ഗസ്സ സിറ്റി: മാനുഷിക നിയമങ്ങൾ പോലും ലംഘിച്ച് ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോകവ്യാപകമായി പ്രതിഷേധം അലയടിക്കുന്നു. ഗസ്സയിൽ അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കണമെന്നാണ് പ്രതിഷേധകരുടെ ആവശ്യം. വാഷിങ്ടൺ ഡി.സി, ലണ്ടൻ, പാരീസ്, ബർലിൻ, മിലാൻ, ധാക്ക നഗരങ്ങളിലാണ് പ്രതിഷേധം അലയടിച്ചത്.
തുർക്കിയയിൽ ഫലസ്തീനികളെ പിന്തുണക്കുന്ന സംഘം യു.എസ് സൈനിക ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് തുർക്കിയ സന്ദർശിക്കുന്നുണ്ട്. അത് കൂടി കണക്കിലെടുത്താണ് പ്രതിഷേധം. ജബലിയ അഭയാർഥി ക്യാമ്പിലെ അൽ ഫാറൂഖ സ്കൂളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. 15 പേരാണ് കൊല്ലപ്പെട്ടത്. ഉപരോധത്തിലായ ഗസ്സക്കു മേൽ ഇസ്രായേൽ തലങ്ങും വിലങ്ങും ബോംബിട്ട് പ്രഹരം തീർക്കുകയാണ്.
യു.കെയിലെ നോട്ടിങ്ഹാമിൽ നടന്ന റാലിയിലും ആയിരങ്ങളാണ് പങ്കെടുത്തത്. ഫോറസ്റ്റ് ഫീൽഡ് പാർക്കിൽ നിന്ന് ആരംഭിച്ച റാലി നോട്ടിങ്ഹാം നഗരം ചുറ്റി ബി.ബി.സി ഓഫിസിന് മുന്നിൽ അവസാനിച്ചു. വെടിനിർത്തൽ ഉടൻ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാർ നോട്ടിങ്ഹാം റെയിൽവെ സ്റ്റേഷൻ ഉപരോധിച്ചു. ഇസ്രയേൽ അനുകൂല നിലപാടിൽ പ്രതിഷേധിച്ച് ലേബർ പാർട്ടിയിൽ നിന്ന് രാജിവെച്ച നോട്ടിങ്ഹാം സിറ്റി കൗൺസിൽ അംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിനും ബ്രിട്ടീഷ് ചാനലായ ബി.ബി.സിക്ക് എതിരേയും റാലിയിൽ രൂക്ഷ വിമർശനമുണ്ടായി.
യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും ലോകരാജ്യങ്ങളുടെ അടിയന്തര ഇടപെടൽ വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. യുദ്ധത്തിന്റെ മറവിൽ നിരവധി പിഞ്ചുകുഞ്ഞുങ്ങളെ ഇസ്രായേൽ കൊന്നു തള്ളുകയാണെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.