ഹുർമുസ് തുറക്കൽ: ഏഴ് ഉപാധികളിൽ ചിലത് യു.എസ് അംഗീകാരിച്ചതായി ഇറാൻ; അപര്യാപ്തമെന്ന് ആക്ഷേപം

തെഹ്‌റാൻ: യുദ്ധത്തിന് വിരാമമിട്ട് ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച ഏഴ് ഉപാധികളിൽ ചിലത് അമേരിക്ക അംഗീകാരിച്ചതായി ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹ്‌സിൻ റെസാഈ. എന്നാൽ യു.എസിന്റെ പ്രതികരണം അപര്യാപ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. "ഇറാന്റെ ഏഴ് ഉപാധികളിൽ ചിലതിന് യു.എസ് സമ്മതിച്ചിട്ടുണ്ട്, എന്നാൽ അവരുടെ പ്രതികരണം അപര്യാപ്തമായി കാണുന്നു. ഇറാനിയൻ നയതന്ത്രം മാറിയിരിക്കുന്നു, ഇനി പഴയ സ്ഥിതിയിലേക്ക് ഒരു തിരിച്ചുവരവുണ്ടാകില്ല," റെസാഈ എക്സിൽ കുറിച്ചു.

ഹുർമുസ് തുറക്കുന്നതിന് ജൂണിലെ 14 ഇന ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ ഏഴ് ഉപാധികൾ ഇറാൻ മുന്നോട്ടുവെച്ചിരുന്നു. ഇവ യു.എസ് അംഗീകരിക്കുന്നതുവരെ തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ഖാലിബാഫും അറിയിച്ചിരുന്നു. ഉപാധികൾ മാധ്യസ്ഥൻ വഴി യു.എസിന് മുന്നിൽ വെച്ചിട്ടുണ്ടെന്നും ഇറാൻ അറിയിച്ചിരുന്നു.

യു.എസിന്റെ നാവിക ഉപരോധവും ഇറാനിയൻ എണ്ണ വിൽപ്പനയ്ക്കുള്ള നിയന്ത്രണങ്ങളും അവസാനിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ഉപാധികൾ വാഷിംഗ്ടൺ അംഗീകരിച്ചാൽ ഹുർമുസ് കടലിടുക്ക് തുറക്കാനും ചർച്ചകൾ പുനരാരംഭിക്കാനും ഇറാൻ നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണമുണ്ടാവുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. യമനിലെ തലസ്ഥാനമായ സൻആക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നാലെയായിരുന്നു വിമാനത്താവളത്തിന് നേരെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.

യമനിലും ആക്രമണം കടുക്കുകയാണ്. ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യമൻ ഗവൺമെന്റ് സേനയുടെ ശക്തമായ വ്യോമാക്രമണങ്ങൾ നടന്നു. അതേസമയം ഹൂതികൾക്കെതിരായ ആക്രമണം സ്ഥിതിഗതികൾ രൂക്ഷമാക്കുമെന്ന് സൗദിക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്.

Tags:    
News Summary - Iran claims US agreed to -some of its seven conditions-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.