പാകിസ്താനിലെ കൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഇസ്‌ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പാർട്ടി ഭരണത്തിലുള്ള ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പാകിസ്താൻ. ഭീകരാക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലും ഇംറാൻ ഖാന്റെ മോചനമാവശ്യപ്പെട്ട് പി.ടി.ഐ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലും രാഷ്ട്രീയ സംഘർഷം രൂക്ഷമായിരിക്കെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ശഹബാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള ഫെഡറൽ സർക്കാറിന്റെ ശിപാർശയിലാണ് പ്രസിഡന്റ് ആസിഫ് അലി സർദാരി നടപടി സ്വീകരിച്ചത്.

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പി.ടി.ഐ ദിവസങ്ങളായി പ്രതിഷേധം നടത്തിവരികയാണ്. വരും ദിവസങ്ങളിൽ തലസ്ഥാനമായ ഇസ്‌ലാമാബാദിലേക്ക് വൻ പ്രതിഷേധ മാർച്ച് നടത്തുമെന്നും പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ ഖൈബർ പഖ്തുൻഖ്വയിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്താനുള്ള തീരുമാനമെടുത്തത്.

മേഖലയിൽ ടി.ടി.പി ഉൾപ്പെടെയുള്ള സായുധ സംഘങ്ങളുടെ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിലപാട്. ഭീകരവാദം നേരിടുന്നതിനായി പ്രവിശ്യാ ഭരണകൂടം വേണ്ടത്ര ഇടപെടലുകൾ നടത്തുന്നില്ലെന്നാണ് പ്രധാനമന്ത്രി ശഹബാസ് ശരീഫിന്റെ ഓഫിസ് ആരോപിക്കുന്നത്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പ്രവിശ്യാ സർക്കാറിന്റെ ചുമതലകൾ ഗവർണറുടെ നിയന്ത്രണത്തിലായി. അടിയന്തരാവസ്ഥക്കാലത്ത് പ്രവിശ്യാ ഭരണത്തിന്റെ ഏതെല്ലാം ചുമതലകൾ ഫെഡറൽ സർക്കാർ ഏറ്റെടുക്കുമെന്ന കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

അടിയന്തരാവസ്ഥക്കെതിരെ പി.ടി.ഐ രംഗത്ത്

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച നടപടിയെ പി.ടി.ഐ വക്താവ് സുൽഫിക്കർ ബുഖാരി വിമർശിച്ചു. ഖൈബർ പഖ്തുൻഖ്വ രാജ്യത്തെ നിയമാനുസൃതമായി തിരഞ്ഞെടുക്കപ്പെട്ട ഏക സർക്കാറുള്ള പ്രവിശ്യയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്രത്തിന്റെ നടപടി കൂടുതൽ രക്തച്ചൊരിച്ചിലിനും അസ്ഥിരതക്കും ഇടയാക്കുമെന്നും അദ്ദേഹം ആരോപിച്ചു. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവസരമുണ്ടായിരുന്നിട്ടും സർക്കാർ അതിന് തയാറായില്ലെന്നും ബുഖാരി കുറ്റപ്പെടുത്തി.

 
Tags:    
News Summary - PTI Condemns Federal Emergency Rule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.