വിൻഡ്‌ഹോക്ക് : അഞ്ച് നൂറ്റാണ്ട് മുൻപ് വൻ സ്വര്‍ണശേഖരവും അപൂർവ്വ നിധികളുമായി ഇന്ത്യയിലേക്ക് പുറപ്പെട്ട് കാണാതായ പോർച്ചുഗീസ് കപ്പൽ 'ബോം ജീസസ്' നമീബിയൻ മരുഭൂമിക്കടിയിൽ കണ്ടെത്തി. അറ്റ്ലാന്റിക് സമുദ്രതീരത്ത് ഒറാഞ്ചെമുണ്ട് പ്രദേശത്തിന് സമീപം വജ്രഖനനത്തിനായി നടത്തിയ പരിശോനകൾക്കിടയിലാണ് 16-ാം നൂറ്റാണ്ടിലെ ഈ കൂറ്റൻ കപ്പലിന്റെ അവശിഷ്ടങ്ങൾ യാദൃശ്ചികമായി ഖനന തൊഴിലാളികൾ കണ്ടെത്തിയത്.
1533 മാർച്ച് 7-നാണ് 'ബോം ജീസസ്' എന്ന പോർച്ചുഗീസ് കപ്പൽ ലിസ്ബണിൽ നിന്ന് ഇന്ത്യ ലക്ഷ്യമാക്കി തങ്ങളുടെ പ്രയാണം ആരംഭിച്ചത്. അന്നത്തെ കാലത്ത് യൂറോപ്പ്, ആഫ്രിക്ക, ഏഷ്യൻ ഭൂഖണ്ഡങ്ങളിലേക്ക് വിപുലമായ അന്താരാഷ്ട്ര വ്യാപാരം നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന കൂറ്റൻ കപ്പലുകളിൽ ഒന്നായിരുന്നു ഇത്. എന്നാൽ, യാത്രാമധ്യേ ആഫ്രിക്കൻ തീരത്തുവെച്ച് കടുത്ത കൊടുങ്കാറ്റിലും അതിശക്തമായ സമുദ്ര തിരമാലകളിലും പെട്ട് കപ്പൽ നമീബിയൻ തീരത്തെ മണൽത്തിട്ടയിൽ ഉറയ്ക്കുകയും തുടർന്ന് കാണാതാവുകയും ചെയ്യുകയായിരുന്നുവെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം.
നമീബിയൻ മരുഭൂമിയിലെ വരണ്ട കാലാവസ്ഥയും തണുത്ത സമുദ്രജലവും കാരണം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും കപ്പലിന്റെ വലിയൊരു ഭാഗവും അതിലുണ്ടായിരുന്ന അപൂർവ്വ വസ്തുക്കളും കേടുപാടുകളില്ലാതെ സുരക്ഷിതമായി നിലനിന്നു. ആർക്കിയോളജിസ്റ്റുകൾ നടത്തിയ വിപുലമായ പരിശോധനയിൽ 2,000-ത്തിലധികം സ്വർണ്ണ-വെള്ളി നാണയങ്ങൾ, 17 ടൺ ഭാരമുള്ള 1,845 ചെമ്പ് കട്ടകൾ, പശ്ചിമാഫ്രിക്കയിൽ നിന്നുള്ള 105 ആനക്കൊമ്പുകൾ എന്നിവ കപ്പലിൽ നിന്നും കണ്ടെടുത്തു. അന്നത്തെ കാലത്ത് യൂറോപ്പും ആഫ്രിക്കയും തമ്മിലുണ്ടായിരുന്ന ശക്തമായ സാമ്പത്തിക-വ്യാപാര ബന്ധങ്ങളുടെ വ്യക്തമായ തെളിവാണ് പുതിയ കണ്ടെത്തൽ.
എന്നാൽ, കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വലിയ നിധിശേഖരം കപ്പലിൽ നിന്നും പൂർണ്ണമായി വീണ്ടെടുക്കാൻ സാധിച്ചെങ്കിലും, കപ്പലിലുണ്ടായിരുന്ന ജീവനക്കാരുടെ വിവരം ഇപ്പോഴും നിഗൂഢതയായി തുടരുകയാണ്. ഏതാണ്ട് ഇരുനൂറോളം നാവികരും തൊഴിലാളികളും കപ്പലിൽ സഞ്ചരിച്ചിട്ടുണ്ടെന്നാണ് ചരിത്ര രേഖകൾ വ്യക്തമാക്കുന്നത്. എങ്കിലും മനുഷ്യശരീരത്തിന്റെ യാതൊരുവിധ അവശിഷ്ടങ്ങളും കപ്പലിൽ നിന്നോ അതിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നോ കണ്ടെത്താനായിട്ടില്ല.
കപ്പൽ അപകടത്തിൽപ്പെട്ട് തകർന്ന സമയത്ത് നാവികർ എല്ലാവരും സമുദ്രത്തിൽ മുങ്ങിമരിച്ചിരിക്കാം എന്നും, അതല്ലെങ്കിൽ ജീവനോടെ കരയ്ക്കടിഞ്ഞ അവർ കുടിവെള്ളവും ഭക്ഷണവുമില്ലാത്ത നമീബിയൻ മരുഭൂമിയിൽ വെച്ച് മരണപ്പെട്ടിരിക്കാം എന്നുമാണ് ഗവേഷകർ കരുതുന്നത്. ശാസ്ത്രലോകത്തെയും ചരിത്രകാരന്മാരെയും ഒരുപോലെ അമ്പരപ്പിച്ച കണ്ടെത്തൽ ആഫ്രിക്കൻ തീരത്തുനിന്നും ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട കപ്പൽച്ചേതങ്ങളിൽ ഒന്നാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.