ബന്ദികളുടെ തിരിച്ചുവരവ് ആഘോഷിക്കുന്ന ഇസ്രായേലികൾ
തെൽ അവീവ്: പരിഗണനകൾ പാലിച്ച് വാർധക്യമെത്തിയവരെയും കുട്ടികളെയും സ്ത്രീകളെയുമടക്കം 25 ബന്ദികളെ ഒന്നാം ദിവസം ഹമാസ് മോചിപ്പിച്ചത് ഇസ്രായേലിൽ സൃഷ്ടിച്ച ആഘോഷം തലവേദന തീർക്കുന്നത് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്. നാലുനാൾ തീരുംമുറക്ക് യുദ്ധം അതിതീവ്രമായി പുനരാരംഭിക്കുമെന്ന് പലവട്ടം പറഞ്ഞുകഴിഞ്ഞ നെതന്യാഹുവിനെ സ്വന്തം രാജ്യത്ത് കാത്തിരിക്കുന്ന സമ്മർദം ചെറുതാകില്ലെന്നുറപ്പ്. വെടിനിർത്തൽ അവസാനിക്കുന്ന ചൊവ്വാഴ്ച രാവിലെ ആക്രമണം തുടരുമെന്ന് പ്രധാനമന്ത്രിക്കൊപ്പം പ്രതിരോധ മന്ത്രി യൊആവ് ഗാലന്റും സൈനിക മേധാവിയും ഉറപ്പുപറയുന്നു.
എന്നാൽ, വെടിനിർത്തൽ വ്യവസ്ഥകളിൽ നിർദിഷ്ട 50ലധികമായി വിടുന്ന ഓരോ 10 ബന്ദിക്കും പകരം ഒരു ദിവസം വെടിനിർത്തൽ നീട്ടുമെന്ന് ഇസ്രായേൽ സമ്മതിച്ചതാണ്. നാലു ദിവസം കഴിഞ്ഞാലും 150ലധികം ബന്ദികൾ ഹമാസ് കൈകളിൽ ഭദ്രമായുണ്ടാകും. തുടർന്നുള്ള ഓരോ ബോംബും ഇവരുടെ ജീവൻകൂടി അപായത്തിലാക്കാനുള്ള സാധ്യത നിലനിൽക്കുന്നു.
നിലവിൽ ആദ്യ 50ൽ ആരെയൊക്കെ വിട്ടയക്കുമെന്ന കാര്യത്തിൽ ഹമാസിനു മാത്രമാണ് തീരുമാനം. അതുമൂലം തങ്ങളുടെ ഉറ്റവർ ബന്ദികളിലുണ്ടോയെന്ന് ഓരോ കുടുംബവും അക്ഷമരായി കാത്തിരിക്കുന്നതാണ് നിലവിലെ സ്ഥിതി. പ്രായപൂർത്തിയെത്താത്ത 36 പേരടക്കം 200ലധികമാണ് മൊത്തം ഹമാസ് ബന്ദികൾ. ഇവരുടെയെല്ലാം മോചനത്തിന് ഭരണകൂടം ശ്രമിക്കണമെന്ന് ബന്ധുക്കൾ ശക്തമായി ആവശ്യം ഉന്നയിക്കുന്നു. ബന്ദികളിൽ ഒരു സംഘം പൂർണ ആരോഗ്യവാന്മാരായി പുറത്തെത്തുന്നമുറക്ക് ബാക്കിയാകുന്നവരുടെ ജീവൻ ഭരണകൂടം തുലാസിൽ നിർത്തുന്നത് തീർച്ചയായും ജനകീയ രോഷം ശക്തമാക്കും. അത് ഹമാസിന് നൽകുന്ന മേൽക്കൈ ചെറുതാകില്ല.
ബന്ദികളുടെ വരവ് വലിയ പരിപാടിയാക്കരുതെന്ന് കർശന നിർദേശങ്ങൾ ഇസ്രായേൽ ഭരണകൂടം നൽകിയിരുന്നെങ്കിലും മോചിതരായവരുടെ കുടുംബങ്ങൾ തീർച്ചയായും ഇത് ആഘോഷമാക്കുന്ന ആവേശത്തിലാണ്. ഇതു കാണുന്ന അവശേഷിച്ച കുടുംബങ്ങളും ശരാശരി ഇസ്രായേലിയും മറ്റുള്ളവരുടെ മോചനത്തിന് സർക്കാർ ഇടപെടണമെന്ന നിലപാടിൽ വിട്ടുവീഴ്ചക്ക് തയാറാകില്ല. ഇത് വെടിനിർത്തൽ നീട്ടാൻ സാഹചര്യമൊരുക്കുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നവരാണ് നിരവധി പേർ.
അതേസമയം, എന്തുവില കൊടുത്തും ഹമാസിനെ ഉന്മൂലനം ചെയ്യുകയെന്നതാണ് ഇസ്രായേൽ ലക്ഷ്യം. അതിന് ബന്ദികളുടെ വിഷയം തടസ്സമാകുമെങ്കിൽ എന്തു ചെയ്യുമെന്ന ചോദ്യം നിലനിൽക്കുന്നു. ഹമാസ് ഇല്ലാത്ത ഗസ്സ സ്വപ്നം കാണുന്ന നെതന്യാഹു സർക്കാർ ബന്ദികളെ പോലും ഇതിനായി ബലിനൽകാമെന്ന് ആശങ്ക ബന്ദികളുടെ കുടുംബങ്ങൾ നേരത്തേ പങ്കുവെച്ചിരുന്നു.
ഗസ്സയിൽ 15,000 സിവിലിയന്മാർ ഇതിനകം ഇസ്രായേൽ ക്രൂരതക്കിരയായിക്കഴിഞ്ഞു. ആയിരം കിലോ ഭാരമുള്ള, അത്യുഗ്രശേഷിയുള്ള ബോംബുകളാണ് ഇസ്രായേൽ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ഒരു ബഹുനില കെട്ടിടം പൂർണമായി നിലംപൊത്താൻ ഇത്തരം ഒരു ബോംബുമതിയെന്നിരിക്കെ യു.എസ് നൽകുന്ന ഇവ നിരന്തരം പ്രയോഗിക്കുന്നത് രാജ്യാന്തര തലത്തിൽ ഇസ്രായേലിനെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. യു.എസ് ഇടപെട്ട് നഷ്ടപ്പെട്ട മാനം തിരിച്ചുനൽകാൻ വെടിനിർത്തൽ അവസരമാക്കാനുള്ള സാധ്യതയും ഇതു നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.