ജി​ദ്ദ വാ​സ​ത്തി​ന് ശേ​ഷം സൽമാൻ രാജാവ് ക​ഴി​ഞ്ഞ ദി​വ​സം റി​യാ​ദി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ

സൽമാൻ രാജാവിന്റെ രാഷ്ട്രസാരഥ്യം എട്ടാം വർഷത്തിലേക്ക്

റിയാദ്: സാമൂഹികവും സാമ്പത്തികവുമായ കുതിച്ചുചാട്ടത്തിനുതകുന്ന പദ്ധതികളിലൂടെ സൗദി അറേബ്യയിൽ വികസനമുന്നേറ്റം സൃഷ്ടിച്ച് സൽമാൻ ബിൻ അബ്ദുൽ അസീസ് ആലു സൗദ് എന്ന രാഷ്ട്രനായകൻ തന്റെ ഭരണസാരഥ്യത്തിന്റെ എട്ടാം വർഷത്തിൽ. മുൻ ഭരണാധികാരിയും അർധ സഹോദരനുമായ അബ്ദുല്ല രാജാവിന്റെ വിയോഗത്തെ തുടർന്ന് 2015 ജനുവരി 23നാണ് (ഹിജ്‌റ വർഷം 1436 റബീഉൽ ആഖിർ-3) കിരീടാവകാശിയായിരുന്ന സൽമാൻ ബിൻ അബ്ദുൽ അസീസ്‌ രാജാവായി സ്ഥാനമേറ്റത്. അതിന് മുമ്പ് 2011വരെ 48 വർഷം തലസ്ഥാനനഗരമായ റിയാദിന്റെ ഗവർണറായിരുന്നു. തുടർന്ന് പ്രതിരോധമന്ത്രിയായി നിയമിതനായ അദ്ദേഹം 2012ൽ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടു.

രാജാധികാരമേറ്റ് വളരെ വൈകാതെ 'വിഷൻ 2030' എന്ന സമഗ്ര പരിവർത്തനപദ്ധതി പ്രഖ്യാപിച്ചുകൊണ്ട് സമൂലമാറ്റത്തിന് അദ്ദേഹം തുടക്കമിട്ടു. ഇതിനകം രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞ 'വിഷനി'ലൂടെ സാമൂഹിക, സാമ്പത്തികരംഗങ്ങളിൽ ലോകത്തിന്റെതന്നെ നെറുകയിൽ എത്തുന്നതിനുള്ള മുന്നേറ്റത്തിലാണ് രാജ്യം. സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി സമൃദ്ധി കൈവരിക്കുക, മുൻനിര സാമ്പത്തികവ്യവസ്ഥയും മെച്ചപ്പെട്ട ഭാവിയും കെട്ടിപ്പടുക്കുക, ആധുനിക ലോകവുമായി ഇടപഴകുന്ന ചലനാത്മക സമൂഹത്തെ സൃഷ്ടിക്കുക എന്നിവയാണ് 'വിഷൻ' ലക്ഷ്യമാക്കുന്നതെന്നതായിരുന്നു പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടന്ന വിവരം കഴിഞ്ഞ ശൂറ കൗൺസിൽ യോഗത്തിൽ പ്രഖ്യാപിക്കവേ സൽമാൻ രാജാവ് പറഞ്ഞത്.

തുടർന്നിങ്ങോട്ട് അതുമായി ബന്ധപ്പെട്ട നയങ്ങൾ പ്രാവർത്തികമാക്കുന്നതിന്റെ ചുവടുവെപ്പുകളായിരുന്നു അറബ് ലോകം വീക്ഷിച്ചത്. ശുഭപ്രതീക്ഷ നൽകിയും നിശ്ചയദാർഢ്യത്തോടെയും സർക്കാർ വകുപ്പുകളെയും ഏജൻസികളെയും കൃത്യമായ ആസൂത്രണത്തോടെ ഏകോപിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളെയും ഉൾക്കൊള്ളുന്ന വലിയൊരു വികസന യജ്ഞത്തിനുതന്നെ ഭരണനേതൃത്വം തുടക്കംകുറിച്ചു. സമൃദ്ധിയുടെയും മനഃസ്സമാധാനത്തിന്റെയും നിറവിൽ രാജ്യത്തിനകത്തും പുറത്തുമുള്ള പൗരന്മാർ ഇതിന് എല്ലാവിധ പിന്തുണയും നൽകി.

സൽമാൻ രാജാവ് അധികാരമേറ്റത് മുതലിങ്ങോട്ട് വിഷൻ പദ്ധതികളിലൂടെയും അല്ലാതെയും സാമൂഹിക, സമ്പത്തിക, വിദ്യാഭ്യാസ, ഗതാഗത, ആരോഗ്യ മേഖലകളിൽ വലിയ പുരോഗതിക്കാണ് രാജ്യനിവാസികൾ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. സാങ്കേതികവിദ്യ, വ്യവസായം, വാർത്താവിനിമയം, വൈദ്യുതി, ജലം, കൃഷി തുടങ്ങിയ സകല മേഖലകളിലും വികസനക്കുതിപ്പ് ദൃശ്യമാണ്. ഇതുവരെയില്ലാത്ത വൻ പദ്ധതികൾക്കാണ് നിലവിൽ രാജ്യം സാക്ഷ്യം വഹിക്കുന്നത്.

കോവിഡിനെ അതിജീവിച്ച മികവ്

ആഗോളസമൂഹത്തിന്റെ മുഴുജീവിതത്തെയും പ്രതിസന്ധിയിലാക്കിയ കോവിഡ് കാലഘട്ടത്തിന്റെ പ്രത്യാഘാതങ്ങളെ എളുപ്പത്തിൽ അതിജീവിച്ച സൗദി അറേബ്യൻ ഭരണമികവിന്റെ പ്രകടനം ലോകം നോക്കിക്കാണുകയായിരുന്നു. ധീരവും ചിട്ടയാർന്നതും വേഗത്തിലുള്ളതുമായ ആരോഗ്യപ്രവർത്തനങ്ങളിൽ ഒരുവിധത്തിലുള്ള സ്വദേശി-വിദേശി വേർതിരിവുകളുമുണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.'വിഷൻ 2030'ലെ സ്വപ്നപദ്ധതിയായ ചെങ്കടൽ തീരത്തെ 'നിയോം' നഗരപ്രഖ്യാപനവും നിർമാണ പ്രവർത്തനങ്ങളും അത്ഭുതാദരങ്ങളോടെയാണ് ലോകം വീക്ഷിച്ചത്.

അധികാരാരോഹണത്തിന്റെ എട്ടാം വാർഷികത്തിന് തൊട്ടുമുമ്പായി നടന്ന നിയോമിലെ 'ദ ലൈൻ' കാർബൺരഹിത അത്യാധുനിക പാർപ്പിടപദ്ധതി, ദറഇയ ഗേറ്റ് പ്രോജക്ട്, നിരവധി റെയിൽവേ പദ്ധതികൾ, വൈകാതെ വിഹായസ്സിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന രണ്ടാം ദേശീയ വിമാന കമ്പനി എന്നിവയിലൂടെ സൽമാൻ രാജാവിന്റെ നേതൃത്വത്തിൽ സൗദി അറേബ്യ വികസനക്കുതിപ്പ് തുടരുകയാണ്.സമീപകാലത്ത് റിയാദിൽ നടന്ന നിർമിതബുദ്ധി ആഗോള ഉച്ചകോടി, ഭാവി നിക്ഷേപ ഉച്ചകോടി തുടങ്ങിയവ ദീർഘവീക്ഷണവും ആസൂത്രണവും കൈമുതലായുള്ള ഭരണനേതൃത്വത്തിന്റെ മികവ് ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതായിരുന്നു.

സ്ത്രീശാക്തീകരണം

വാഹനം ഓടിക്കാൻ മാത്രമല്ല, റെയിൽവേ മേഖലയിൽ ലോകോ പൈലറ്റാകാനും വിമാനം പറത്താനും വരെ വനിതകൾക്ക് അനുമതി നൽകിയ വിപ്ലവകരമായ തീരുമാനങ്ങൾ ലോകത്തിന്റെതന്നെ അഭിനന്ദനങ്ങൾക്ക് കാരണമായി. തൊഴിൽരംഗത്ത് വനിതകൾക്കും തുല്യ അവസരമെന്ന നയം സ്വദേശി കുടുംബങ്ങളിലുണ്ടാക്കിയ ചൈതന്യവും സാമ്പത്തിക ഉണർവും ചെറുതല്ല. വിദേശവിദ്യാർഥികൾക്കും ഗവേഷകർക്കും പൊതുവേ അപ്രാപ്യമായിരുന്ന പ്രധാന നഗരങ്ങളിലെ സർവകലാശാലകളുടെ കവാടങ്ങൾ 'സൗദിയിൽ പഠിക്കാം' എന്ന നയപ്രഖ്യാപനത്തിലൂടെ അവർക്കായി തുറന്നുകൊടുത്തതും ധീരമായ നടപടിയായി വിലയിരുത്തപ്പെട്ടു.

സന്തുലിത എണ്ണനയം

സുസ്ഥിരവും സന്തുലിതവുമായ എണ്ണനയമാണ് എടുത്തുപറയേണ്ട പ്രത്യേകത. എണ്ണ ദൈവിക വരദാനമായ പ്രകൃതിവിഭവമാണെന്നും അതിനെ രാഷ്ട്രീയ ആയുധമായി കാണുന്നില്ലെന്നുമുള്ള ആർജ്ജവമുള്ള പ്രഖ്യാപനം പ്രലോഭനങ്ങൾക്ക് വഴങ്ങുകയില്ലെന്ന നിലപാട് വിളിച്ചറിയിക്കുന്നതായിരുന്നു. സൗദി സന്ദർശിക്കുകയില്ലെന്ന് ഒരുഘട്ടത്തിൽ പറഞ്ഞ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നേരിട്ടെത്തി സമ്മർദംചെലുത്തിയിട്ടും വഴങ്ങാതെ പെട്രോളിയം ഉൽപാദകരാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് തീരുമാനത്തിൽതന്നെ ഉറച്ചുനിന്നതും ഓരോ സന്ദർഭങ്ങളിലും ഉയർന്ന വിമർശനങ്ങൾക്ക് യഥാവിധി മറുപടിനൽകിയതും ധീരനിലപാടുകളായി വിലയിരുത്തപ്പെട്ടു. റഷ്യ-യുക്രെയ്ൻ സംഘർഷകാലത്ത് സമ്മർദങ്ങൾക്ക് വഴങ്ങാതെ എണ്ണ വിപണിയെ സുസ്ഥിരമാക്കി നിർത്തുന്നതിൽ വലിയ പങ്കാണ് സൗദി അറേബ്യവഹിച്ചത്.

പണപ്പെരുപ്പം കുറച്ചു

പണപ്പെരുപ്പ നിരക്ക് കുറച്ചുകൊണ്ടു വരാനായതിലും വികസനപദ്ധതികൾക്ക് പണലഭ്യത ഉറപ്പുവരുത്തിയതിലും ഭരണനേതൃത്വത്തിന്റെ ആസൂത്രണപാടവം വ്യക്തമാണ്. കാലാവസ്‌ഥാ വ്യതിയാനംപോലുള്ള പാരിസ്ഥിതിക വെല്ലുവിളികളെ ഗൗരവത്തോടെ സമീപിക്കുന്നതും കാർബൺ ന്യൂട്രാലിറ്റി വിഷയത്തിലും മനുഷ്യസമൂഹത്തിന്റെയും പ്രകൃതിയുടെയും നിൽനില്പുമായി ബന്ധപ്പെട്ട കൃത്യമായ കാഴ്ചപ്പാടുകൾ പ്രകടമാണ്.അറബ് ലോകത്തെ മുൻനിര രാഷ്ട്രമെന്നനിലക്ക് അതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നേതൃപാടവം കാട്ടുന്നതിൽ സൽമാൻ രാജാവ് അങ്ങേയറ്റം വിജയിച്ചിട്ടുണ്ട്.

ലോക മുസ്‌ലിംകളുടെ പുണ്യകേന്ദ്രങ്ങളായ മക്കയിലും മദീനയിലും സൗദി അറേബ്യ സ്ഥാപിതമായ കാലം മുതൽ ഭരണകൂടം ചെയ്തുവരുന്ന സേവനങ്ങൾ വളരെ നല്ല നിലയിലാണ് രാജാവ് നിർവഹിച്ചത്. ഹജ്ജ് വേളയിൽ മക്കയിൽ ക്യാമ്പ് ചെയ്താണ് അദ്ദേഹവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മകൻ മുഹമ്മദ് ബിൻ സൽമാനും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

സമാധാനത്തിന്റെ വക്താവ്

ലോകസമാധാനത്തിന്റെ വക്താവ്‌ എന്നനിലക്കാണ് സംഘർഷസാഹചര്യങ്ങളിൽ സൽമാൻ രാജാവ് നിലകൊണ്ടത്. 'സൗദി അറേബ്യ അന്നും ഇന്നും സമാധാനത്തിന്റെ മധ്യസ്ഥനും ആഗോള മാനവികതയുടെ വിളക്കുമാടവുമാണ് എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ലോകത്തെ കാലുഷ്യങ്ങൾ പരിഹരിക്കുന്നതിന് മധ്യസ്ഥചർച്ചകളും അനുരഞ്ജന സംഭാഷണങ്ങളുമാണ് വേണ്ടതെന്ന നിലപാടാണ് അദ്ദേഹത്തിന്.

സൽമാൻ രാജാവിന്റെ ജീവകാരുണ്യസംരംഭങ്ങൾ ലോകപ്രശസ്തമാണ്. കിങ് സൽമാൻ സെന്റർ ഫോർ റിലീഫ് ആൻഡ് ഹ്യുമാനിറ്റേറിയൻ (കെ.എസ് റിലീഫ്), കിങ് സൽമാൻ സെന്റർ ഫോർ ഡിസെബിലിറ്റി റിസർച് എന്നിവ രാജാവിന്റെ അധ്യക്ഷതയിലുള്ള ജനസേവന സംരഭങ്ങളാണ്. ഇത് കൂടാതെ അമീർ ഫഹദ് ബിൻ സൽമാൻ ചാരിറ്റബിൾ സൊസൈറ്റി, സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ എന്നിവ വഴിയും അതിരറ്റ സഹായങ്ങളാണ് രാജ്യത്തിനകത്തും പുറത്തുമുള്ള മനുഷ്യർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മികച്ച പരിചയസമ്പത്തിനൊപ്പം ഭരണ വൈദഗ്ധ്യം, നയതന്ത്രജ്ഞത, ദീർഘദൃഷ്ടി, മനുഷ്യസ്നേഹം തുടങ്ങിയ ഗുണഗണങ്ങൾ ഒത്തുചേർന്ന സൽമാൻ രാജാവിന്റെ ഭരണം എട്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ അതിൽ ആഹ്ലാദിക്കുകയും അദ്ദേഹത്തിന്റെ ദീർഘായുസ്സിന് വേണ്ടി പ്രാർഥിക്കുകയുമാണ് രാജ്യനിവാസികൾ.

Tags:    
News Summary - King Salman's reign enters eighth year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.