ഗോ പൂജയുമായി യു.കെ പ്രധാനമന്ത്രി സ്ഥാനാർഥി ഋഷി സുനക്

ലണ്ടൻ: ബ്രിട്ടൻ പ്രധാനമന്ത്രി പഥത്തിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തി നിൽക്കെ ഗോ പൂജയുമായി ഇന്ത്യൻ വംശജനായ ഋഷി സുനക്. ഭാര്യ അക്ഷത മൂർത്തിക്കൊപ്പമായിരുന്നു മുൻ ധനകാര്യമന്ത്രി കൂടിയായ പ്രധാനമന്ത്രി സ്ഥാനാർഥി ഋഷി സുനകിന്‍റെ പൂജ ചടങ്ങുകൾ.

പൂജാരിയുടെ നിർദേശങ്ങൾക്കനുസരിച്ച് കർമങ്ങൾ ചെയ്യുന്ന ഇവരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദിവസങ്ങൾക്ക് മുമ്പ് ജന്മാഷ്ടമിക്ക് ഭക്തിവേദാന്ത ക്ഷേത്രം സന്ദർശിച്ചതിന്‍റെ വിഡിയോ അദ്ദേഹം തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. ഭഗവത് ഗീത എങ്ങിനെയാണ് അദ്ദേഹത്തിന് ശക്തി പകരുന്നത് എന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, രാജ്യം കനത്ത ചൂടും വരൾച്ചയും നേരിടുമ്പോൾ തന്‍റെ മാളികയിൽ 3.8 കോടി രൂപ ചെലവഴിച്ച് പുതിയ നീന്തൽ കുളം പണിയുന്നെന്ന ആരോപണം ഋഷി സുനകിനെതിരെ ഉയർന്നിരുന്നു. ഇതുകൂടാതെ ഒരു ജിമ്മും ടെന്നീസ് കോർട്ടുകളും നിർമിക്കുന്നുണ്ടെന്നും ഡെയ്‍ലി മെയിൽ റിപ്പോർട്ട് ചെയ്തിരുന്നു.

ഇംഗ്ലണ്ടിലെ സൗതാംപ്ടണിലാണ് സുനകിന്‍റെ ജനനം. യു.എസിലെ സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റിയിലെ എം.ബി.എ പഠന കാലത്താണ് ഋഷിയും അക്ഷതയും കണ്ടുമുട്ടിയത്. 200ൽ ബംഗളൂരുവിൽ വെച്ചാണ് വിവാഹിതരായത്. 11കാരി കൃഷ്ണയും ഒമ്പതുകാരി അനൗഷ്കയും മക്കളാണ്.

മുൻ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിനെതിരെയാണ് ഋഷി സുനകിന്‍റെ മത്സരം. അടുത്ത മാസം ആദ്യമാണ് ബോറിസ് ജോൺസൺ സ്ഥാനമൊഴിയുന്നത്.

Tags:    
News Summary - Rishi Sunak and Wife Akshata Murthy Perform Gau Pooja In London

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.