യു.എസ് കാനഡ അതിർത്തിയിൽ തണുപ്പേറ്റ് മരിച്ച ജഗദീഷ് കുമാർ പട്ടേലും ഭാര്യ വൈശാലി ബെന്നും കുട്ടികളും
ന്യൂയോർക്ക്/ടൊറന്റോ: യു.എസ്-കാനഡ അതിർത്തിയിൽ മനുഷ്യക്കടത്തിനിരയായി മഞ്ഞിൽ തണുത്തുറഞ്ഞ് മരിച്ച നാലംഗ ഗുജറാത്തി കുടുംബത്തെ തിരിച്ചറിഞ്ഞു. ജഗദീഷ് ബൽദേവ് ഭായ് പട്ടേൽ (39), ഭാര്യ വൈശാലി ബെൻ ജഗദീഷ് കുമാർ പട്ടേൽ (37) മക്കളായ വിഹാംഗി ജഗദീഷ് കുമാർ പട്ടേൽ (11), ധാർമിക് ജഗദീഷ് കുമാർ പട്ടേൽ (3) എന്നിവരാണ് ദാരുണമായി മരിച്ചത്.
കാനഡയിൽനിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ച കുടുംബമാണ് ദുരന്തം നേരിട്ടത്.
ഈ മാസം 19നാണ് ഇവരെ യു.എസ്-കാനഡ അതിർത്തിയിൽനിന്ന് 12 മീറ്റർ മാറി എമേഴ്സൺ മാനിറ്റോബ എന്ന സ്ഥലത്ത് കൊടും തണുപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി 26ന് പോസ്റ്റ്മോർട്ടം പൂർത്തീകരിച്ചു. മോശം കാലാവസ്ഥയാണ് കുടുംബാംഗങ്ങളുടെ മരണകാരണമെന്ന് മാനിറ്റോബയിലെ ചീഫ് മെഡിക്കൽ ഓഫിസർ അറിയിച്ചതായി കാനഡ പൊലീസ് പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളെ വിവരമറിയിച്ചതായി കാനഡ ഓട്ടവയിലെ ഹൈകമീഷൻ ഓഫിസ് അറിയിച്ചു.
നാട്ടിലെ കുടുംബാംഗങ്ങൾക്കാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തുവരുന്നതായി ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫിസും അറിയിച്ചു. ഈ മാസം 12ന് ടൊറന്റോയിലെത്തിയ കുടുംബം ജനുവരി 18ഓടെയാണ് യു.എസ് അതിർത്തിയിലേക്ക് പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർ മരിച്ച സ്ഥലത്തിനടുത്ത് ഉപേക്ഷിക്കപ്പെട്ട വാഹനമൊന്നും കണ്ടെത്തിയിട്ടില്ലെന്നും ആരോ ഇവരെ ഇവിടെ കൊണ്ടുവന്ന് വിടുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.