ന്യൂഡൽഹി: മൂന്നാം രാജ്യങ്ങളുടെ സമ്മർദത്തിൽ നിന്ന് ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തെ സംരക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന് റഷ്യ. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മൂലം ഇന്ത്യയിലേക്കുള്ള റഷ്യൻ അസംസ്കൃത എണ്ണ ഇറക്കുമതി കുറച്ചുകാലത്തേക്ക് കുറഞ്ഞേക്കാമെങ്കിലും അത് വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായി നടത്തിയ വിർച്വൽ വാർത്താസമ്മേളനത്തിൽ റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി.
പാശ്ചാത്യ ഉപരോധങ്ങളെ പരാമർശിച്ചാണ് മൂന്നാം രാജ്യങ്ങളുടെ സമ്മർദ്ദത്തിൽ നിന്ന് ഇന്ത്യ-റഷ്യ വ്യാപാര, ഊർജ ബന്ധങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഒരു സംവിധാനം സൃഷ്ടിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടത്. ഇന്ത്യക്ക്മേലുള്ള സമ്മർദ്ദം തങ്ങൾ മനസ്സിലാക്കുന്നുണ്ടെന്ന് പെസ്കോവ് പറഞ്ഞു.
പരസ്പരം നേട്ടമുണ്ടാക്കുന്ന ഇന്ത്യ - റഷ്യ വ്യാപാരം വിദേശത്തു നിന്നുള്ള സമ്മർദ്ദത്തിൽ നിന്ന് സുരക്ഷിതമാക്കണം. മൂന്നാം രാജ്യങ്ങളിൽ നിന്നുള്ള സ്വാധീനത്തിൽ നിന്ന് മുക്തമായ ഒരു ഘടന നമ്മുടെ ബന്ധത്തിൽ സൃഷ്ടിക്കണം. രണ്ട് റഷ്യൻ കമ്പനികൾക്കെതിരായ യു.എസ് ഉപരോധത്തെ തുടർന്ന് റിലയൻസ് റഷ്യൻ അസംസ്കൃത എണ്ണ വാങ്ങൽ കുറക്കാന തീരുമാനിച്ചതിനോട് റഷ്യൻ എണ്ണ ഉൽപാദന മേഖലയ്‌ക്കെതിരെ ഉപരോധങ്ങളുണ്ടെന്നും വ്യാപാരത്തിന്റെ അളവ് കുറയാതിരിക്കാൻ മറ്റു വഴികൾ കണ്ടെത്തുകയാണെന്നും പെസ്കോവ് പറഞ്ഞു.
വ്യാഴാഴ്ച എത്തുന്ന പുടിൻ മോദിയുമായി ഉഭയകക്ഷി നയ തന്ത്ര ചർച്ച നടത്തും. ചെറുകിട, ഇടത്തരം ആണവ റിയാക്ടറുകളുടെ മേഖലകളിലെ സഹകരണം മോദിയും പുടിനും തമ്മിലുള്ള ചർച്ചകളിൽ ഉൾപ്പെടുത്തുമെന്ന് പെസ്കോവ് പറഞ്ഞു. ചെറിയ റിയാക്ടറുകൾ നിർമിക്കുന്നതിൽ റഷ്യയുടെ പക്കലുള്ള സാങ്കേതികവിദ്യഇന്ത്യക്ക് നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാര, പ്രതിരോധ മേഖലകളിലുൾപ്പെടെ നിരവധി ഫലങ്ങൾ ഈ ചർച്ചയിലുണ്ടാകും. യു.എസ് ഉപരോധമുള്ളതിനാൽ മൂലം ഡോളറിന് ആധിപത്യമുള്ള സംവിധാനത്തിന് പകരം രൂപയിലും റൂബിളിലും വ്യാപാരം നടത്തുകയാണ് ഇന്ത്യയും റഷ്യയും ചെയ്യുന്നത്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നടത്തുന്ന മധ്യസ്ഥശ്രമങ്ങൾ ഫലപ്രദമാണെന്നും അത് വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പെസ്കോവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.