കടുത്ത വരൾച്ചക്കിടെ വീട്ടിൽ 3.8 കോടി രൂപയുടെ നീന്തൽക്കുളം പണിത് യു​.കെ പ്രധാനമന്ത്രി സ്ഥാനാർഥി ഋഷി സുനക്; വിവാദം

കടുത്ത വരൾച്ചയും ചൂടും പ്രധാനമന്ത്രി തെരഞ്ഞെടുപ്പും. ഇവയാണ് ഇപ്പോൾ ബ്രിട്ടനിൽനിന്നുള്ള വാർത്തകൾ. ലിസ് ട്രസ്, ഇന്ത്യൻ വംശജനായ ഋഷി സുനക് എന്നിവരാണ് പ്രധാനപ്പെട്ട രണ്ട് പ്രധാനമന്ത്രി സ്ഥാനാർഥികൾ. കടുത്ത ചൂടിനെ നേരിടുകയാണ് രാജ്യം. വരൾച്ചയും ഉണ്ട്. ഇതിനിടെയാണ് പ്രധാനമന്ത്രി സ്ഥാനാർഥി ഋഷി സുനകുമായി ബന്ധപ്പെട്ട് ഒരു വിവാദം ഉയർന്നുവന്നിരിക്കുന്നത്. രാജ്യം വരൾച്ച നേരിടവെ തന്റെ സ്വകാര്യ വസതിയിൽ സുനക് 3.8 കോടി രൂപ ചെലവഴിച്ച് സ്വിമ്മിങ് പൂൾ പണിയുന്നു എന്നാണ് എതിരാളികൾ ആരോപിക്കുന്നത്. ചില വാർത്താ മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

റിപ്പോർട്ടുകൾ അനുസരിച്ച്, സുനക് തന്റെ മാളികക്കുള്ളിലെ ഒരു ആഡംബര നീന്തൽക്കുളത്തിനായി ഏകദേശം 3. 8 കോടി രൂപ ചെലവഴിക്കുന്നു. ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളും വരൾച്ചയോടും കടുത്ത ചൂടിനോടും പോരാടുന്ന സമയത്താണ് ഈ വാർത്ത വരുന്നത്. ഋഷി സുനക് തന്റെ മാളികയിലെ ഒരു പുതിയ നീന്തൽക്കുളത്തിനായി 400,000 പൗണ്ട് (ഏകദേശം 3.8 കോടി രൂപ) ചെലവഴിച്ചതായി 'ദി ഇൻഡിപെൻഡന്റ്' റിപ്പോർട്ട് ചെയ്യുന്നു. സുനക്കും ഭാര്യ അക്ഷത മൂർത്തിയും അവരുടെ രണ്ട് കുട്ടികളും നോർത്ത് യോർക്ക്ഷെയറിലെ ഈ വീട്ടിൽ വാരാന്ത്യങ്ങൾ ചെലവഴിക്കാറുണ്ട്.

ഇതുകൂടാതെ ഒരു ജിമ്മും ടെന്നീസ് കോർട്ടുകളും നിർമ്മിക്കുന്നുണ്ടെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്തെ ആകാശ ദൃശ്യങ്ങൾ കാണിക്കുന്നത് കുളത്തിന്റെ നിർമ്മാണം ദ്രുതഗതിയിലാണ് എന്നാണ്. ഇത് സോഷ്യൽ മീഡിയയിൽ കോലാഹലം സൃഷ്ടിച്ചു. രാജ്യം ജലക്ഷാമം നേരിടുമ്പോൾ നീന്തൽക്കുളം നിർമ്മിച്ചതിന് പലരും സുനക്കിനെ വിമർശിച്ചു. വർദ്ധിച്ചുവരുന്ന ഊർജ ചെലവ് കാരണം നഗരത്തിലെ പൊതു നീന്തൽക്കുളങ്ങൾ അടച്ചുപൂട്ടാൻ നിർബന്ധിതരായിരിക്കുന്നു എന്നതും വിഷയം കൂടുതൽ വിവാദമാകാൻ കരണമായി. ഇതാദ്യമായല്ല ഋഷി സുനക്കും കുടുംബവും തങ്ങളുടെ ജീവിതരീതിയെച്ചൊല്ലി വിവാദത്തിലാകുന്നത്. കഴിഞ്ഞ മാസം, അക്ഷത മൂർത്തി വിലകൂടിയ പാത്രങ്ങളിൽ ചായ വിളമ്പിയത് പൊതുജന രോഷം നേരിട്ടിരുന്നു.

ബോറിസ് ജോൺസന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരായ പൊതുജനങ്ങളുടെ അതൃപ്തിക്ക് പിന്നിലെ പ്രധാന ഘടകങ്ങൾ നികുതി വർദ്ധനയും കുതിച്ചുയരുന്ന ജീവിതച്ചെലവുമായിരുന്നു. അന്നത്തെ യു. കെ ചാൻസലറായിരുന്ന സുനക് നികുതി വർദ്ധനയിൽ വിമർശനം നേരിട്ടിരുന്നു. യുകെയുടെ അടുത്ത പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ ലിസ് ട്രസിനെതിരെയാണ് ഋഷി സുനക് മത്സരിക്കുന്നത്.

Tags:    
News Summary - Rishi Sunak In Hot Water Over ₹ 3.8 Crore Swimming Pool Amid Drought In UK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.