സോൾ: സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലൂസോവ് ഉത്തര കൊറിയയിൽ. സന്ദർശനത്തിന്റെ ഉദ്ദേശ്യവും ആരുമായാണ് കൂടിക്കാഴ്ച നടത്തുകയെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. തലസ്ഥാനമായ പ്യോങ് യാങ്ങിലെ വിമാനത്താവളത്തിൽ ഉത്തര കൊറിയയുടെ പ്രതിരോധ മന്ത്രി നൊ ക്വാങ് ചോലിനൊപ്പം നടക്കുന്ന ബെലൂസോവിന്റെ ചിത്രം മന്ത്രാലയം പുറത്തുവിട്ടു.
യുദ്ധം ചെയ്യുന്ന റഷ്യൻ സൈന്യത്തിനും ജനങ്ങൾക്കും ഐക്യദാർഢ്യവും സമ്പൂർണ പിന്തുണയും നൽകുന്നെന്ന ബാനർ ഉയർത്തിയാണ് ബെലൂസോവിനെ ഉത്തര കൊറിയൻ സൈന്യം സ്വീകരിച്ചത്. സെർജി ഷൊയ്ഗുവിനെ മാറ്റി സാമ്പത്തിക വിദഗ്ധനായ ബെലൂസോവിനെ മേയിലാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രതിരോധ മന്ത്രിയായി നിയമിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം ശക്തമാക്കുമെന്ന് ഉത്തര കൊറിയയിലെത്തിയ ബെലൂസോവ് പറഞ്ഞു. യുക്രെയ്നെതിരെ റഷ്യയുടെ യുദ്ധത്തിന് നൊ ക്വാങ് ചോൽ പിന്തുണ ആവർത്തിച്ചു.
പ്രതിരോധ മന്ത്രി റസ്തേം ഉമറോവിന്റെ നേതൃത്വത്തിലുള്ള യുക്രെയ്ൻ പ്രതിനിധി സംഘവുമായി ദക്ഷിണ കൊറിയ പ്രസിഡന്റ് യൂൻ സുക് യോൾ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഉത്തര കൊറിയയുടെയും റഷ്യയുടെയും നീക്കം. യുക്രെയ്ൻ യുദ്ധത്തിൽ പങ്കെടുക്കാൻ 10,000 സൈനികരെ ഉത്തര കൊറിയ റഷ്യയിലേക്ക് അയച്ചെന്നാണ് യു.എസും സഖ്യ കക്ഷികളും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.