ഡൊണാൾഡ് ട്രംപ്
പുതിയ ഭീഷണിയുമായി ട്രംപ്, ഇറാനെ മുഴുവൻ തകർത്തേക്കാം
തെഹ്റാൻ: ഇറാനെതിരെ ഭീഷണി കടുപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തെഹ്റാൻ തന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മുഴുവൻ രാജ്യത്തെയും തകർക്കേണ്ട സാഹചര്യം വന്നേക്കാമെന്ന് ട്രംപ് പറഞ്ഞു. ബുധനാഴ്ച മുതൽ ഇറാൻ വിമാനങ്ങൾക്ക് രാജ്യാന്തര സർവീസ് സമ്പൂർണമായി വിലക്കുമെന്നും ഭീഷണിയുണ്ട്. ഇറാൻ വിമാനങ്ങളുടെ സർവീസിനെ സഹായിച്ചാൽ വിദേശ കമ്പനികൾക്കെതിരെയും ഉപരോധമേർപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. പശ്ചിമേഷ്യയിൽ ഏതുനിമിഷവും വ്യോമപാതകൾ അടച്ചിടാനും വിമാനങ്ങൾ റദ്ദാക്കാനും യാത്ര തടസ്സപ്പെടാനും സാധ്യതയുള്ളതിനാൽ അമേരിക്കക്കാർ കരുതിയിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഇറാനെതിരെ യു.എസോ സഖ്യകക്ഷികളോ ‘ഏതെങ്കിലും തെറ്റ്’ വരുത്തിയാൽ വേദനാജനകമായ തിരിച്ചടികൾ ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. യു.എസ് പുതിയ ആക്രമണത്തിന് തയാറെടുക്കുന്നതായി തങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും രാജ്യത്തിനു നേരെ ആക്രമണമുണ്ടായാൽ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കും സഖ്യ രാജ്യങ്ങൾക്കും കനത്ത തിരിച്ചടി നൽകുമെന്നും മേജർ ജനറൽ ആമിർ ഹത്താമി വ്യക്തമാക്കി.
മിഡിൽ ഈസ്റ്റിലെ അമേരിക്കൻ പൗരന്മാർക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കഴിഞ്ഞ ദിവസം സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു. സൗദി അറേബ്യയും ഇറാൻ പിന്തുണക്കുന്ന യമനിലെ ഹൂതികളും തമ്മിലുള്ള സംഘർഷം അതിവേഗം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇതിനിടെ, ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന എണ്ണക്കപ്പലിന് നേരെ മിസൈൽ ആക്രമണം ഉണ്ടായതായി യു.കെ മാരിടൈം ട്രേഡ് ഓപറേഷൻസ് അറിയിച്ചു. ആക്രമണത്തിൽ രണ്ട് ജീവനക്കാർക്ക് നേരിയ പരിക്കേറ്റു. കപ്പൽ അടുത്ത തുറമുഖത്തേക്ക് യാത്ര തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
എണ്ണക്കപ്പൽ വാടക കുതിച്ചുയരുന്നു
ഇറാൻ യുദ്ധം ആഗോള കപ്പൽ ഗതാഗതത്തെയും എണ്ണവിപണിയെയും ബാധിക്കുന്നതിനിടെ, പേർഷ്യൻ ഗൾഫിൽ നിന്ന് എണ്ണ കയറ്റി ഹുർമുസ് കടലിടുക്ക് കടക്കുന്നതിനുള്ള സൂപ്പർടാങ്കറുകളുടെ വാടക പ്രതിദിനം 10 ലക്ഷം ഡോളർ വരെ ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. യമനിലെ ഹൂതികൾ ബാബ് അൽ-മന്ദബ് കടലിടുക്കിലും സമ്മർദം ശക്തമാക്കുന്നതിനാൽ എണ്ണക്കപ്പലുകൾക്ക് ഉപയോഗിക്കാവുന്ന ബദൽ പാതകൾ കുറയുകയാണ്. ടാങ്കറുകളുടെ ലഭ്യതയിലുണ്ടായ കുറവും ഗതാഗതച്ചെലവ് വർധിപ്പിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇതിന്റെ ഫലമായി എണ്ണയുടെ ഉപഭോക്തൃവിലയിലും സമ്മർദം ഉണ്ടാകാമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.