ലണ്ടൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ നടപടികൾ ശക്തമാക്കിയ യു.കെ എൻഫോഴ്സ്മെന്റ് സംഘത്തിനൊപ്പം പ്രധാനമന്ത്രി ഋഷി സുനക്കും ചേർന്നു. ഒരു ദിവസത്തേക്ക് പ്രധാനമന്ത്രി കുപ്പായം അഴിച്ചുവെച്ചാണ് ഋഷി സുനക് ഇമിഗ്രേഷൻ ഓഫിസറായത്.
അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ 105 വിദേശ പൗരൻമാരെ അറസ്റ്റ് ചെയ്തു. റസ്റ്റോറന്റുകൾ, കാർ വാഷുകൾ, നെയിൽ ബാറുകൾ, ബാർബർ ഷോപ്പുകൾ, കൺവീനിയൻസ് സ്റ്റോറുകൾ എന്നിവയുൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങളിൽ നിന്നാണ് അറസ്റ്റ് നടന്നത്. അനധികൃത ജോലി, തെറ്റായ രേഖകൾ കൈവശം വച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ആളുകഴെ അറസ്റ്റ് ചെയ്തു. ചില സ്ഥലങ്ങളിൽ നിന്ന് പണവും പിടിച്ചെടുത്തു. 159 റെയ്ഡുകളാണ് നടത്തിയത്. അറസ്റ്റിലായവരിൽ 40ലേറെ പേരെ യു.കെയിൽ നിന്ന് ഒഴിവാക്കുന്നത് വരെ ഹോം ഓഫീസ് തടഞ്ഞുവച്ചു. മറ്റുള്ളവരെ ഇമിഗ്രേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുമണിഞ്ഞാണ് 43കാരനായ ഋഷി സുനക് എൻഫോഴ്സ്മെന്റ് സംഘത്തിനൊപ്പം കൂടിയത്. അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനധികൃത കുടിയേറ്റക്കാരെ പൂർണമായും രാജ്യത്ത് നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് ഋഷി സുനക് പ്രഖ്യാപിച്ചിരുന്നു.
ബ്രിട്ടനിൽ നിലവാരം കുറഞ്ഞ ബിരുദ കോഴ്സുകൾക്ക് ചേരുകയും കുടുംബാംഗങ്ങളെ കൊണ്ടുവരികയും ചെയ്യുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ വർഷം ജൂൺ വരെയുള്ള കണക്ക് പ്രകാരം 5,04,000 ആണ് ബ്രിട്ടനിലെ ആകെ കുടിയേറ്റക്കാരുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.