വ്യാപാരവും തന്ത്രപരമായ സഹകരണവും ശക്തിപ്പെടുത്തും; ഈജിപ്ത് പ്രധാനമന്ത്രിയുമായി ചർച്ച നടത്തി നരേന്ദ്ര മോദി

കൈറോ: ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൂലിയുമായും മുതിർന്ന മന്ത്രിസഭ അംഗങ്ങളുമായും ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര ബന്ധവും തന്ത്രപരമായ സഹകരണവും ശക്തിപ്പെടുത്താൻ ചർച്ചയിൽ തീരുമാനമായി.

നേരത്തെ, രണ്ടു ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ച ഈജിപ്തിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേൽപാണ് നൽകിയത്. 26 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്ത് സന്ദർശിക്കുന്നത്. പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ ക്ഷണപ്രകാരമാണ് മോദി ഈജിപ്തിലെത്തിയത്.

ഈജിപ്തിലെ ഗ്രാൻഡ് മുഫ്തി ഡോ. ശൗക്കി ഇബ്രാഹിം അബ്ദുൽകരീം അല്ലാമുമായി മോദി കൂടിക്കാഴ്ച നടത്തി. കൂടാതെ, ഇന്ത്യൻ പ്രവാസി നേതാക്കളുമായും ആശയവിനിമയം നടത്തി. ബോറ സമുദായക്കാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ ദാവൂദി ബോറ വിഭാഗത്തിന്റെ സഹായത്തോടെ പുനരുദ്ധരിച്ച കൈറോയിലെ ചരിത്രപ്രസിദ്ധമായ അൽ ഹാകിം മസ്ജിദ് പ്രധാനമന്ത്രി സന്ദർശിക്കും.

ഹീലിയോപോളിസ് യുദ്ധ സെമിത്തേരി സന്ദർശിച്ച് ഒന്നാം ലോകയുദ്ധത്തിൽ ഈജിപ്തിനായി ജീവൻ ബലിയർപ്പിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കും. ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായിരുന്നു അൽസീസി. സെപ്റ്റംബറിൽ ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ പ്രത്യേക ക്ഷണിതാവായി അദ്ദേഹം പങ്കെടുക്കുന്നുണ്ട്.

‘ഈ സന്ദർശനം ഈജിപ്തുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയുമായി ചർച്ച നടത്താനും മറ്റ് പരിപാടികളിൽ പങ്കെടുക്കാനും ഞാൻ ആഗ്രഹിക്കുന്നു’ -മോദി പറഞ്ഞു.

Tags:    
News Summary - PM Modi meets Egyptian counterpart, top ministers; discusses trade ties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.