അബ്ബാസ് അരാഗ്ചി
ഐക്യരാഷ്ട്രസഭയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു: ഇറാൻ വിദേശകാര്യ മന്ത്രി
ന്യൂയോർക്ക്: യു.എൻ പൊതുസഭയിൽ പങ്കെടുക്കാനായി ന്യൂയോർക്കിൽ എത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, ഐക്യരാഷ്ട്രസഭയിലുള്ള ആഗോള വിശ്വാസം പൂർണമായും നഷ്ടപ്പെട്ടതായി വ്യക്തമാക്കി. തന്റെ ടെലഗ്രാം ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
യു.എസും ഇസ്രായേലും തങ്ങൾക്കെതിരെ നയിച്ച യുദ്ധത്തിന് ശേഷമുള്ള സാഹചര്യത്തിലാണ് തന്റെ ഈ സന്ദർശനമെന്നും, നിലവിൽ രാജ്യത്ത് യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അരാഗ്ചി വ്യക്തമാക്കി. ഇറാൻ ജനതയുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതിനാണ് പ്രധാന അന്താരാഷ്ട്ര വേദി ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ പരാജയപ്പെട്ടതിലൂടെ യു.എസിന് വിശ്വാസ്യതയും ജനങ്ങളുടെ വിശ്വാസവും നഷ്ടപ്പെട്ടതായി അദ്ദേഹം കുറ്റപ്പെടുത്തി. ഈ വർഷത്തെ പൊതുസഭ ‘വിശ്വാസം വീണ്ടെടുക്കൽ’ എന്ന പ്രമേയത്തിന് കീഴിലാണ് ആരംഭിക്കുന്നത്. സംഘടനയിലുള്ള വിശ്വാസം പൂർണമായും ചോർന്നുപോയെന്നതിന്റെ സാർവത്രികമായ അംഗീകാരമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അന്താരാഷ്ട്ര സ്ഥാപനങ്ങളെയും നിയമങ്ങളെയും മാനിക്കാതെ ചില രാജ്യങ്ങൾ യാതൊരു കൂസലുമില്ലാതെ പ്രവർത്തിക്കുകയാണെന്നും, സ്വന്തം സഖ്യകക്ഷികൾക്ക് അവർ പ്രതിരോധസൂചകമായി സുരക്ഷ നൽകുകയാണെന്നും അരാഗ്ചി ആരോപിച്ചു.ഇസ്രായേൽ ഏതുതരം ക്രൂരതകളും തുടരുമ്പോൾ, മനുഷ്യരാശിയുടെ ചാമ്പ്യന്മാർ എന്ന് നടിക്കുന്ന പാശ്ചാത്യ-യൂറോപ്യൻ രാജ്യങ്ങൾ നിശബ്ദത പാലിക്കുകയാണെന്നും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.
അതേസമയം, ഇറാനെതിരെ പുതിയ ഭീഷണിയുമായി അമേരിക്ക രംഗത്ത് എത്തി. ഇറാന്റെ വ്യോമയാന മേഖലയെ പൂർണമായി സ്തംഭിപ്പിക്കാൻ ലക്ഷ്യമിട്ടാണ് യു.എസിന്റെ നീക്കം. അന്താരാഷ്ട്ര സർവിസുകൾ നടത്തുന്ന ഇറാനിയൻ വിമാനങ്ങളെ ഈ ആഴ്ചയോടെ ലോകമെമ്പാടും തടയുമെന്നും, ഇതിനായി വിദേശ കമ്പനികൾക്ക് സെക്കൻഡറി ഉപരോധ മുന്നറിയിപ്പ് നൽകിയതായും യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് വ്യക്തമാക്കി.
സി.എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് ബെസ്സെന്റിന്റെ പ്രഖ്യാപനം. യു.എസ്-ഇറാൻ യുദ്ധം ഏഴ് മാസത്തോട് അടുക്കുന്നതിനിടെയാണ് വാഷിങ്ടണിന്റെ പുതിയ സാമ്പത്തിക നീക്കം.
വിമാന കമ്പനികൾക്ക് പുറമെ വിമാനത്താവളങ്ങൾ, ടിക്കറ്റിങ് കമ്പനികൾ, ഇന്ധന വിതരണക്കാർ, മറ്റ് അനുബന്ധ സേവന സ്ഥാപനങ്ങൾ എന്നിവരെയും അമേരിക്ക ലക്ഷ്യമിടുന്നുണ്ട്. ‘ഇറാനിയൻ വിമാനങ്ങൾ ഇറങ്ങുന്ന സ്ഥലങ്ങളിൽ ആരും ഇന്ധനമോ ലാൻഡിങ് സേവനങ്ങളോ ടിക്കറ്റോ നൽകരുത്. നൽകിയാൽ അമേരിക്കൻ ഡോളർ സംവിധാനത്തിൽ നിന്ന് ആ രാജ്യങ്ങളെ പുറത്താക്കും’ -ബെസ്സെന്റ് മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ സാമ്പത്തിക യുദ്ധതന്ത്രത്തിന്റെ ഭാഗമായാണ് ഈ നടപടി.
യു.എസ് മുന്നറിയിപ്പിനെ തുടർന്ന് പല രാജ്യങ്ങളും ഇറാനിയൻ വിമാനങ്ങളുടെ സർവിസുകൾ നിരോധിച്ചുതുടങ്ങി. യു.എസ് ട്രഷറി പ്രഖ്യാപനത്തിന് പിന്നാലെ ഇറാനിയൻ വിമാനങ്ങളുടെ സർവിസുകൾ സസ്പെൻഡ് ചെയ്യുമെന്ന് രണ്ട് ഇറാഖി വൃത്തങ്ങൾ എ.എഫ്.പിയോട് വ്യക്തമാക്കി.
ജോർജിയയും ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തുർക്കിയ സർക്കാറിന്റെ ആവശ്യപ്രകാരം ഇറാനിലെ മഹാൻ എയർലൈൻസും തുർക്കിയയിലേക്കുള്ള സർവീസുകൾ റദ്ദാക്കി. ഇറാൻ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ദീർഘകാലമായി ഉപരോധം നേരിടുന്ന ഇറാൻറെ വ്യോമയാന മേഖല, വിമാനങ്ങളും സ്പെയർ പാർട്സുകളും അറ്റകുറ്റപ്പണി സേവനങ്ങളും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്.
ചൈനീസ് ഉപപ്രധാനമന്ത്രി ഹെ ലിഫെങ്ങുമായി സ്കോട്ട് ബെസ്സെന്റ് നടത്തിയ സാമ്പത്തിക ചർച്ചകൾക്ക് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ചൈനീസ് ലീഡർ ഷി ജിൻപിങ്ങിന്റെയും ഉച്ചകോടിയുടെ മുന്നോടിയായാണ് ഈ ചർച്ചകൾ. ഇറാനുമായുള്ള പ്രധാന സാമ്പത്തിക പങ്കാളിയും നയതന്ത്ര പിന്തുണക്കാരിലൊന്നുമാണ് ചൈന.
കഴിഞ്ഞ ഫെബ്രുവരി അവസാന വാരത്തിൽ യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാൻറെ പരമോന്നത നേതാവും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതോടെയാണ് യു.എസ്-ഇറാൻ യുദ്ധം ആരംഭിച്ചത്. ഇതിന് മറുപടിയായി ഊർജ്ജ ഗതാഗതത്തിന്റെ പ്രധാന പാതയായ ഹുർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.