ഹമാസ് ആക്രമണത്തിൽ 5000ലേ​റെ സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേൽ; 2000ലേറെ സൈനികർ വികലാംഗരായി

തെൽഅവീവ്: ഒക്‌ടോബർ 7ന് ഗസ്സ യുദ്ധം ആരംഭിച്ച ശേഷം ഹമാസിന്റെ പ്രത്യാക്രമണത്തിൽ തങ്ങളു​ടെ 5,000ലേറെ സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേൽ അറിയിച്ചു. ഇതിൽ 2,000ലേറെ പേർ പൂർണ വികലാംഗരായതായും പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

58% ത്തിലധികം പേർക്ക് ഗുരുതര പരിക്കേറ്റതായും ഇവർക്ക് കൈകാലുകൾക്ക് ഗുരുതരമായ ക്ഷതമേൽക്കുകയോ ഛേദിക്കപ്പെടുകയോ ചെയ്താതയി ഇസ്രായേലി പത്രമായ യെദിയോത് അഹ്‌റോനോത് (yediot ahronot) ശനിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.


“ഇസ്രായേലിലെ ആശുപത്രികളിൽ അയ്യായിരത്തിലധികം പരിക്കേറ്റ സൈനികരെ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടായിരത്തിലധികം പേരെ വികലാംഗരായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അംഗീകരിച്ചു. ഇതുപോലൊരു അനുഭവം മുൻപൊരിക്കലും ഞങ്ങൾക്കുണ്ടായിട്ടില്ല. മുറിവേറ്റവരിൽ 58% ത്തിലധികം പേർക്കും കൈകാലുകൾക്ക് ഗുരുതര പരിക്കുണ്ട്. പലരുടെയും ഛേദിക്കപ്പെട്ടു” -ഇസ്രായേൽ പ്രതിരോധ മന്ത്രാലയം പുനരധിവാസ വകുപ്പ് മേധാവിയും ഡെപ്യൂട്ടി ഡയറക്ടർ ജനറലുമായ ലിമോർ ലൂറിയയെ ഉദ്ധരിച്ച് യെദിയോത് അഹ്‌റോനോത് റിപ്പോർട്ട് ചെയ്തു.

"പരിക്കേറ്റവരിൽ ഏകദേശം 12 ശതമാനം പേർക്കും പ്ലീഹ, വൃക്ക തുടങ്ങിയ ആന്തരിക അവയവങ്ങൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഏകദേശം 7 ശതമാന​ം പേർ മാനസിക ക്ലേശം അനുഭവിക്കുന്നു. ഇത്തരക്കാരു​ടെ എണ്ണം കുത്തനെ ഉയരുമെന്നാണ് കണക്കാക്കുന്നത്’ - ലിമോർ ലൂറിയ വ്യക്തമാക്കി.


ഒക്‌ടോബർ ഏഴിന് ഗസ്സ ആക്രമണം ആരംഭിച്ചശേഷം 420 സൈനികരെങ്കിലും കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. അതേസമയം ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന നിരന്തര കര, വ്യോമ, കടൽ ആക്രമണങ്ങളിൽ ഇതുവ​രെ 17,487 ഫലസ്തീനികൾ കൊല്ലപ്പെടുകയും 46,480ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - Over 5,000 Israeli soldiers injured since Oct. 7, with 58% seriously: Israeli media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.