ഇറാനെ തുടച്ചുനീക്കണോ അതോ കരാറിലെത്തണോ? ഉടൻ തീരുമാനമെന്ന് യു.എന്നിൽ ട്രംപ്; ഇറാൻ പ്രതിനിധികൾ ഇറങ്ങിപോയി
ന്യൂയോർക്ക്: ഇറാനുമായി കരാറിലെത്തണോ അതോ രാജ്യത്തെ സമ്പൂർണമായി തുടച്ചുനീക്കണോ എന്നതു സംബന്ധിച്ച് ഒരു വലിയ തീരുമാനം കൈക്കൊള്ളേണ്ട നിർണായക ഘട്ടത്തിലാണ് താനെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്.
‘ഇറാനെ പുനർനിർമിക്കാനും മുമ്പത്തേക്കാളും വളരെ മികച്ച ഒരു രാജ്യമാക്കി മാറ്റാനും -ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും മികച്ച രാജ്യമാക്കി മാറ്റാൻ കഴിയുന്ന തരത്തിലുള്ള ഒരു കരാറിൽ ഏർപ്പെടണോ? അതോ ഈ ഇസ്ലാമിക റിപ്പബ്ലിക്കിനെ വേഗത്തിൽ തുടച്ചുനീക്കണോ’ -ട്രംപ് ചോദിച്ചു. മറ്റ് രാജ്യങ്ങളെയും ജനങ്ങളെയും നശിപ്പിക്കാൻ ഇനിയും അവസരം നൽകാത്ത വിധം ഇറാനെ ഇല്ലാതാക്കാൻ കഴിയും. എന്നാൽ വലിയ ശക്തിയായി ഉയരാൻ സഹായിക്കുന്ന തരത്തിലുള്ള ഒരു കരാറിന് ഇറാൻ തയാറാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നവംബർ മൂന്നിന് നടക്കുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനുമായി ഒരു കരാറിലെത്താൻ സാധിക്കുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെച്ചു. അതിനു തയാറാകാതിരിക്കാൻ ഇറാന് കഴിയില്ല. ഇറാൻ യുദ്ധം ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന രാഷ്ട്രീയ ആശങ്ക തനിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ട്രംപിന്‍റെ പ്രസംഗത്തിനിടെ യു.എന്നിലെ ഇറാനിയൻ പ്രതിനിധി സംഘം സഭയിൽനിന്ന് ഇറങ്ങിപോയി. ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും ഐക്യരാഷ്ട്രസഭയുടെ യോഗത്തിനായി ന്യൂയോർക്കിൽ ഉണ്ടായിരുന്നുവെങ്കിലും ട്രംപിന്റെ പ്രസംഗത്തിൽ പങ്കെടുത്തില്ല.
ഇറാനുമായുള്ള ഒരു കരാറിന് എല്ലാ അവസരങ്ങളും നൽകിയ ശേഷമാണ് താൻ ആക്രമണം നടത്തിയതെന്നും ട്രംപ് ന്യായീകരിച്ചു. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇറാന്‍റെ ആക്രമണങ്ങളെ അപലചിച്ച് പ്രമേയം പാസാക്കിയ യു.എൻ രക്ഷാസമിതിക്ക് ട്രംപ് നന്ദി പറഞ്ഞു. യു.എസിന്റെ ആയുധശേഖരം കുറവാണെന്ന റിപ്പോർട്ടുകളും തള്ളിക്കളഞ്ഞു. രാജ്യദ്രോഹികളും ഭീരുക്കളുമാണ് ഇക്കാര്യം പറയുന്നത്. അത് സത്യമല്ല. ഉപയോഗിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ആയുധങ്ങളുണ്ട്, വൻതോതിൽ ആയുധങ്ങൾ നിർമിക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
37 മിനിറ്റുള്ള പ്രസംഗത്തിനിടെ ക്യൂബയെ പരാജയപ്പെട്ട രാഷ്ട്രം എന്ന് വിളിച്ചതിൽ പ്രതിഷേധിച്ച് ക്യൂബൻ പ്രതിനിധികളും ഇറങ്ങിപോയി.
യു.എന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടു -അറാഗ്ചി
ന്യൂയോർക്: യു.എൻ പൊതുസഭയിൽ പങ്കെടുക്കാനായി ന്യൂയോർക്കിൽ എത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി, ഐക്യരാഷ്ട്ര സഭയിലുള്ള ആഗോള വിശ്വാസം പൂർണമായും നഷ്ടപ്പെട്ടതായി വ്യക്തമാക്കി. തന്റെ ടെലഗ്രാം ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യു.എസും ഇസ്രായേലും തങ്ങൾക്കെതിരെ നയിച്ച യുദ്ധത്തിന് ശേഷമുള്ള സാഹചര്യത്തിലാണ് തന്റെ ഈ സന്ദർശനമെന്നും, നിലവിൽ രാജ്യത്ത് യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അറാഗ്ചി വ്യക്തമാക്കി.
ഇറാൻ ജനതയുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതിനാണ് പ്രധാന അന്താരാഷ്ട്ര വേദി ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ പരാജയപ്പെട്ടതിലൂടെ യു.എസിന് വിശ്വാസ്യതയും ജനങ്ങളുടെ വിശ്വാസവും നഷ്ടപ്പെട്ടതായി അദ്ദേഹം കുറ്റപ്പെടുത്തി. ഈ വർഷത്തെ പൊതുസഭ ‘വിശ്വാസം വീണ്ടെടുക്കൽ’ എന്ന പ്രമേയത്തിന് കീഴിലാണ് ആരംഭിക്കുന്നത്. സംഘടനയിലുള്ള വിശ്വാസം പൂർണമായും ചോർന്നുപോയെന്നതിന്റെ സാർവത്രികമായ അംഗീകാരമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര സ്ഥാപനങ്ങളെയും നിയമങ്ങളെയും മാനിക്കാതെ ചില രാജ്യങ്ങൾ യാതൊരു കൂസലുമില്ലാതെ പ്രവർത്തിക്കുകയാണെന്നും, സ്വന്തം സഖ്യകക്ഷികൾക്ക് അവർ പ്രതിരോധസൂചകമായി സുരക്ഷ നൽകുകയാണെന്നും അറാഗ്ചി ആരോപിച്ചു. ഇസ്രായേൽ ഏതുതരം ക്രൂരതകളും തുടരുമ്പോൾ, മനുഷ്യരാശിയുടെ ചാമ്പ്യന്മാർ എന്ന് നടിക്കുന്ന പാശ്ചാത്യ-യൂറോപ്യൻ രാജ്യങ്ങൾ നിശ്ശബ്ദത പാലിക്കുകയാണെന്നും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.