മോസ്കോ: കനത്ത ചെറുത്തുനിൽപിനുശേഷം പിടിച്ചെടുത്ത ചെർണോബിൽ ആണവ കേന്ദ്രത്തിൽ ജീവനക്കാർ പതിവുപോലെ ജോലിചെയ്യുന്നുണ്ടെന്ന് ഉന്നത റഷ്യൻ ഉദ്യോഗസ്ഥൻ അറിയിച്ചു. നേരത്തെ പ്രവർത്തനം അവസാനിപ്പിച്ച കേന്ദ്രത്തിലെ അണുവികരണം പരിശോധിക്കുകയാണ് ഇവർ കാര്യമായി ചെയ്യുന്നത്. 1986ൽ ലോകത്തെ ഏറ്റവും വലിയ ആണവ ദുരന്തമുണ്ടായ കേന്ദ്രമാണിത്. ഇവിടെനിന്ന് ഇപ്പോഴും ആണവവികിരണമുണ്ടാകുന്നുണ്ട്. റഷ്യൻ സേന ആണവകേന്ദ്രം കീഴടക്കി ജീവനക്കാരെ ബന്ദികളാക്കിയതായി യുക്രെയ്ൻ സേന കമാൻഡറിന്റെ ഉപദേശക അല്യോന ഷെവ്ത്സോവ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഇക്കാര്യം റഷ്യ നിഷേധിച്ചു.
ഈ മാസം 24ന് റഷ്യയുടെ പാരാട്രൂപ് വിഭാഗം ആണവ കേന്ദ്രമുള്ള പ്രദേശം നിയന്ത്രണത്തിലാക്കിയിരുന്നു. യുക്രെയ്നിലെ ആണവ റിയാക്ടറുകളുടെയും ആണവ കേന്ദ്രങ്ങളുടെയും സുരക്ഷക്കുള്ള പ്രത്യേക വിഭാഗവുമായി ധാരണയിലെത്തിയതായി റഷ്യ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെൻകോവ് വ്യക്തമാക്കി. എന്നാൽ, പ്രവർത്തനരഹിതമായ പ്ലാന്റിനരികെ അസാധാരണമായ വിധത്തിൽ ആണവവികിരണമുണ്ടായതായി യുക്രെയ്ൻ ആണവ ഊർജ നിയന്ത്രണ ഏജൻസി അഭിപ്രായപ്പെട്ടു.
1986 ഏപ്രിൽ 26നാണ് ചെർണോബിലിലെ നാലാം നമ്പർ റിയാക്ടറിൽ സ്ഫോടനമുണ്ടായത്. ഉടൻ 30 പേർ കൊല്ലപ്പെട്ടു. തുടർന്നുള്ള വർഷങ്ങളിൽ ആണവവികിരണമേറ്റ് നിരവധിയാളുകൾ മരിച്ചു. ഇതിന്റെ 19 മൈൽ ചുറ്റളവിൽനിന്ന് 135,000 പേരെയാണ് യുക്രെയ്ൻ ഒഴിപ്പിച്ചത്. ഇനിയും എത്രയോ വർഷം ഇവിടെ മനുഷ്യ ജീവിതം സാധ്യമാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.