സെക്കൻഡുകൾക്കുള്ളിൽ ഇമിഗ്രേഷൻ പരിശോധന പൂർത്തിയാക്കാം; വിമാനത്താവളങ്ങളിലെ തിരക്ക് കുറക്കാൻ ഡിജിറ്റൽ സംവിധാനവുമായി മലേഷ്യ

ക്വാലാലംപൂർ: മലേഷ്യൻ വിമാനത്താവളങ്ങളിൽ ഇനി അതിവേഗ ഇമിഗ്രേഷൻ ക്ലിയറൻസ് സംവിധാനം. ഈ വർഷം സെപ്റ്റംബർ മുതൽ രാജ്യവ്യാപകമായി എല്ലാ എൻട്രി പോയിന്റുകളിലും പുതിയ നാഷണൽ ഇന്റഗ്രേറ്റഡ് ഇമിഗ്രേഷൻ സിസ്റ്റം നടപ്പിലാക്കാനാണ് തീരുമാനം.

പുതിയ ഡിജിറ്റൽ സംവിധാനത്തിന് കീഴിൽ ഇമിഗ്രേഷൻ പരിശോധനകൾക്ക് നാല് മുതൽ അഞ്ച് സെക്കൻഡ് വരെ മാത്രമേ ഒരാൾക്ക് സമയം എടുക്കൂ. തിരക്കേറിയ യാത്രാസമയങ്ങളിൽ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും വിമാനത്താവളങ്ങളിലെ തിരക്ക് കുറക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ.

രാജ്യവ്യാപകമായി നടപ്പാക്കുന്നതിന് മുന്നോടിയായി ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംവിധാനം നടപ്പാക്കി. ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ക്ലിയറൻസിന് ഇപ്പോൾ അഞ്ച് സെക്കൻഡിൽ താഴെ മാത്രമേ സമയമെടുക്കൂവെന്ന് ആഭ്യന്തര മന്ത്രി സൈഫുദ്ദീൻ നസുഷ്യൻ ഇസ്മായിൽ പറഞ്ഞു. മലേഷ്യയുടെ പുതിയ ഇമിഗ്രേഷൻ സംവിധാനത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ഇതൊരു ഗെയിം ചേഞ്ചർ മാത്രമല്ലെന്നും രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രകളിൽ പുതിയ അനുഭവങ്ങൾ സമ്മാനിക്കുമെന്നും മന്ത്രി പറഞ്ഞു.

ഫേഷ്യൽ റെക്കഗ്നിഷൻ (മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ), ക്യു.ആർ കോഡുകൾ, പാസ്‌പോർട്ട് പരിശോധന എന്നിവ പുതിയ സംവിധാനത്തിലൂടെ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. മലേഷ്യൻ വിമാനത്താവളങ്ങളിൽ 20 വർഷത്തോളമായി ഉപയോഗിച്ചുവരുന്ന പഴയ സിസ്റ്റത്തിന് പകരമായാണ് പുതിയ സംവിധാനം ഒരുക്കുന്നത്. ഏകദേശം 255 മില്യൺ യു.എസ് ഡോളർ മുതൽ മുടക്കിയാണ് പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.

പഴയ സംവിധാനത്തിന് കീഴിൽ യാത്രക്കാർ ആദ്യം ഇമിഗ്രേഷൻ കൗണ്ടറുകളിലോ ഓട്ടോഗേറ്റുകളിലോ പാസ്‌പോർട്ടുകൾ സ്കാൻ ചെയ്യണമായിരുന്നു. അതിനുശേഷം, യാത്രക്കാരന്റെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനായി വിരലടയാളങ്ങളും മുഖ സ്കാനുകളും ഉപയോഗിച്ച് ബയോമെട്രിക് പരിശോധന നടത്തും. എന്നാൽ, പുതിയ സംവിധാനത്തിന് കീഴിൽ ഇതെല്ലാം ഒറ്റ ഡിജിറ്റൽ പ്രക്രിയയിലേക്ക് മാറും. ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. 

Tags:    
News Summary - Malaysia To Introduce New Digital Immigration System To Reduce Airport Queues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.