ന്യൂഡൽഹി: രണ്ടു ദിവസം മുമ്പ് ഒഡിഷയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ റഷ്യൻ പാർലമെന്റംഗം പാവൽ അന്റോവ് പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ മുഖ്യ വിമർശകനായിരുന്നുവെന്ന് വെളിപ്പെടുത്തൽ. റഷ്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ വിമർശിച്ച് പാവൽ അന്റോവ് അടുത്തിടെ സന്ദേശം അയച്ചിരുന്നു. പിന്നീട് സന്ദേശം പിൻവലിക്കുകയും ചെയ്തു. പാവലിനൊപ്പം റഷ്യൻ പൗരനായ വ്ലാദിമിർ ബൈഡനോവും ഒഡിഷയിലെ അതേ ഹോട്ടലിൽ വെച്ച് മരിച്ചിരുന്നു. ഇവരുടെ മരണവുമായി പൊലീസിന് ക്രിമിനൽ ബന്ധം കണ്ടെത്താനായിട്ടില്ല.
പാവലിന്റെ സഹയാത്രികനായ ബൈഡനോവിനെയാണ് ആദ്യം മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസത്തിനു ശേഷം ഹോട്ടലിന്റെ മൂന്നാംനിലയിൽ നിന്ന് ചാടി മരിക്കുകയായിരുന്നു പാവൽ. ഹോട്ടലിന് പുറത്ത് രക്തത്തിൽ കുളിച്ച നിലയിലാണ് 65കാരനായ പാവലിന്റെ മൃതദേഹം കണ്ടെത്തിയത്. സുഹൃത്തിന്റെ മരണത്തെ തുടർന്നുണ്ടായ വിഷാദം ഇദ്ദേഹത്തെ ആത്മഹത്യയിലെത്തിക്കുകയായിരുന്നുവെന്നാണ് നിയമനം.
ഡിസംബർ 22നാണ് പാവലിന്റെ സുഹൃത്ത് മരിച്ചത്. ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിലാണ് ബൈഡനോവിനെ കണ്ടെത്തിയത്. സമീപത്ത് വൈനിന്റെ ഒഴിഞ്ഞ കുപ്പികളുമുണ്ടായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
ഒഡിഷയിൽ സംഭവിച്ച ദുരന്തത്തെ കുറിച്ച് അറിഞ്ഞതായി റഷ്യൻ എംബസി പ്രതികരിച്ചു. മരിച്ചവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടുവെന്നും സംഭവത്തിന് ക്രിമിനൽ ബന്ധമില്ല എന്നും എംബസി അധികൃതർ വിശദീകരിച്ചു.വിനോദസഞ്ചാരികളായാണ് ഇരുവരും ഇന്ത്യയിലെത്തിയത്. ഇവർക്കൊപ്പം രണ്ട് റഷ്യൻ പൗരൻമാർ കൂടിയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.