സ്കൂളുകളിൽ ബുർഖക്കും നിഖാബിനും നിരോധനം ഏർപ്പെടുത്താനൊരുങ്ങി ഇറ്റലി: വിദേശ വിദ്യാർഥികളുടെ എണ്ണത്തിലും കടുത്ത നിയന്ത്രണമെന്ന് മെലോണി
റോം: ഇറ്റലിയിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ കുടിയേറ്റം പ്രധാന ചർച്ചാവിഷയമാകാനിരിക്കെ, സ്കൂളുകളിൽ ബുർഖയും നിഖാബും നിരോധിക്കുമെന്നും വിദേശ വിദ്യാർഥികളുടെ എണ്ണത്തിന് പരിധി ഏർപ്പെടുത്തുമെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പ്രഖ്യാപിച്ചു. തന്റെ ഭരണകക്ഷിയായ 'ബ്രദേഴ്സ് ഓഫ് ഇറ്റലി' (എഫ്.ഡി.എൽ) പാർട്ടിയുടെ യുവജന വിഭാഗം സംഘടിപ്പിച്ച വാർഷിക സമ്മേളനത്തിലാണ് മെലോണി ഈ നിർദേശങ്ങൾ അവതരിപ്പിച്ചത്. ഇതോടൊപ്പം സ്കൂൾ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുന്ന വിദേശ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് ഇറ്റാലിയൻ ഭാഷാ പഠനം നിർബന്ധമാക്കുമെന്നും അവർ വ്യക്തമാക്കി.
‘ഇറ്റലിയിൽ വന്ന് സ്വന്തം ഭാവി കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും ഞങ്ങളുടെ ഭാഷ പഠിക്കുകയും സംസ്‌കാരം മനസ്സിലാക്കുകയും നിയമങ്ങളെ മാനിക്കുകയും വേണം. അവരെ സ്വീകരിക്കാനുള്ള ഏറ്റവും ഉചിതമായ മാർഗ്ഗം ഇതാണ്’- മെലോണി പറഞ്ഞു. റോമിൽ നടന്ന 'ജിയോവെഞ്ചു നാസിയോണാലെ' ദേശീയ മേളയിൽ സദസ്സിന്റെ വലിയ കരഘോഷങ്ങൾക്കിടെയാണ് മെലോണി ഈ പ്രഖ്യാപനം നടത്തിയത്.
മുസ്‍ലിം സ്ത്രീകൾ ധരിക്കുന്ന, കണ്ണുകൾ ഉൾപ്പെടെ മുഖം പൂർണമായി മറക്കുന്ന വസ്ത്രമാണ് ബുർഖ. നിഖാബ് സമാനമാണെങ്കിലും കണ്ണുകൾ പുറത്തു കാണാൻ സാധിക്കും. നിലവിൽ ഇറ്റലിയിൽ ഈ വസ്ത്രങ്ങൾക്ക് പൂർണ നിരോധനമില്ല. എന്നാൽ കൃത്യമായ കാരണമില്ലാതെ വ്യക്തിത്വം തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഹെൽമറ്റുകളോ വസ്ത്രങ്ങളോ ധരിക്കുന്നത് 1975ലെ നിയമപ്രകാരം വിലക്കിയിട്ടുണ്ട്. വ്യക്തിത്വ പരിശോധന ആവശ്യമായി വരുമ്പോൾ മുഖം കാണിക്കാൻ തയാറാണെങ്കിൽ, മതപരമോ സാംസ്കാരികമോ ആയ കാരണങ്ങളാൽ മുഖം മൂടുന്ന വസ്ത്രങ്ങൾ ധരിക്കാമെന്ന് 2008ലെ കോടതി ഉത്തരവിൽ വ്യക്തത വരുത്തിയിരുന്നു.
എന്നാൽ, മെലോണി സഖ്യസർക്കാരിലെ പങ്കാളികളായ 'ലീഗ്' പാർട്ടി, ആരാധനാലയങ്ങൾ, കായിക മത്സരങ്ങൾ എന്നിവപോലുള്ള പ്രത്യേക സാഹചര്യങ്ങളിലൊഴികെ ഇത്തരം വസ്ത്രങ്ങളും ഹെൽമറ്റുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഈ വർഷം ആദ്യം ബിൽ സമർപ്പിച്ചിരുന്നു. ബുർഖ നിരോധനത്തിന് പുറമെ ഓരോ ക്ലാസിലും പ്രവേശനം നേടാവുന്ന വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ നിയമപരമായ പരിധി കൊണ്ടുവരുമെന്നും മെലോണി വ്യക്തമാക്കി.
നിലവിൽ ഇറ്റാലിയൻ നിയമപ്രകാരം ഒരു ക്ലാസിലോ സ്കൂളിലോ പരമാവധി 30 ശതമാനം വിദേശ വിദ്യാർഥികൾക്ക് മാത്രമാണ് പ്രവേശനം നൽകുന്നത്. എന്നാൽ ഈ പരിധിയിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തുകയെന്ന് മെലോണി വ്യക്തമാക്കിയിട്ടില്ല. നിലവിൽ ഇറ്റലിയിലെ സ്കൂളുകളിൽ ആകെയുള്ള വിദ്യാർഥികളിൽ 12 ശതമാനത്തോളം വിദേശ വിദ്യാർഥികളാണ്.
എന്നാൽ മന്ത്രിസഭ ഈ നിർദേശങ്ങൾ അംഗീകരിച്ച ശേഷം 60 ദിവസത്തിനകം പാർലമെന്റിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ഇത് നിയമമായി മാറൂ. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇറ്റലിയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരിക്കുന്ന സർക്കാറാണ് മെലോണിയുടേത്. എന്നാൽ 2027ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ, ഇവരെക്കാൾ തീവ്ര വലതുപക്ഷ നിലപാടുകളുള്ള 'നാഷണൽ ഫ്യൂച്ചർ' (എഫ്.എൻ) പാർട്ടിയിൽ നിന്ന് മെലോണിക്ക് ശക്തമായ വെല്ലുവിളി നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ഫെബ്രുവരി മുതൽ ജനപ്രീതി സർവേകളിൽ മുന്നേറുന്ന എഫ്.എൻ, കഴിഞ്ഞ ജൂലൈയിൽ തന്നെ സ്കൂളുകളിൽ ബുർഖ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.