എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങ്, വ്യവസായി ആലീസ് ഹുവാങ്ങ്
മുൻ ഭർത്താവ് ചാരസംഘടനയിലെ ഏജന്റ് ! എന്നിട്ടും വിവരങ്ങൾ ചോർത്തിയതിന് തെളിവില്ല; ജെൻസൻ ഹുവാങ് കേസിൽ ദുരൂഹത തുടരുന്നു
വാഷിങ്ടൺ: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങുമായുള്ള ബന്ധം ചൈനീസ് ചാരസംഘടനയുടെ നിർദേശപ്രകാരമായിരുന്നുവെന്നതിന് തെളിവില്ലെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗങ്ങൾ. വ്യവസായിയായ ആലീസ് ഹുവാങ് ചൈനയ്ക്കുവേണ്ടി ജെൻസനിൽനിന്ന് രഹസ്യവിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ കോൺഗ്രസ് അംഗങ്ങളുടെ സഹായികളെ അറിയിച്ചതെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എഫ്.ബി.ഐ, സി.ഐ.എ, നാഷനൽ ഇന്റലിജൻസ് ഡയരക്ടറുടെ ഓഫിസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് ജനപ്രതിനിധിസഭയിലെയും സെനറ്റിലെയും ഇന്റലിജൻസ് കമ്മിറ്റികളുടെ സഹായികൾക്ക് രഹസ്യയോഗത്തിൽ വിവരങ്ങൾ കൈമാറിയത്. ജെൻസൻ ഹുവാങ് എൻവിഡിയ സി.ഇ.ഒ സ്ഥാനത്തേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു യോഗം.
ജെൻസനും ആലീസും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നതിന് തെളിവുകളുണ്ടെങ്കിലും ബെയ്ജിങ്ങിന്റെ നിർദേശപ്രകാരമാണ് ആലീസ് ഈ ബന്ധം സ്ഥാപിച്ചതെന്ന് വ്യക്തമാക്കുന്ന തെളിവുകളില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, ചൈനീസ് ചാരസംഘടനയായ മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി (എം.എസ്.എസ്) ജെൻസനിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ ആലീസിനെ സമീപിച്ചിരുന്നുവെന്ന വിവരവും യു.എസ് ഉദ്യോഗസ്ഥർ കോൺഗ്രസിനെ അറിയിച്ചതായി വാൾസ്ട്രീറ്റ് ജേണൽ, ന്യൂയോർക്ക് ടൈംസ്, സി.എൻ.എൻ തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ആലീസ് എം.എസ്.എസിന് രഹസ്യവിവരങ്ങൾ കൈമാറിയെന്നത് തെളിയിക്കാനായിട്ടില്ല.
ആലീസിന്റെ മുൻ ഭർത്താവ് കാങ് വെയ്ക്ക് എം.എസ്.എസുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇയാൾ ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഏജന്റായിരുന്നുവെന്നും ഉദ്യോഗസ്ഥർ കോൺഗ്രസിനെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
എൻവിഡിയയുടെ അത്യാധുനിക എ.ഐ ചിപ്പുകൾ ചൈനീസ് കമ്പനികളിലേക്ക് വഴിതിരിച്ചുവിട്ടെന്ന സംശയത്തിൽ ആലീസിന്റെ പങ്ക് എന്താണെന്ന് ഇപ്പോഴും പൂർണമായി വ്യക്തമായിട്ടില്ല. ആലീസിന്റെ എം.എസ്.എസ് ബന്ധം അപകടസാധ്യതയുള്ളതാണെന്ന് ചില യു.എസ് ഉദ്യോഗസ്ഥർ വിലയിരുത്തുമ്പോൾ, ചൈനീസ് വ്യവസായികൾക്ക് രാജ്യത്തെ ദേശീയ സുരക്ഷാ വിഭാഗങ്ങളുമായി ബന്ധപ്പെടേണ്ടിവരുന്നത് സ്വാഭാവികമാണെന്നാണ് മറ്റു ചിലരുടെ നിലപാട്. ജെൻസൻ ഹുവാങ്ങും ആലീസും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. എൻവിഡിയയും വിഷയത്തിൽ പരിശോധന നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.