തെൽഅവീവ്: മരിച്ചുവെന്ന് കരുതിയിരുന്ന ഒമ്പതു വയസുകാരിയെ ജീവനോടെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഇസ്രായേലിലെ ഐറിഷ് കുടുംബം. ശനിയാഴ്ച ഗസ്സയിൽ നിന്ന് ഹമാസ് മോചിപ്പിച്ച 17ബന്ദികളുടെ കൂട്ടത്തിൽ ഒമ്പതു വയസുള്ള എമിലി ഹാൻഡുമുണ്ടായിരുന്നു.
നാലുദിവസത്തെ താൽകാലിക വെടിനിർത്തലിന്റെ രണ്ടാംദിവസമാണ് എമിലി മോചിതയായത്. മൂന്ന് മുതൽ 16 വയസുവരെയുള്ള ഏഴുപേരുടെ കൂട്ടത്തിലായിരുന്നു എമിലി ഉണ്ടായിരുന്നത്. 18 മുതൽ 67 വയസുവരെയുള്ള സ്ത്രീകളും ഹമാസ് വിട്ടയച്ച രണ്ടാമത്തെ ബാച്ചിലുണ്ടായിരുന്നു.
എമിലിയെ ഹമാസ് കൊലപ്പെടുത്തിയെന്നാണ് നേരത്തേ കരുതിയിരുന്നത്. ഗസ്സയിൽ 50 ദിവസമായി ഹമാസിന്റെ തടവിലായിരുന്നു ഈ പെൺകുട്ടി. ഹമാസിന്റെ തടവിൽ വെച്ചായിരുന്നു അവളുടെ ഒമ്പതാം ജൻമദിനം.
മകളുടെ ജൻമദിനം പോലും ആഘോഷിക്കാൻ കഴിയാൻ സാധിച്ചില്ലല്ലോ എന്നായിരുന്നു പിതാവ് തോമസ് ഹാൻഡിന്റെ സങ്കടം. ഒക്ടോബർ ഏഴിന് ഹമാസിന്റെ മിന്നലാക്രമണം നടക്കുമ്പോൾ ഇസ്രായേലിലെ കിബ്ബട്സ് ബീറിയിൽ സുഹൃത്തിന്റെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു എമിലി. അടുത്തിടെയാണ് ഐറിഷ് പൗരനായ അവളുടെ പിതാവ് ഇസ്രായേലിലേക്ക് താമസം മാറിയത്. ആക്രമണത്തിൽ എമിലി മരിച്ചുവെന്നാണ് കുടുംബം കരുതിയത്.
കൊല്ലപ്പെട്ടതിനാൽ ഹമാസ് ബന്ദിയാക്കിയവരുടെ കൂട്ടത്തിൽ എമിലി ഇല്ലെന്ന ആശ്വാസവും നേരത്തേ പിതാവ് പങ്കുവെച്ചിരുന്നു. എന്നാൽ അവർ താമസിച്ചിരുന്ന കിബ്ബട്സ് ബീറിയിൽ നിന്ന് എമിലിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ സാധിക്കാത്തതിനാൽ ആ പെൺകുട്ടി മരിച്ചിട്ടില്ലെന്ന് പിന്നീട് ഇസ്രായേൽ അധികൃതർ തോമസ് ഹാൻഡിനെ അറിയിച്ചു. തുടർന്ന് വലിയ പ്രതീക്ഷയിലായിരുന്നു അദ്ദേഹം. കുട്ടിയെ തിരിച്ചുകിട്ടിയപ്പോൾ അനുഭവിക്കുന്ന സന്തോഷം വിവരിക്കാൻ വാക്കുകളില്ലെന്ന് എമിലിയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് ബന്ദികൾ കൂടി സുരക്ഷിതമായി തിരിച്ചെത്താൻ കാത്തിരിക്കുകയാണെന്നും തോമസ് പറഞ്ഞു.
ബന്ദിമോചന കരാറിന്റെ രണ്ടാംഘട്ടത്തിൽ 17 പേരെയാണ് ഹമാസ് ഇന്ന് ഇസ്രായേലിനു കൈമാറിയത്. ഇതിൽ 13 പേർ ഇസ്രായേലികളും നാലുപേർ തായ്‌ലൻഡ് പൗരന്മാന്മാരുമാണ്. കെറെം ഷാലോം വഴിയാണ് ഇവർ ഇസ്രായേൽ അതിർത്തിയിലേക്കു കടന്നത്. സൈനിക വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ ഇവിടെനിന്ന് കൊണ്ടുപോയ ശേഷം സൊറോക, ഷെബ, അസ്സാഫ് ഹറോഫെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇവരെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.