ഉത്തര കൊറിയയുമായുള്ള ആയുധ സഹകരണത്തിനെതിരെ റഷ്യക്ക് മുന്നറിയിപ്പ്


യുനൈറ്റഡ് നാഷൻസ്: ഉത്തര കൊറിയയും റഷ്യയും തമ്മിലുള്ള ആയുധ സഹകരണത്തിനെതിരെ ദക്ഷിണ കൊറിയ ലോക നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി. യു.എൻ ജനറൽ അസംബ്ലിയുടെ നേതാക്കളുടെ വാർഷിക സമ്മേളനത്തിന്റെ രണ്ടാം ദിവസം ദക്ഷിണ കൊറിയൻ നേതാവ് യൂൻ സുക് യോൾ ആണ് റഷ്യക്കെതിരെ ആഞ്ഞടിച്ചത്. റഷ്യയിൽ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ കഴിഞ്ഞ ആഴ്‌ച നടത്തിയ സന്ദർശനത്തെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ മറികടക്കാനുള്ള റഷ്യൻ നടപടി അപകടകരമാ​ണെന്നും യൂൻ സുക് പറഞ്ഞു.

റഷ്യയുടെ കിഴക്കൻ മേഖലയിൽ വച്ചാണ് ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. പ്രതിരോധ വിഷയങ്ങളിൽ അടക്കം സഹകരിക്കാമെന്ന് ഇരുവരും പറഞ്ഞിരുന്നു. സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ നഗ്നമായി ലംഘിക്കുന്ന ഒരു ഭരണകൂടത്തിൽ നിന്ന് മറ്റൊരു സ്ഥിരാംഗം ആയുധങ്ങളും വെടിക്കോപ്പുകളും സ്വീകരിക്കുക എന്നത് വിരോധാഭാസമാണെന്ന് യൂൻ സുക് യോൾ പറഞ്ഞു.

റഷ്യയ്ക്ക് പരമ്പരാഗത ആയുധങ്ങൾ നൽകുന്നതിന് പകരമായി നശീകരണ ആയുധങ്ങളുടെ സാങ്കേതികവിദ്യ ഉത്തര കൊറിയ നേടിയാൽ അത് മേഖലക്ക് ദോഷകരമാകും. അതിനിടെ, റഷ്യൻ അധിനിവേശത്തിനെതിരെ യുദ്ധം ചെയ്യുന്ന ഉക്രെയ്‌നിന് ദക്ഷിണ കൊറിയ പിന്തുണ അറിയിച്ചു. അടുത്ത വർഷം ദക്ഷിണ കൊറിയ ഉക്രെയ്‌നിന് 300 മില്യൺ ഡോളർ സഹായമാതി നൽകുമെന്നും യൂൺ പറഞ്ഞു.

Tags:    
News Summary - Russia warns against arms cooperation with Korea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.