പത്തുവർഷത്തെ തയാറെടുപ്പ്, രണ്ടു മണിക്കൂർ യാത്ര... പിടിക്കപ്പെട്ടാൽ വധശിക്ഷ; ഉത്തരകൊറിയയിൽനിന്ന് രക്ഷപ്പെട്ട കുടുംബത്തിന്റെ കഥ

പ്യോങ്യാങ്: ഒരു നഗരത്തിൽനിന്ന് മറ്റൊരു നഗരത്തിലേക്ക് യാ​ത്രചെയ്യാൻ അനുമതി ആവശ്യമായ രാജ്യം. അയൽക്കാർ പോലും പരസ്പരം നിരീക്ഷിച്ചുകൊണ്ടേയിരിക്കും. ഭരണകൂടത്തെ വിമർശിക്കുന്നതോ പരമോന്നത നേതാവിനെ ചോദ്യം ചെയ്യുന്നതോ മൂന്ന് തലമുറകളെ പോലും ദുരിതത്തിലാക്കും. ആ ഉത്തരകൊറിയയിൽനിന്ന് ഒരു കുടുംബം ആരുമറിയാതെ പലായനം ചെയ്തു. ​തുരങ്കത്തിലൂടെയോ ദക്ഷിണ കൊറിയയിലേക്കുള്ള ഖനികളി​ലൂടെയോ അതിർത്തിയിലൂടെയോ അല്ല, മറിച്ച് കടൽ മാർഗമായിരുന്നു ആ ഒമ്പതുപേർ അടങ്ങിയ കുടുംബത്തിന്റെ പലായനം. വെറും രണ്ട് മണിക്കൂർ മാത്രമാണ് അവർ രക്ഷപ്പെടാനെടുത്ത സമയം. എന്നാൽ, ആ രക്ഷപ്പെടലിന് അവർ ആസൂത്രണം ചെയ്തത് പത്തുവർഷത്തോളമായിരുന്നു എന്നതാണ് പ്രത്യേകത.

ഒരു പിതാവിന്റെ നിശ്ചയദാർഢ്യത്തിന്റെയും തിരിച്ചറിവിന്റെയും ഫലമായിരുന്നു ആ രക്ഷപ്പെടൽ. ജീവിതത്തിന്റെ എല്ലാ മേഖലകളിലും കടുത്ത സ്വാതന്ത്ര്യ നിയന്ത്രണവും കർശനമായ ഭരണകൂട നിയന്ത്രണവുമുള്ള ഒരു സ്വേച്ഛാധിപത്യ രാഷ്ട്രമായ ഉത്തര കൊറിയയിൽ നിന്ന് രക്ഷപ്പെടാൻ പലപ്പോഴും ആളുകൾ ശ്രമിക്കുന്നുണ്ട്. എന്നാൽ അതൊന്നും ഫലപ്രാപ്തിയി​ലെത്താറില്ല. ഉത്തരകൊറിയയുടെ അയൽരാജ്യമായ ദക്ഷിണ കൊറിയ ഒരു ലിബറൽ, മുതലാളിത്ത ജനാധിപത്യ രാജ്യമാണ്. ഇരുരാജ്യങ്ങളുടെയും അതിർത്തികൾ സൈനികവൽക്കരിക്കപ്പെട്ടതിനാൽ അതിലൂടെ സഞ്ചരിക്കാൻ കഴിയില്ല. ഉത്തരകൊറിയയുടെ പുറത്ത് ഒരു വലിയ ലോക​മുണ്ടെന്നും അവിടെനിന്ന് രക്ഷപ്പെടാനുള്ള ഏക മാർഗം സമുദ്രം മാത്രമാണെന്നും പിതാവ് മക്കളെ പഠിപ്പിച്ചിരുന്നു. അവർ മത്സ്യത്തൊഴിലാളി കുടുംബമായിരുന്നില്ല. തീരപ്രദേശത്തല്ലായിരുന്നു താമസം. വേലിയേറ്റങ്ങളെക്കുറിച്ചോ എൻജിനുകളെക്കുറിച്ചോ പട്രോളിങ് പാതകളെക്കുറിച്ചോ സമുദ്രാതിർത്തികളെക്കുറിച്ചോ അവർക്ക് ഒന്നും അറിയില്ലായിരുന്നു. ഇളയ മകൻ കിം യി ഹ്യോക്കിനെ തീരപ്രദേശത്തേക്ക് അയച്ചായിരുന്നു അവരുടെ തയാറെടുപ്പിന്റെ തുടക്കം. വർഷങ്ങളോളം കിം യി ഹ്യോക്ക് മീൻ പിടിക്കാനും ബോട്ട് നന്നാക്കാനും, ഉത്തരകൊറിയയുടെ പടിഞ്ഞാറൻ ഭാഗത്ത് മഞ്ഞക്കടലിൽ കാലാവസ്ഥ എങ്ങനെയെന്നും സാധാരണക്കാരാനായി എങ്ങനെ അവിടെ കഴിയാമെന്നും പഠിച്ചുകൊണ്ടേയിരുന്നു. അവൻ അവിടെ ജോലിയെടുത്തും താമസിച്ചും വിശ്വാസം വളർത്തിയെടുത്തുകൊണ്ടേയിരുന്നു. വർക്കേഴ്‌സ് പാർട്ടി ഓഫ് കൊറിയയുടെ വിശ്വസ്തർ, സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാവർക്കും അവൻ പതിവായി കാണുന്ന ഒരു വ്യക്തിയായി മാറി. കുടുംബത്തിലെ മറ്റുള്ളവർ സ്വന്തം ഗ്രാമത്തിൽ കാത്തിരുന്നു.

ഉത്തരകൊറിയയിൽനിന്ന് രക്ഷപ്പെടുന്നവരിൽ ഭൂരിഭാഗവും ദക്ഷിണ കൊറിയയിലേക്കും അവിടെനിന്ന് മറ്റൊരു രാജ്യത്തേക്കുമാണ് പോകുക. 1990ന് ശേഷം 35000ത്തിൽ താഴെ ഉത്തരകൊറിയക്കാരെ മാത്രമാണ് ദക്ഷിണകൊറിയയിൽ പുനരധിവസിപ്പിച്ചത്. ദക്ഷിണകൊറിയ കർശന നിയന്ത്രണങ്ങൾ ഏ​ർപ്പെടുത്തിയതോടെ ഉത്തരകൊറിയയിൽനിന്ന് ഇവിടെ എത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു.

കിം കുടുംബത്തിന് താമസിയാതെ മത്സ്യബന്ധനം ഉപജീവനമാർഗ്ഗമായും ഉത്തരകൊറിയയിൽ നിന്ന് രക്ഷപ്പെടാനുള്ള തയ്യാറെടുപ്പായും മാറി. ഉത്തര-ദക്ഷിണ കൊറിയകൾക്കിടയിലുള്ള തർക്ക സമുദ്ര അതിർത്തിയായ നോർത്തേൺ ലിമിറ്റ് ലൈനിന് സമീപമുള്ള പട്രോളിങ് രീതികൾ പഠിക്കുന്നതിനും നിരീക്ഷണത്തിലെ ഇടവേളകൾ തിരിച്ചറിയുന്നതിനും അവർ കടലിലെ തങ്ങളുടെ ജോലി ഉപയോഗിച്ചു. എൻ.‌എൽ.‌എൽ കടക്കുമ്പോൾ പട്രോളിങ്ങിന് എത്ര വേഗത്തിൽ ഞങ്ങളെ കണ്ടെത്താൻ കഴിയുമെന്ന് കണക്കാക്കി കുടുംബത്തിലെ മറ്റൊരു മകനായ കിം ഇൽ ഹ്യോക്ക് പറഞ്ഞതായി സി‌.എൻ.‌എൻ റിപ്പോർട്ട് ചെയ്തു. പകൽ സമയത്ത് പട്രോളിങ് വേഗത്തിലും രാത്രിയിൽ മന്ദഗതിയിലുമാണെന്ന് അവർ മനസിലാക്കി. പലപ്പോഴും സമുദ്രായാത്രക്കിടെ സമുദ്ര നീരീക്ഷകരെ കണ്ടുമുട്ടി. പലതവണ അവരെ തടഞ്ഞുനിർത്തി, ചോദ്യം ചെയ്തു. ഓരോ തവണയും നിയന്ത്രിത ജലാശയങ്ങൾക്ക് സമീപം മത്സ്യബന്ധനം തുടരാൻ അനുവദിച്ച ഗാർഡുകൾക്ക് അവർ കൈക്കൂലി നൽകി. അവർ എപ്പോഴും തിരിച്ചെത്തിയതിനാൽ ഇവരുടെ മേലുള്ള സംശയം കുറഞ്ഞു.

അവരുടെ പിതാവിന് പുരാതന വസ്തുക്കളുടെ വ്യാപാരമായിരുന്നു ജോലി, കൂടാതെ ട്രെയിനിൽ കൊണ്ടുപോകുന്ന കൽക്കരി വിൽക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ അവർക്ക് സാമ്പത്തിക ഭദ്രതയുമുണ്ടായിരുന്നു. വീട്ടിൽ അവർക്ക് ഒരു വലിയ സർക്കാർ അംഗീകൃത ടെലിവിഷൻ ഉണ്ടായിരുന്നു. കൂടാതെ ചൈനയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ഒരു ചെറിയ സെറ്റും ഉണ്ടായിരുന്നു. ആ രണ്ടാമത്തെ ടി.വി ദക്ഷിണ കൊറിയയെക്കുറിച്ചുള്ള വിവരങ്ങൾ അവർക്ക് നൽകി. അവർ സിയോളിൽ നിന്നുള്ള പ്രക്ഷേപണങ്ങൾ കണ്ടുതുടങ്ങി. സ്വാതന്ത്ര്യമുള്ള ഒരു മറ്റൊരു ലോകത്തെക്കുറിച്ച് അവർ അറിഞ്ഞുകൊണ്ടേയിരുന്നു.

2023 മേയിൽ അവർ രക്ഷപ്പെടാനുള്ള പദ്ധതി തയാറാക്കി കാത്തിരുന്നു. കിം ഇൽ-ഹ്യോക്കിന്റെ ഭാര്യ ഗർഭിണിയായിരുന്നു. ഇതോടെ രക്ഷപ്പെടലിന് ഇനി കാത്തിരിക്കാനാകില്ലെന്ന് കുടുംബം തീരുമാനിച്ചു. തീരത്ത് കനത്ത മഴ പെയ്ത രാത്രിയിലായിരുന്നു അവരുടെ രക്ഷപ്പെടൽ. മോശം കാലാവസ്ഥ റഡാർ ദൃശ്യപരത കുറച്ചിരുന്നു. ആ സാഹചര്യങ്ങളിൽ, അവർ ഒരു ഗാർഡിന് കൈക്കൂലി നൽകി മഞ്ഞക്കടലിൽ മത്സ്യബന്ധനത്തിന് പോകാൻ അനുമതി നേടി. മീൻപിടിത്തം മറയാക്കിയായിരുന്നു അവരുടെ രക്ഷപ്പെടൽ. കുടുംബത്തിലെ സ്ത്രീകളെ രഹസ്യമായി തീരപ്രദേശത്തുള്ള ഒരു നിശ്ചിത സ്ഥലത്തേക്ക് മാറ്റി. കുടുംബത്തിലെ എട്ടുപേരും ബോട്ടിൽ കയറി. കിം യി ഹ്യോക്കിന്റെ നാലും ആറും വയസ്സുള്ള രണ്ട് കൊച്ചുകുട്ടികളെ ചാക്കുകൾക്കുള്ളിൽ ഒളിപ്പിച്ചു.

ഏകദേശം രണ്ട് മണിക്കൂറോളം അവർ ജലപാതയിലൂടെ സഞ്ചരിച്ച് ഇരുട്ടിലൂടെ സമുദ്രാതിർത്തിയിലേക്ക് നീങ്ങി. ഉത്തരകൊറിയൻ പട്രോളിങ് കണ്ടെത്തിയാൽ, അവരെ എന്നെന്നേക്കുമായി ജയിലിൽ അടക്കുകയോ കൊല്ലുകയോ ചെയ്യും. എന്നാൽ, അവർ കുറഞ്ഞ സമയത്തിനുള്ളിൽ സമുദ്രാതിർത്തി കടന്നു. അവർക്ക് മുന്നിലുള്ള യോൺപ്യോങ് ദ്വീപ് കണ്ടു. കിം ഇൽ-ഹ്യോക് ഒരു സെർച്ച് ലൈറ്റ് ഓണാക്കി അവരുടെ സാന്നിധ്യം അറിയിച്ചു. അതോടെ ദക്ഷിണ കൊറിയൻ നാവിക കപ്പൽ അവരുടെ അടുത്തെത്തി. ഒരു ഉച്ചഭാഷിണിയിലൂടെ ജീവനക്കാർ അവരുടെ ഉദ്ദേശ്യങ്ങൾ ചോദിച്ചു. ഉത്തര കൊറിയയിൽ നിന്ന് പലായനം ചെയ്തതായി കുടുംബം മറുപടി നൽകി. ഒരു പതിറ്റാണ്ടിന്റെ തയാറെടുപ്പിൽ, രണ്ടുമണിക്കൂർകൊണ്ട് അവർ ഉത്തരകൊറിയയിൽനിന്ന് രക്ഷ​പ്പെട്ടു.

Tags:    
News Summary - Planned for 10 years fled in 2 hours How family escaped North Korea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.