പച്ചത്തെറി വിളിച്ച് പിടിവിട്ട് ട്രംപ്; ‘ആ #@$%!& കടലിടുക്ക് തുറന്നു കൊടുക്ക് ഭ്രാന്തൻ #@$%!& ’

വാഷിങ്ടൺ/തെഹ്റാൻ: ഇറാന്റെ ​സൈനിക ശേഷി മുഴുവൻ തകർത്തെന്ന് വീമ്പിളക്കിയ ശേഷവും അവരുടെ പ്രത്യാക്രമണം ശക്തമായതോടെ സർവ നിയന്ത്രണവും വിട്ട് പച്ചത്തെറി വിളിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനി​ലെ വൈദ്യുത നിലയങ്ങളും പാലങ്ങളും മുച്ചൂടും നശിപ്പിക്കുമെന്ന ഭീഷണിയുമായി ട്രൂത്ത് ​സോഷ്യലിൽ എഴുതിയ കുറിപ്പിലാണ് കേട്ടാലറയ്ക്കുന്ന തെറിവിളിയുമായി ട്രംപ് രംഗത്തെത്തിയത്.

"ചൊവ്വാഴ്ച ഇറാനെ സംബന്ധിച്ചിടത്തോളം 'വൈദ്യുത നിലയങ്ങളുടെ ദിനവും' 'പാലങ്ങളുടെ ദിനവും' എല്ലാം ഒത്തുചേർന്ന ഒന്നായിരിക്കും. അതിനു തുല്യമായി മറ്റൊന്നും ഇതുവരെ ഉണ്ടായിട്ടുണ്ടാവില്ല!!! ആ #@$%!& (തെറിവിളി) കടലിടുക്ക് അങ്ങ് തുറന്നു കൊടുത്തേക്ക്, ഭ്രാന്തൻ #@$%!& (തെറിവിളി); അല്ലെങ്കിൽ നിങ്ങൾ നരകത്തിലായിരിക്കും ജീവിക്കാൻ പോകുന്നത് - കണ്ടുതന്നെ അറിഞ്ഞോ! അല്ലാഹുവിന് സ്തുതി." -എന്നായിരുന്നു കുറിപ്പ്. 

48 മണിക്കൂറിനകം ഹുർമുസ് തുറന്ന് ഒത്തുതീർപ്പിന് തയാറായില്ലെങ്കിൽ ഇറാൻ നരകമാക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴകകിയിരുന്നു. അതിനിടെ, യു.എസി​ന്റെ രണ്ട് വിമാനങ്ങൾ കൂടി തകർത്ത് ഇറാൻ വീണ്ടും കനത്ത തിരിച്ചടി നൽകിയതോടെയാണ് ട്രംപ് നിലവിട്ട് പെരുമാറുന്നത്. കഴിഞ്ഞ ദിവസം വിമാനം തകർന്നുവീണ് കാണാതായ അമേരിക്കൻ വൈമാനികനെ ​രക്ഷപ്പെടുത്താനെത്തിയ രണ്ട് യു.എസ് വിമാനങ്ങൾകൂടിയാണ് വീഴ്ത്തിയതാണ് ഇറാൻ അവകാശപ്പെട്ടത്.

റഡാറുകൾക്ക് പിടികൊടുക്കാതെ രക്ഷാപ്രവർത്തനം നടത്തുന്ന രണ്ട് സി-130 ഹെർകുലീസ് സൈനിക വിമാനങ്ങളും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളുമാണ് തകർന്നുവീണത്. ഇവ സ്വയം ​നശിപ്പിച്ചതാണെന്ന് അമേരിക്ക അവകാശപ്പെടുമ്പോൾ വെടിവെച്ചിട്ടതാണെന്ന് ഇറാൻ പറയുന്നു. ഇറാൻ റവലൂഷനറി ഗാർഡ്സും സൈന്യവും ബാസിജ് വിഭാഗവും ചേർന്ന നീക്കത്തിൽ ഇസ്ഫഹാനിലാണ് ഇവ തകർത്തതെന്ന് ഇറാൻ ഔദ്യോഗിക വാർത്ത കുറിപ്പ് വ്യക്തമാക്കുന്നു. ​

ഇറാനിൽ കുടുങ്ങിയ വൈമാനികനെ രക്ഷിക്കാനെന്ന പേരിൽ രാജ്യത്ത് ആക്രമണത്തിനെത്തിയതാണിവയെന്നാണ് ഇറാൻ ആരോപണം. വെള്ളിയാഴ്ച ഒരു എഫ്-35 യുദ്ധവിമാനം തകർത്തതായും ഇറാൻ അവകാശപ്പെട്ടിരുന്നു. ഇറാൻ വീഴ്ത്തിയ എഫ്-15 ഇ യുദ്ധവിമാനത്തിൽനിന്ന് വീണ് കാണാതായ വൈമാനികനെ രണ്ടു ദിവസത്തെ തിരച്ചിലിനൊടുവിൽ രക്ഷപ്പെടുത്തിയിരുന്നു. ഒരാളെ ആദ്യദിവസം രക്ഷപ്പെടുത്തിയെങ്കിലും പരിക്കുകളോടെ കുടുങ്ങിയ രണ്ടാമനായി തിരച്ചിൽ തുടരുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് രണ്ടാമത്തെ വൈമാനികനെക്കൂടി രക്ഷപ്പെടുത്തിയതായി പ്രഖ്യാപിച്ചത്.

അതേസമയം, ഹുർമുസ് തുറക്കാൻ അമേരിക്ക നൽകിയ അന്ത്യശാസനം ഇന്ന് അവസാനിക്കുകയാണ്. ഇനിയും തുറന്നില്ലെങ്കിൽ ഇറാനിലെ വൈദ്യുതി നിലയങ്ങൾ, പാലങ്ങൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നാണ് ഭീഷണി.

നേരത്തേ 10 ദിവസം നൽകിയ അവധി ശനിയാഴ്ച 48 മണിക്കൂറായി ചുരുക്കിയിരുന്നു. തിങ്കളാഴ്ച അവധി അവസാനിക്കാനിരിക്കെ അമേരിക്കയുടെ ദൗർബല്യം പ്രകടമാക്കുന്ന ഭീഷണിയാണെന്ന് പറഞ്ഞ് ഇറാൻ ഇത് തള്ളി. കഴിഞ്ഞ ദിവസം തെഹ്റാനെ പടിഞ്ഞാറൻ മേഖലകളുമായി ബന്ധിപ്പിക്കുന്ന സുപ്രധാന പാലം യു.എസ്- ഇസ്രായേൽ ആക്രമണത്തിൽ തകർത്തിരുന്നു.

ഇറാനിലും ലബനാനിലും യു.എസ്- ഇസ്രായേൽ സേന രൂക്ഷമായ ആക്രമണം തുടരുകയാണ്. ഇറാനിൽ തലസ്ഥാനമായ തെഹ്റാന് പുറമെ ഇസ്ഫഹാനിലും വൻബോംബിങ് നടത്തി. ലബനാനിൽ തലസ്ഥാനമായ ബെയ്റൂത്തിൽ കൂടുതൽ മേഖലകളിലുള്ളവർക്ക് ഇസ്രായേൽ കുടിയിറക്കൽ ഉത്തരവിറക്കിയിട്ടുണ്ട്. ഇവിടെ ചരിത്രപ്രധാനമായ ടയർ പട്ടണത്തിൽ വൻ ആക്രമണമാണ് കഴിഞ്ഞ മണിക്കൂറുകളിൽ നടത്തിയത്. ഇസ്രായേലിൽ വിവിധ കേന്ദ്രങ്ങളിൽ ഇറാൻ നടത്തിയ ആക്രമണങ്ങളിലും കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മധ്യ ഇസ്രായേലിലെ പെറ്റ ടിക്‍വയിൽ ഇറാൻ ആക്രമണത്തിൽ ഡ്രോൺ ഫാക്ടറി നിലംപരിശായി. ഏറോ സോൾ ​ഏവിയേഷൻ സൊലൂഷൻസ് കമ്പനിക്ക് കീഴിലെ ഫാക്ടറിക്കുമേലായിരുന്നു ഇറാൻ മിസൈൽ ആക്രമണം. ഞായറാഴ്ച ഉച്ചക്ക് ഇസ്രായേലിലെ ബീർഷെബയിലുള്ള നിയോട്ട് ഹൊവാവ് വ്യാവസായിക സമുച്ചയത്തിലും ഇറാൻ മിസൈൽ പതിച്ചു. ഹൈഫ, ഗോലാൻ കുന്നുകൾ എന്നിവിടങ്ങളിലും ഇറാൻ മിസൈലുകൾ നാശമുണ്ടാക്കി. 

അറിയിപ്പ്: ട്രംപിന്റെ കുറിപ്പിലുള്ള  പ്രസിദ്ധീകരണ യോഗ്യമല്ലാത്ത അസഭ്യപദത്തിന് പകരമായാണ് വാർത്തയിലും തലക്കെട്ടിലും  ‘#@$%!&’ ഉപയോഗിച്ചത്.


Tags:    
News Summary - "Open The F*****g Strait, You B***s": donald Trump's Expletive-Laden Iran Rant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.