അവിശ്വാസം: രേഖ നൽകണമെന്ന് പാക് സുപ്രീംകോടതി

ഇസ്‍ലാമാബാദ്: പ്രധാനമന്ത്രി ഇംറാൻ ഖാനെതിരായ അവിശ്വാസ നോട്ടീസ് ഡെപ്യൂട്ടി സ്പീക്കർ തള്ളിയ സംഭവത്തിൽ, പാകിസ്താൻ ദേശീയ അസംബ്ലിയിൽ നടന്ന നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ ഹാജരാക്കാനാവശ്യപ്പെട്ട് സുപ്രീം കോടതി. അവിശ്വാസം തള്ളിയതിനെതിരെ പ്രതിപക്ഷം സമർപ്പിച്ച ഹരജിയിൽ ചൊവ്വാഴ്ചയും വാദം കേട്ട ചീഫ് ജസ്റ്റിസ് ഉമർ അത്ത ബന്ദിയാൽ അധ്യക്ഷനായ വിപുല ബെഞ്ചാണ് നടപടിക്രമങ്ങളുടെ രേഖകളും മിനുട്സും ഹാജരാക്കാൻ ഉത്തരവിട്ടത്. ശേഷം വാദം കേൾക്കൽ ബുധനാഴ്ചത്തേക്ക് മാറ്റിയതായും ചീഫ് ജസ്റ്റിസ് അറിയിച്ചു. ഇതോടെ പാകിസ്താനിൽ ഞായറാഴ്ച മുതൽ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി ഇനിയും നീളുമെന്ന് വ്യക്തമായി.

വിദേശ ഇടപെടൽ ആരോപിച്ചാണ് ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരി അവിശ്വാസം തള്ളിയത്. ഇതിനു പിന്നാലെ, പ്രധാനമന്ത്രി ഇംറാന്റെ ശിപാർശപ്രകാരം ദേശീയ അസംബ്ലിയും മന്ത്രിസഭയും പ്രസിഡന്റ് ആരിഫ് ആൽവി പിരിച്ചുവിടുകയും ചെയ്തു.

അവിശ്വാസം തള്ളുകയും പാർലമെന്റ് പിരിച്ചുവിടുകയും ചെയ്ത നടപടിയിലെ ഭരണഘടനാസാധുത പരിശോധിക്കുക മാത്രമാണ് തങ്ങൾ ചെയ്യുകയെന്ന് ചീഫ് ജസ്റ്റിസ് ചൊവ്വാഴ്ച വ്യക്തമാക്കി. ''ഡെപ്യൂട്ടി സ്പീക്കറുടെ റൂളിങ്ങിലാണ് ഞങ്ങളുടെ എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കുന്നത്. അതുമാത്രമാണ് ഞങ്ങളുടെ മുൻഗണന'' -ചീഫ് ജസ്റ്റിസ് പറഞ്ഞതായി എക്സ്പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു.

ഡെപ്യൂട്ടി സ്പീക്കറുടെ റൂളിങ് പുനഃപരിശോധിക്കാൻ ബെഞ്ചിനു കഴിയുമോയെന്ന് അറിയേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അവിശ്വാസ പ്രമേയം വോട്ടിനിടാതെ നിരസിക്കാൻ ഭരണഘടനപ്രകാരം അനുവാദമില്ലെന്നും സ്പീക്കറുടെ റൂളിങ് നിയമവിരുദ്ധമാണെന്നും പ്രതിപക്ഷമായ പാകിസ്താൻ പീപ്ൾസ് പാർട്ടി (പി.പി.പി) നേതാവ് റാസ റബ്ബാനിയും അദ്ദേഹത്തിന്റെ അഭിഭാഷകനും വാദിച്ചു. 152 പാർലമെന്റ് അംഗങ്ങൾ ഒപ്പിട്ടാണ് അവിശ്വാസം സർക്കാറിന് സമർപ്പിച്ചതെന്നും ഇത് സഭയുടെ മേശപ്പുറത്തുവെക്കുന്നതിന് 161 പേർ അനുകൂലിച്ചുവെന്നും പാകിസ്താൻ മുസ്‍ലിം ലീഗിന്റെ അഭിഭാഷകൻ വാദിച്ചു. ഇതിനു ശേഷം സഭ മാർച്ച് 31ലേക്ക് പിരിയുകയായിരുന്നു. അവിശ്വാസത്തിൻമേൽ 31ന് ചർച്ച നടക്കണമെന്നാണ് നിയമം പറയുന്നതെങ്കിലും അതുണ്ടായില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

അതേസമയം, തന്റെ സർക്കാറിനെ മറിച്ചിടാനുള്ള നീക്കത്തിൽ യു.എസ് പങ്കാളിത്തമുണ്ടെന്ന പ്രധാനമന്ത്രി ഇംറാൻ ഖാന്റെ ആരോപണത്തിനെതിരെ പാകിസ്താൻ സേനാ നേതൃത്വം. രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇത്തരമൊരു ഇടപെടൽ നടന്നതിന് തെളിവൊന്നുമില്ലെന്ന് സൈനിക നേതൃത്വം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇതിനിടെ, മൂന്നു മാസം കൊണ്ട് പൊതുതെരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെന്ന് പാകിസ്താൻ തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി.

നിയമപരവും ഭരണഘടനാപരവും മറ്റ് സാങ്കേതികതകളും കാരണം, പ്രസിഡന്റ് നിർദേശിച്ച പ്രകാരം മൂന്നു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തൽ സാധ്യമല്ലെന്നാണ് കമീഷന്റെ നിലപാടെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

Tags:    
News Summary - No-confidence motion: Pakistan Supreme Court orders release of documents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.