ദക്ഷിണ സുഡാനിലെ ഭൂരിഭാഗം കുട്ടികളും ബാലവേല ചെയ്യുന്നവരെന്ന് പഠനം

സേവ് ദി ചിൽഡ്രൻ ചാരിറ്റിയുമായി ചേർന്ന് ദക്ഷിണ സുഡാൻ പുറത്തിറക്കിയ പഠനമനുസരിച്ച് രാജ്യത്തെ കുട്ടികളിൽ മൂന്ന് ഭാഗം കുട്ടികളും ബാലവേലയിൽ ഏർപ്പെട്ടിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു. ചിലയിടങ്ങളിൽ 90 ശതമാനം കുട്ടികളും ബാലവേല ചെയ്യുന്നവരാണ്. ഏഴ് സംസ്ഥാനങ്ങളിലെ 418 ലക്ഷം വീടുകളിലെ അഞ്ച് മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ നടത്തിയ സർവേയിലാണ് ​ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്. ഇവരിൽ 64 ശതമാനം പേരും നിർബന്ധിത തൊഴിൽ, ലൈംഗികത ചൂഷണം, മോഷണം, സംഘർഷം എന്നിവയിൽ അകപ്പെട്ടവരാണ്.

ഉഗാണ്ടയുടെ അതിർത്തിയായ കപോട്ട സൗത്തിൽ 10 കുട്ടികളിൽ ഒമ്പത് പേരും സ്കൂളിൽ പോകുന്നതിന് പകരം സ്വർണ്ണ ഖനനം, കന്നുകാലി വളർത്തൽ, കൃഷി എന്നീ മേഖലയിൽ ജോലി ചെയ്യുന്നവരാണെന്ന് റിപ്പോർട്ട് പറയുന്നു. ദക്ഷിണ സുഡാനിലെ തെക്കുപടിഞ്ഞാറൻ ഭാഗമായ യാമ്പിയോ മേഖലയിലും സമാനമായ നിരക്കുകളാണ് രേഖപ്പെടുത്തിയത്. ഇതിന് പുറമെ പ്രാദേശിക സംഘർഷങ്ങളും ശൈശവ വിവാഹവും നിരവധി പെൺകുട്ടികളെ നേര​ത്തേയുള്ള പ്രസവത്തിലേക്കും തള്ളിവിടുന്നു.

സാധാരണ ജോലികളിൽ പണിയെടുത്ത് തുടങ്ങുന്ന കുട്ടികൾ പിന്നീട് കൂടുതൽ അപകടകരമായ ജോലികളിലേക്ക് ആകർഷിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ജോലി ചെയ്തു തുടങ്ങിയ 10 ശതമാനം കുട്ടികളും നിലവിൽ സായുധ ഗ്രൂപ്പുകളുമായി ബന്ധമുള്ളവരാണെന്ന് സർവേ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കുട്ടികൾ നേരിടുന്ന ചൂഷണം പലതാണ്. ആൺകുട്ടികൾ ലഹരിവസ്തുക്കൾ നിർമിക്കുന്ന വ്യവസായങ്ങളിലും സായുധ സംഘങ്ങളിലും ചേരുമ്പോൾ പെൺകുട്ടികൾ നിർബന്ധിത വിവാഹം, ഗാർഹിക ജോലി, ലൈംഗിക പീഡനം എന്നിവ നേരിടുന്നു.

ഇത്തരത്തിൽ ഒരു രാജ്യത്തെ ഭൂരിഭാഗം കുട്ടികളും ജോലി ചെയ്യുന്നത് ആ രാജ്യത്തെ ദാരിദ്രത്തിനുമപ്പുറമുള്ള പ്രതിസന്ധിയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് സേവ് ദി ചിൽഡ്രൻസ് സൗത്ത് സുഡാൻ കൺട്രി ഡയറക്ടർ ക്രിസ് ന്യാമാണ്ടി പറഞ്ഞു. ഇവ തടയാൻ നിയമങ്ങൾക്ക് കഴിയില്ലെന്നാണ് ഗവേഷകർ പറയുന്നത്. കാരണം ഇത്തരത്തിൽ നിയമവിരുദ്ധ ജോലി ചെയ്യുന്ന 70 ശതമാനം കുട്ടികളും വരുന്നത് നിയമവശങ്ങളെ കുറിച്ച് അറിവുള്ള വീടുകളിൽ നിന്നാണ്.

കടുത്ത ദാരിദ്രത്തോടൊപ്പം തുടർച്ചയായ വെള്ളപ്പൊക്കം, രോഗവ്യാപനം, തുടങ്ങിയ കാരണങ്ങളാൽ കുടുംബങ്ങൾ വേരോടെ പിഴുതെറിയപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ രാജ്യത്ത് നടക്കുന്ന സംഘർഷങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയുടെ വക്കിലെത്തിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ദക്ഷിണ സുഡാനിലെ 7.7 ദശലക്ഷം ആളുകളും കടുത്ത പട്ടിണി നേരിടുന്നുവരാണെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.

എന്നാൽ രാജ്യം പട്ടിണിയുടെ ദുരിതക്കയത്തിൽ മുങ്ങിത്താഴുമ്പോഴും ദക്ഷിണ സുഡാൻ ഭരണാധികാരികൾ നടത്തിയ ആസൂത്രിത കൊള്ളയെക്കുറിച്ച് യു.എൻ മനുഷ്യാവകാശ കമീഷൻ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. 2011 മുതൽ ദക്ഷിണ സുഡാൻ ആവർത്തിച്ചുള്ള സായുധ കലാപങ്ങളും കൊടിയ പട്ടിണിയും അഭിമുഖീകരിക്കുകയാണ്. 2013-2018 ലെ ആഭ്യന്തരയുദ്ധത്തിൽ 400,000 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Tags:    
News Summary - Nearly two-thirds of South Sudanese children in child labour: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.