റഷ്യൻ സ്വർണ ഇറക്കുമതി നിരോധിക്കുമെന്ന് ബൈഡൻ

എൽമൗ (ജർമനി): യു.എസ് അടക്കമുള്ള ജി7 രാജ്യങ്ങൾ റഷ്യയിൽ നിന്നുള്ള സ്വർണ ഇറക്കുമതി നിരോധിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ജി7 വാർഷിക ഉച്ചകോടിയുടെ ആരംഭത്തിൽ അറിയിച്ചു. യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിൽ കടുത്ത ഉപരോധങ്ങൾ നേരിടുന്ന റഷ്യയെ സാമ്പത്തികമായി കൂടുതൽ ഒറ്റപ്പെടുത്താൻ ഈ നടപടി സഹായിക്കുമെന്നാണ് ജി7 രാജ്യങ്ങളുടെ പ്രതീക്ഷ. ജർമനിയിലെ ബവേറിയൻ ആൽപ്സിൽ ഷ്ലോസ് എല്‍മൗയിൽ നടക്കുന്ന ജി7 വാർഷിക ഉച്ചകോടി ചൊവ്വാഴ്ച സമാപിക്കും മുമ്പ് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ട്.

റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്റെ പ്രത്യാഘാതങ്ങൾ തടയാൻ ലക്ഷ്യമിട്ട് ഊർജ വിതരണം സുരക്ഷിതമാക്കൽ, പണപ്പെരുപ്പം നേരിടൽ എന്നിവയാണ് ഉച്ചകോടിയിൽ ചർച്ചചെയ്യുക. ഉച്ചകോടി ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് റഷ്യ കിയവിനുനേരെ മിസൈൽ ആക്രമണം നടത്തിയത്. സംഘർഷം നാലാം മാസത്തിലേക്ക് കടക്കുമ്പോൾ യുക്രെയ്ന് പിന്തുണയുമായി ഐക്യ പ്രഖ്യാപനമാണ് യു.എസും സഖ്യകക്ഷികളും ലക്ഷ്യമിടുന്നത്. ജി സെവന് ആതിഥേയത്വം വഹിക്കുന്ന ജർമൻ ചാൻസലർ ഒലഫ് ഷോൾസുമായി ഉച്ചകോടിക്ക് മുമ്പുള്ള കൂടിക്കാഴ്ചയിലും ഐക്യമായിരുന്നു ചർച്ചാവിഷയം. ഒരുമിച്ച് നിൽക്കണം, കാരണം നാറ്റോയും ജി സെവനും എങ്ങനെയെങ്കിലും പിളരുമെന്ന് പുടിൻ ആദ്യം മുതൽ കരുതിയിരുന്നു, പക്ഷേ അങ്ങനെ ഉണ്ടായില്ലെന്ന് ബൈഡൻ പറഞ്ഞു.

ഊർജം കഴിഞ്ഞാൽ മോസ്‌കോയുടെ രണ്ടാമത്തെ വലിയ കയറ്റുമതിയാണ് സ്വർണമെന്നും അത് നിരോധിക്കുന്നത് റഷ്യയെ കൂടുതൽ സമ്മർദത്തിലാക്കുമെന്നും യു.എസ് സർക്കാറിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. സ്വർണ നിരോധനം റഷ്യൻ പ്രഭുക്കന്മാരെ നേരിട്ട് ബാധിക്കുന്നതിനാൽ പുടിന്റെ യുദ്ധസന്നാഹത്തിന് തിരിച്ചടിയാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.

അർഥശൂന്യമായ യുദ്ധത്തിൽ പുടിൻ ശോഷിച്ചു വരുന്ന വിഭവങ്ങൾ പാഴാക്കുകയാണെന്നും ജോൺസൺ പറഞ്ഞു. 2020ൽ 1900 കോടി ഡോളർ അഥവാ ആഗോള സ്വർണ കയറ്റുമതിയുടെ അഞ്ച് ശതമാനം റഷ്യയുടെ സംഭാവനയാണ്. റഷ്യൻ സ്വർണ കയറ്റുമതിയുടെ 90 ശതമാനവും ജി7 രാജ്യങ്ങളിലേക്കാണ്. ഇതിൽ 1700 കോടി ഡോളറിന്റെ കയറ്റുമതിയും യു.കെയിലേക്കാണ്. 2019ൽ റഷ്യയിൽ നിന്ന് 200 ദശലക്ഷം ഡോളറിൽ താഴെയും 2020ലും 2021ലും 10 ലക്ഷം ഡോളറിൽ താഴെയും സ്വർണമാണ് അമേരിക്ക ഇറക്കുമതി ചെയ്തത്.

Tags:    
News Summary - Joe Biden says Russia will ban gold imports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.