വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് വിട്ടയച്ച തടവുകാരുമായി പോകുന്ന റെ​ഡ് ക്രോസ് വാഹനങ്ങൾ

ഹമാസ് വിട്ടയച്ച ഏഴ് തടവുകാരെ ഇസ്രായേൽ സൈന്യത്തിന് കൈമാറി

ഗസ്സ: വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഏഴ് തടവുകാരെ ഹമാസ് വിട്ടയച്ചു. റെ​ഡ് ക്രോസിനെ ഏൽപിച്ച ഇവരെ ഇസ്രായേൽ സൈന്യത്തിന്  കൈമാറി. “അവർ കുടുംബങ്ങളുമായി ബന്ധപ്പെട്ടു. വൈദ്യ പരിശാധനയിൽ പൂർണ ആരോഗ്യവാൻമാരാണ്. സുഖമായിരിക്കുന്നതായും നടക്കുന്നതായും റിപ്പോർട്ടുണ്ട്” -അൽജസീറ റിപ്പോർട്ട് ചെയ്തു. വടക്കൻ ഗസ്സയിൽ വെച്ചാണ് ഇവരെ റെ​ഡ് ക്രോസിന് ​കൈമാറിയത്.

ജീവനോടെയുള്ള 20 തടവുകാരെയാണ് ഹമാസ് ഇസ്രായേലിന് ഇനന് കൈമാറുക. ബാക്കിയുള്ളവരെ വിട്ടയക്കാൻ തെക്കൻ ഗസ്സയിൽ തയാറെടുപ്പുകൾ പൂർത്തിയായി. തെക്കൻ ഗസ്സയിൽ പ്രാദേശിക സമയം രാവിലെ 10 മണിയോടെ എല്ലാ തടവുകാരുടെയും മോചനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇസ്രാ​യേൽ അനധികൃതമായി തടവിലിട്ട 2000 ഫലസ്തീനികളെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി വിട്ടയക്കും. ഇതിൽ മിക്കവരും കുറ്റപത്രം പോലും സമർപ്പിക്കാതെ വർഷങ്ങളായി ഇസ്രായേൽ തടങ്കലിലിട്ടവരാണ്. ഇസ്രായേൽ കോടതി ജീവപര്യന്തം വിധിച്ച 250 പേരും ഇതിൽ ഉൾപ്പെടും.

തടവുകാരെ ആദ്യം റെഡ് ക്രോസിന് കൈമാറുകയാണ് ചെയ്യുക. തുടർന്ന് ഇവരെ ഗസ്സയിലെ ഇസ്രായേലി സൈനിക താവളത്തിൽ കൊണ്ടുപോയി പ്രാഥമിക വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. പിന്നീടാണ് ഇസ്രായേലിലേക്ക് കൊണ്ടുപോവുക. അതേസമയം, വർഷങ്ങളായി ഇസ്രായേൽ തടങ്കലിൽ ക​ഴിയുന്ന ഫലസ്തീൻ നേതാവ് മർവാൻ ബർഗൂത്തിയെ ഇസ്രായേൽ വിട്ടയക്കില്ല. അധിനിവേശ വെസ്റ്റ് ബാങ്ക് സ്വദേശികളെയും ഇസ്രായേൽ മോചിപ്പിക്കും. എന്നാൽ, ഇവരെ സ്വീകരിക്കുന്നതിന് ആഘോഷങ്ങൾ നടത്തരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ബന്ധുക്കളോട് ഇസ്രായേൽ ആവശ്യപ്പെട്ടു.

തടവുകാരുടെ മോചനം രാജ്യത്തിന് ഐക്യത്തിന്റെ നിമിഷമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഞായറാഴ്ച വൈകുന്നേരം ഒരു ടെലിവിഷൻ പ്രസംഗത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. എന്നാൽ, തടവുകാരുടെ മോചനത്തേക്കാൾ സൈനിക വിജയത്തിനാണ് നെതന്യാഹു മുൻഗണന നൽകുന്നതെന്ന് ബന്ദികളുടെ കുടുംബങ്ങൾ ആരോപിച്ചു. ശനിയാഴ്ച യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് തെൽഅവീവിൽ നടന്ന റാലിയിൽ നെതന്യാഹുവിനെ പ്രശംസിച്ചപ്പോൾ ജനക്കൂട്ടത്തിൽ പലരും കൂക്കിവിളിച്ചിരുന്നു.

Tags:    
News Summary - Released captives handed over to Israeli army

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.