നിർബന്ധിത വധശിക്ഷ നിർത്തലാക്കാനൊരുങ്ങി മലേഷ്യ

ക്വലാലംപൂർ: വർഷങ്ങളായി രാജ്യത്ത് നടപ്പാക്കി വരുന്ന നിർബന്ധിത വധശിക്ഷ നിർത്തലാക്കാൻ തീരുമാനിച്ച് മലേഷ്യൻ സർക്കാർ. സർക്കാർ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിഷേധക്കാർ അറിയിച്ചു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്ത് കൊലപാതകവും മയക്കുമരുന്ന് കടത്തുമുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നിർബന്ധമാക്കിയിരുന്നു.

2018ൽ രാജ്യത്ത് അധികാരമേറ്റ സർക്കാർ വധശിക്ഷ പൂർണമായും നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും രാഷ്ട്രീയ എതിരാളികളുടെയും കൊലപാതകത്തിന് ഇരയായവരുടെ കുടുംബങ്ങളുടെയും എതിർപ്പ് കാരണം ഉപേക്ഷിക്കുകയായിരുന്നു.

നിർബന്ധിത വധശിക്ഷ നിർത്തലാക്കാൻ മന്ത്രിസഭായോഗം സമ്മതിച്ചതായി നിയമമന്ത്രി വാൻ ജുനൈദി തുവാങ്കു ജാഫർ പറഞ്ഞു. വധശിക്ഷക്ക് പകരം എന്ത് ശിക്ഷ നൽകാമെന്നതിൽ കൂടുതൽ പഠനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തലാണ് സർക്കാരിന്‍റെ ഈ വിഷയത്തിലെ മുൻഗണനയെന്ന് മന്ത്രിയുടെ പ്രസ്താവനയിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നിയമനിർമ്മാണം നടത്തേണ്ടതുണ്ടെന്നും അതിൽ കാലതാമസം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിർബന്ധിത വധശിക്ഷ നിർത്തലാക്കുമെന്ന മലേഷ്യയുടെ പ്രഖ്യാപനം സുപ്രധാന ചുവടുവെപ്പാണെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ഏഷ്യൻ ഡെപ്യൂട്ടി ഡയറക്ടർ ഫിൽ റോബർട്ട്‌സൺ പറഞ്ഞു.

Tags:    
News Summary - Malaysia To Abolish Mandatory Death Penalty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.