വാഷിങ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ ഡിന്നറിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ കൊല്ലപ്പെടുത്താൻ ശ്രമിച്ച പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കാലിഫോർണിയയിലെ ടോറൻസ് സ്വദേശിയായ കോൾ തോമസ് അലൻ (31) ആണ് കേസിലെ പ്രതി. ശനിയാഴ്ച നടന്ന ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റിരുന്നു.
പ്രതിയായ അലൻ പ്രസിഡന്റിനെ മാത്രമല്ല, യു.എസ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും ലക്ഷ്യം വെച്ചിരുന്നതായി പ്രോസിക്യൂട്ടർമാർ കോടതിയെ അറിയിച്ചു. ഉന്നത പദവിയിലുള്ളവർ മുതൽ താഴെത്തട്ടിലുള്ളവർ വരെ എന്ന ക്രമത്തിൽ തയ്യാറാക്കിയ ഒരു 'മാനിഫെസ്റ്റോ' പ്രതിയുടെ പക്കൽ നിന്നും കണ്ടെടുത്തു. പരമാവധി ഭരണഘടനാ ഉദ്യോഗസ്ഥരെ വധിക്കുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് വാഷിങ്ടൺ ഡി.സി അറ്റോർണി ജീനിൻ പിറോ പറഞ്ഞു. ഇയാളുടെ പക്കൽ ഒരു സെമി ഓട്ടോമാറ്റിക് പിസ്റ്റൾ, ഷോട്ട്ഗൺ, മൂന്ന് കത്തികൾ എന്നിവ ഉണ്ടായിരുന്നു. ഇവ കാലിഫോർണിയയിൽ നിന്ന് വാങ്ങിയതാണെന്ന് കരുതപ്പെടുന്നു.
ഏപ്രിൽ 24-ന് ലോസ് ഏഞ്ചൽസിൽ നിന്ന് ട്രെയിൻ മാർഗ്ഗം വാഷിണങ്ടണിലെത്തിയ പ്രതി, പരിപാടി നടന്ന ഹിൽട്ടൺ ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. പിന്നീട് ട്രംപ് ഉണ്ടായിരുന്ന ബാൾറൂമിന് തൊട്ടുമുകളിലുള്ള സുരക്ഷാ ചെക്ക് പോയിന്റിലേക്ക് തോക്കുമായി ഇയാൾ ഇരച്ചുകയറുകയും തടയാൻ ശ്രമിച്ച സീക്രട്ട് സർവീസ് ഏജന്റിന് നേരെ വെടിയുതിർക്കുകയുമായിരുന്നു. വെടിയുണ്ട നെഞ്ചത്തേറ്റെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ ഉദ്യോഗസ്ഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു. തുടർന്ന് ഉദ്യോഗസ്ഥൻ തിരിച്ചുവെടി ഉതിർക്കുകയും പ്രതിയെ കീഴ്‌പ്പെടുത്തുകയുമായിരുന്നു.
2024-ന് ശേഷം ട്രംപിന് നേരെ നടക്കുന്ന മൂന്നാമത്തെ വധശ്രമമാണിത്. നിലവിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജഡ്ജി റിമാൻഡ് ചെയ്തു. കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാം. കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദധാരിയായ അലൻ, അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അധികൃതർ ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.