി
വാഷിങ്ടൺ: 2035ഓടെ ആഗോളതലത്തിൽ മുസ്ലിം ജനസംഖ്യ ക്രൈസ്തവ സമൂഹത്തെ മറികടക്കുമെന്ന റിപ്പോർട്ടിന് പിന്നാലെ അമേരിക്കയിൽ ജനസംഖ്യ വർധിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ്. പൗരന്മാർ കുട്ടികളുടെ എണ്ണം വർധിപ്പിക്കണമെന്നും അവരെ ക്രൈസ്തവ വിശ്വാസത്തിൽ വളർത്തി രാജ്യസ്നേഹം പഠിപ്പിക്കണമെന്നുമാണ് ലെവിറ്റിന്റെ ആഹ്വാനം.
വാഷിങ്ടൺ പോസ്റ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് നവംബർ 19നാണ് ലെവിറ്റ് എക്സിലൂടെ ആഹ്വാനം നടത്തിയത്. '2035ഓടെ ആഗോളതലത്തിൽ മുസ്ലിം ജനസംഖ്യ ക്രൈസ്തവരുടേതിനെ മറികടക്കുമെന്ന് പഠനം. വിവാഹം കഴിക്കുക, കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുക, അവരെ പള്ളിയിൽ വളർത്തുക, അമേരിക്കയെ സ്നേഹിക്കാൻ പഠിപ്പിക്കുക' എന്നായിരുന്നു ലെവിറ്റിന്റെ സന്ദേശം. വിവാഹം, കുടുംബജീവിതം, മതവിശ്വാസം, രാജ്യസ്നേഹം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതായിരുന്നു കുറിപ്പ്.
പ്യൂ റിസർച്ച് സെന്ററിന്റെ ജനസംഖ്യാ പ്രവചനങ്ങൾ പ്രകാരം 2035ഓടെ ലോകത്തെ ഏറ്റവും വലിയ മതവിഭാഗമായി ഇസ്ലാം മാറിയേക്കുമെന്നാണ് പറയുന്നത്. അന്ന് ആഗോള മുസ്ലിം ജനസംഖ്യ 257 കോടിയിലെത്തുമെന്നാണ് കണക്കുകൂട്ടൽ. ക്രൈസ്തവ ജനസംഖ്യ 252 കോടിയായിരിക്കുമെന്നും പഠനം പ്രവചിക്കുന്നു.
ജനനനിരക്കിലെ വ്യത്യാസമാണ് ഈ മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. 2020 മുതൽ 2025 വരെയുള്ള കാലയളവിൽ മുസ്ലിം സ്ത്രീകൾക്ക് ശരാശരി 3.1 കുട്ടികളാണ് ജനിച്ചത്. ക്രൈസ്തവ സ്ത്രീകളിൽ ഇത് 2.5 ആണ്. മറ്റ് മതവിഭാഗങ്ങളിൽ ശരാശരി 1.6 കുട്ടികളുമാണ് ജനിച്ചത്. മതപരിവർത്തനത്തേക്കാൾ ജനനനിരക്കിലെ വ്യത്യാസമാണ് ജനസംഖ്യാ വളർച്ചയിലെ പ്രധാന ഘടകമെന്നാണ് പഠനവുമായി ബന്ധപ്പെട്ട വിശദീകരണം.
ലെവിറ്റിന്റെ കുറിപ്പിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. കുടുംബജീവിതത്തിനും മതവിശ്വാസത്തിനും പ്രാധാന്യം നൽകുന്ന സന്ദേശത്തെ ചിലർ പിന്തുണച്ചു. എന്നാൽ, ജനസംഖ്യാ വളർച്ചയെ മതങ്ങൾ തമ്മിലുള്ള മത്സരമായി കാണുന്നത് ശരിയല്ലെന്നായിരുന്നു ഒരു വിഭാഗം വിമർശിച്ചത്.
അമേരിക്കയിൽ കുട്ടികളെ വളർത്തുന്നതിനുള്ള സാമ്പത്തിക ചെലവുകളും ജീവിതച്ചെലവും ചൂണ്ടിക്കാട്ടിയും നിരവധി പേർ രംഗത്തെത്തി. ശിശുപരിചരണ ചെലവ്, ആരോഗ്യപരിരക്ഷ, മാതാപിതാക്കൾക്കുള്ള അവധി തുടങ്ങിയ കാര്യങ്ങളിൽ ആവശ്യമായ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിൽ കൂടുതൽ കുട്ടികൾ വേണമെന്ന് പറയുന്നതിൽ അർഥമില്ലെന്നായിരുന്നു ചിലരുടെ വിമർശനം.
കുട്ടികളുടെ മതവിശ്വാസം സംബന്ധിച്ച കാര്യങ്ങളിൽ അവർക്കുതന്നെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നൽകണമെന്നും ചിലർ അഭിപ്രായപ്പെട്ടു. മതങ്ങൾ തമ്മിലുള്ള ജനസംഖ്യാ മത്സരമായി വിഷയത്തെ ചുരുക്കരുതെന്നും വിമർശകർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.