ഫ്ലൈദുബൈ ആക്രമണം; ഒമാനി പൈലറ്റിന്റെ ഇന്ത്യാ ബന്ധം തേടി എൻ.ഐ.എ

ന്യൂഡൽഹി: ഫ്ലൈദുബൈ വിമാനത്തിനുള്ളിൽ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ച കേസിൽ അന്വേഷണം ശക്തമാക്കി ദേശീയ അന്വേഷണ ഏജൻസി. കേസുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കാനും യുഎഇയിലെ ചിലരെ ചോദ്യം ചെയ്യാനുമുള്ള അനുമതി തേടി എൻഐഎ യുഎഇക്ക് നിയമസഹായ അഭ്യർഥന അയച്ചു. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയും പ്രതിയുടെ ഇന്ത്യയുമായുള്ള ബന്ധവുമാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം.

പരസ്പര നിയമസഹായ കരാർ പ്രകാരമാണ് യുഎഇയോട് രേഖകളും ചോദ്യം ചെയ്യാനുള്ള അനുമതിയും ആവശ്യപ്പെട്ടിരിക്കുന്നതെന്ന് എൻഐഎ ഡയറക്ടർ ജനറൽ രാകേഷ് അഗർവാൾ വ്യക്തമാക്കി. പ്രതിയായ ഒമാൻ സ്വദേശി സഹപൈലറ്റ് ഹമാം അൽ ഹമ്മാമിയുടെ സുഹൃദ്‌വലയത്തിൽ ഇന്ത്യക്കാരുണ്ടോ, ആക്രമണത്തിന് മുൻപ് ഇയാൾ ഇന്ത്യയിലുള്ള ആരുമായെങ്കിലും ബന്ധപ്പെട്ടിട്ടുണ്ടോ എന്നീ കാര്യങ്ങൾ അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഇതിനുപുറമെ, ഇയാളുടെ വിദേശ പഠനകാലത്തെ സമ്പർക്കങ്ങളും അന്വേഷണ പരിധിയിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

സെപ്റ്റംബർ 30ന് ദുബൈയിൽ നിന്ന് തെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബൈ വിമാനത്തിലായിരുന്നു സംഭവം. 174 യാത്രക്കാരും ആറ് ജീവനക്കാരുമുണ്ടായിരുന്ന വിമാനത്തിൽ ഒമാൻ സ്വദേശിയായ സഹപൈലറ്റ് ഹമാം അൽ ഹമ്മാമി ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ക്യാപ്റ്റന് ഗുരുതരമായി പരിക്കേറ്റു. മറ്റ് പൈലറ്റുമാർ വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കിയതോടെയാണ് വലിയ അപകടം ഒഴിവായത്.

സംഭവത്തിന് പിന്നാലെ സഹപൈലറ്റിനെ സൗദി അധികൃതർ അറസ്റ്റ് ചെയ്തു. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സംശയത്തിൽ എൻഐഎ ഒക്ടോബറിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. യുഎഇയിൽ നിന്നുള്ള രേഖകളും അന്വേഷണ വിവരങ്ങളും ലഭിക്കുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് ഏജൻസിയുടെ പ്രതീക്ഷ.

Tags:    
News Summary - NIA Seeks UAE Help in Flydubai Attack Probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.