നേപ്പാൾ മിന്നൽപ്രളയം: വൈദ്യുത പദ്ധതി ടണലിൽ കുടുങ്ങി നൂറോളം പേർ; പ്രവേശന കവാടം കണ്ടെത്താനാവാതെ രക്ഷാപ്രവർത്തകർ

കാഠ്മണ്ഡു: രണ്ടു ദിവസം മുമ്പ് നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ മുങ്ങിപ്പോയ ജലവൈദ്യുത പദ്ധതിയുടെ ടണലിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത് നൂറോളം പേർ. ത്രിഷൂലി ത്രി എ ജലവൈദ്യുത പദ്ധതിയുടെ ടണലിലാണ് ആളുകൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുള്ളത്. രണ്ട് ഹെലികോപ്റ്ററുകളാണ് ഇവിടെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുള്ളത്. എന്നാൽ ടണലിന്റെ പ്രവേശന കവാടം തിരിച്ചറിയാൻ കഴിയാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. പദ്ധതി പ്രദേശത്തുനിന്ന് തൊഴിലാളികളും നാട്ടുകാരുമായി 350-ലേറെ ആളുകളെ രക്ഷപ്പെടുത്തിയതായും സൈനിക വൃത്തങ്ങൾ പറഞ്ഞു.

കാണാതായവരെ തിരയുന്നതിനായി നേപ്പാൾ സൈന്യം സ്ഥലത്തേക്ക് ഹെലികോപ്റ്ററുകൾ വിന്യവിച്ചിട്ടുണ്ട്. നേപ്പാളിലും ടിബറ്റിലുമുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 469 ആയി ഉയർന്നു. അതേസമയം 1,500-ത്തിലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. 35 രാജ്യങ്ങളിൽ നിന്നുള്ളവരെ കാണാതായിട്ടുണ്ട്.

കാണാതായവർക്കായി തിരയുന്നതിനായി ഹെലികോപ്റ്ററുകളും മണംപിടിക്കാൻ പരിശീലനം ലഭിച്ച നായ്ക്കളും ഉപയോഗിച്ച് ചെളിയും അവശിഷ്ടങ്ങളും നിറഞ്ഞ വിശാലമായ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തകർ പരിശോധന തുടരുകയാണ്. റോഡുകളും പാലങ്ങളും ആശയവിനിമയ സംവിധാനങ്ങളും തകർന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നു.

അതേസമയം ടിബറ്റ്-നേപ്പാൾ അതിർത്തിയിൽ ചൈന 'ലെവൽ-IV' അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ചത്തെ മണ്ണിടിച്ചിലിൽ രണ്ട് നദികളുടെ സംഗമസ്ഥാനത്ത് രൂപംകൊണ്ട തടാകത്തിന്റെ മൺതിട്ട തകർന്ന് വെള്ളപ്പൊക്കമുണ്ടാകാൻ ഉയർന്ന സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ചൈനയുടെ ജലവിഭവ മന്ത്രാലയം ടിബറ്റ് സ്വയംഭരണ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഛോഛൻ ഖോള, പുരേപു സാംഗ്‌പോ നദികളുടെ സംഗമസ്ഥാനത്തിനടുത്ത് രൂപംകൊണ്ട തടാകമാണ് അപകടഭീഷണി ഉയർത്തുന്നത്. ഈ നദികൾ ടിബറ്റിൽ ഉത്ഭവിച്ച് ഭോട്ടേ കോശി നദീവ്യൂഹത്തിന്റെ ഭാഗമായി നേപ്പാളിലേക്കാണ് ഒഴുകുക.

വ്യാഴാഴ്ച രാവിലെ വരെ തടാകത്തിൽ ഏകദേശം 20 ലക്ഷം ഘനമീറ്റർ വെള്ളം അടിഞ്ഞുകൂടിയതായും, തുടർന്നുള്ള മഴ കാരണം ഏകദേശം 30 ലക്ഷം ഘനമീറ്റർ വരെ ജലനിരപ്പ് ഉയർന്ന് തടാകം പൊട്ടിയൊഴുകാൻ സാധ്യതയുണ്ടെന്നും ബെയ്ജിംഗ് അറിയിച്ചതായി ഔദ്യോഗിക ചൈനീസ് വാർത്താ ഏജൻസിയായ ഷിൻഹ്വ റിപ്പോർട്ട് ചെയ്തു.

മഞ്ഞുമല തകർന്ന് ഹിമാലയ-ചൈന അതിർത്തി മേഖലയിൽനിന്ന് മണ്ണും വെള്ളവും നേപ്പാളിലെ ജനവാസ മേഖലകളിൽ കുത്തിയൊലിച്ചെത്തുകയായിരുന്നു. കാണാതായവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.

Tags:    
News Summary - Nepal army trying to save 100 people trapped in tunnel at hydropower project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.